സ്ത്രീധനം നിയമപരമായി തെറ്റാണെങ്കിലും സ്വര്‍ണവും പണവും കാറും വീടും സ്ഥലവുമെല്ലാം പെണ്മക്കള്ക്കു വിവാഹസമ്മാനമായി കൊടുക്കുന്നവരാണു മാതാപിതാക്കൾ. വരൻ കണക്കുപറഞ്ഞ് സ്വത്തു വാങ്ങുന്നതു കുറ്റകരമാക്കിയപ്പോൾ “സ്ത്രീധനം’ എന്നതിന്റെ പേര് “വിവാഹസമ്മാനം’ എന്നാക്കി മാറ്റി.
ഏറെ പ്രതീക്ഷകളുമായി വരന്റെ വീട്ടിലെത്തുന്ന പല പെൺകുട്ടികളും സ്ത്രീധനം മൂലം അനുഭവിക്കുന്നത് “ആടുജീവിതം’ ആണ്. അതേസമയം, മധ്യപ്രദേശിലെ ഗൗരിയ വിഭാഗക്കാരുടെ ഇടയിലെ വിവാഹസമ്മാനത്തെക്കുറിച്ച് അറിഞ്ഞാൽ ആരായാലും അമ്പരന്നുപോകും. ഇവർ പെണ്മക്കള്ക്കു സ്ത്രീധനമായി സ്വര്‍ണമോ പണമോ നല്‍കാറില്ല. പകരം നൽകുന്നത് ഉഗ്രവിഷമുള്ള പാമ്പുകൾ..! അതും 21 എണ്ണം.
വിവാഹദിവസം വധുവിന്റെ പിതാവാണു വിചിത്രസമ്മാനം വരനു കൈമാറാറുളളത്. ഭർതൃഗൃഹത്തിലേക്കു പുറപ്പെടുമ്പോൾ നവവധു നാഗങ്ങളെയും കൊണ്ടുപോകണം. ഗൗരിയക്കാരെ സംബന്ധിച്ച് വിവാഹം ജീവിതത്തിലെ പവിത്രമായ ചടങ്ങാണിത്.
വധുവിനു പിതാവ് പാമ്പുകളെ സമ്മാനിച്ചില്ലെങ്കില്‍ ദാമ്പത്യം സുഖകരമാകില്ലെന്നും ഭാവി ഇരുളടഞ്ഞുപോകുമെന്നുമാണ് ഇവരുടെ വിശ്വാസം. ഗൗരിയ വിഭാഗത്തിന്റെ കുലത്തൊഴില്‍ പാമ്പുപിടിത്തമാണ്. മകളുടെ വിവാഹമുറപ്പിക്കുന്ന ദിവസം മുതല്‍ പിതാവ് പാമ്പുപിടിത്തം ആരംഭിക്കും. പെട്ടിയില്‍ സൂക്ഷിക്കുന്ന പാമ്പുകള്‍ ഏതെങ്കിലും സാഹചര്യത്തില്‍ നഷ്ടപ്പെട്ടാലോ അല്ലെങ്കില്‍ ചത്തുപോയാലോ അപശകുനമായാണു ഗൗരിയക്കാർ കാണുന്നത്.