സ്വന്തം ലേഖകൻ
തൃശൂർ: വീടിനുള്ളിൽ മൂർഖൻ പാന്പ്, വാട്ടർ ടാങ്കിൽ കടവവ്വാൽ… ഉടമസ്ഥർ ശ്രദ്ധിക്കാതെ കാടുകയറിക്കിടക്കുന്ന രണ്ടു പറന്പുകൾമൂലം പൊറുതിമുട്ടിയിരിക്കുകയാണ് ചേലക്കോട്ടുകര സെന്ററിൽ താമസിക്കുന്ന കുടുംബങ്ങൾ.
ഇവിടെ രണ്ടു പറന്പുകളാണ് ഉടമസ്ഥർ ശ്രദ്ധിക്കാനില്ലാതെ കാടുകയറിക്കിടക്കുന്നത്.
മതിൽ ഇടിഞ്ഞനിലയിൽ റോഡരികിലുള്ള പറന്പ്, വാഹനത്തിലെത്തി മാലിന്യങ്ങൾ തള്ളാനുള്ള ഇടമാണെങ്കിൽ, മറ്റൊരു പറന്പിലെ മരങ്ങളിൽ ആയിരക്കണക്കിനു വവ്വാലുകൾ കൂടുകൂട്ടിയിരിക്കുകയാണ്.
മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുന്നതിനാൽ തെരുവുനായ്ക്കളുടെയും വിഷപ്പാന്പുകളുടെയും താവളമായിരിക്കുകയാണ് ഒരു പറന്പ്. തൊട്ടടുത്തുള്ള വീടുകളിൽനിന്ന് വിഷപ്പാന്പുകളെ പിടികൂടുന്നതു പതിവായിരിക്കുകയാണ്.
ഒരു വീട്ടിൽനിന്നു തന്നെ രണ്ടു പാന്പുകളെ പിടികൂടുന്ന സ്ഥിതിപോലും ഉണ്ടായി. പ്രദേശത്തെ ആറോളം വീടുകളിൽ നിന്ന് ഇതുവരെ പാന്പുകളെ പിടികൂടിയതായി നാട്ടുകാർ പറഞ്ഞു.
കുട്ടനെല്ലൂർ-തൃശൂർ റോഡിനു സമാന്തരമായാണ് ഈ പറന്പുകൾ. അടുത്തിടെ പെരുന്പാന്പ് റോഡിനു കുറുകെ കിടന്നതോടെ ഇവിടെ ഗതാഗതം തടസപ്പെട്ടിരുന്നു.
രാത്രിയാത്രക്കാർ തെരുവുനായ്ക്കളെ ഇടിച്ച് അപകടമുണ്ടാകുന്നതും ഇവിടെ പതിവാണ്. ഈ പറന്പിൽനിന്നുള്ള മാലിന്യങ്ങൾ മഴയത്ത് ഒഴുകിയെത്തി കിണറുകൾ മലിനമാകുന്നുമുണ്ട്.
ചേലക്കോട്ടുകര സെന്ററിലും പരിസരത്തുമുള്ള 150 ഓളം കുടുംബങ്ങൾക്കും തോട്ടത്തി അങ്ങാടി, കരിപ്പായി ലൈൻ എന്നിവിടങ്ങളിലെ വീടുകളിലുള്ളവർക്കാണ് വവ്വാലുകളെക്കൊണ്ട് ഏറെയും ശല്യമുണ്ടായിരിക്കുന്നത്.
ആറോളം മരങ്ങളിലായി ആയിരക്കണക്കിനു വവ്വാലുകൾ കൂടുകൂട്ടിയിരിക്കുന്നു. രാവിലെ ഇവയുടെ ബഹളം കേട്ടാണ് എല്ലാവരും ഉണരുന്നത്.
പകൽ ഇവ മരങ്ങളിൽ തൂങ്ങിക്കിടക്കുന്നതു കാണാം. രാത്രിയാവുന്നതുവരെ ഈ വവ്വാലുകൾ ഇരതേടി പരിസരത്തെല്ലാം പറന്നുനടക്കും.
വീടുകൾക്കു മുകളിലൂടെ പറക്കുന്ന ഇവ വാട്ടർ ടാങ്കുകളിലും കിണറുകളിലുമെല്ലാം ചത്തനിലയിൽ കണ്ടെത്തുന്നതും സാധാരണമാണ്.
നിപ്പ വൈറസ് വീണ്ടും കേരളത്തിൽ റിപ്പോർട്ട് ചെയ്തതോടെ കൂടുതൽ ഭീതിയിലായിരിക്കുകയാണ് നാട്ടുകാർ.
സ്ഥലമുടമകളെ ഫോണിൽ വിളിച്ച് പറന്പുകൾ വൃത്തിയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അനുഭാവപൂർവമായുള്ള മറുപടിയല്ല ലഭിച്ചതെന്നു സ്ഥലം കൗണ്സിലർ മേഴ്സി അജി പറയുന്നു.