തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സനൽകുമാർ വാഹനമിടിച്ച് മരിച്ച കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാർ ഇന്ന് കീഴടങ്ങിയേക്കുമെന്ന് സൂചന. ഡിവൈഎസ്പി കൊല്ലത്തെ കോടതിയിൽ കീഴടങ്ങാൻ ശ്രമിച്ചേക്കുമെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന സൂചന.
അതേസമയം സംഭവശേഷം ഒളിവിൽ പോയ ഡിവൈഎസ്പി ഹരികുമാറിനെ ഇതുവരെ പിടികൂടാത്തതിൽ നെയ്യാറ്റിൻകരയിൽ ശക്തമായ പ്രതിഷേധം തുടരുകയാണ്. ആദ്യം ലോക്കൽ പോലീസ് അന്വേഷിച്ച കേസ് നിലവിൽ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്.
ഹരികുമാർ തമിഴ്നാട്ടിലേക്ക് കടന്നതായാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന വിവരം. ഇതിന്റെ പശ്ചാത്തലത്തിൽ ക്രൈംബ്രാഞ്ച് തമിഴ്നാട്ടിൽ അന്വേഷണങ്ങൾ നടത്തിയിരുന്നു. ഹരികുമാര് സനലിന്റെ മരണവിവരം അറിഞ്ഞ ശേഷമാണ് ഒളിവിൽ പോയത്.
പോലീസ് നീക്കങ്ങള് ഹരികുമാർ കൃത്യമായി അറിഞ്ഞിരുന്നുവെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിക്കുന്ന വിവരം. തിങ്കളാഴ്ച രാത്രി വാക്കുതർക്കത്തിനിടെ ഡിവൈഎസ്പി പിടിച്ചു തള്ളിയതിനെ തുടർന്നാണ് സനൽ വാഹനമിടിച്ച് മരിച്ചത്.
ഡിവൈഎസ്പിയെ തേടി രണ്ടു സംഘങ്ങൾ
തിരുവനന്തപുരം: നെയ്യാറ്റിൻകര കൊടങ്ങാവിളയിൽ യുവാവിനെ കാറിനു മുന്നിൽ തള്ളിയിട്ടു കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയായ മുൻ ഡിവൈഎസ്പി ബി. ഹരികുമാർ ക്വാറി മാഫിയയുടെ സംരക്ഷണയിൽ തമിഴ്നാട്ടിൽ ഒളിവിലാണെന്നു ക്രൈംബ്രാഞ്ചിനു വിവരം. ഹരികുമാറിനെ കണ്ടെത്തുന്നതിനായി ക്രൈംബ്രാഞ്ചിന്റെ രണ്ട് സംഘങ്ങൾ തമിഴ്നാട്ടിൽ തെരച്ചിൽ നടത്തുകയാണ്. ക്വാറി മാഫിയയുടെ സിംകാർഡുകളുപയോഗിച്ച് ഹരികുമാർ ചില പോലീസ് ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതാക്കളെയും ബന്ധുക്കളെയും വിളിക്കുന്നതായും കണ്ടെത്തി.
ക്രൈംബ്രാഞ്ച് എസ്പി കെ.എം. ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
ദൃക്സാക്ഷികളിൽനിന്നും പ്രദേശത്തെ കടക്കാരിൽനിന്നും മൊഴിയെടുത്തു. കൊല്ലപ്പെട്ട സനലിന്റെ അമ്മ രമണി, ഭാര്യ വിജി എന്നിവരുടെ മൊഴി രേഖപ്പെടുത്തി. സനലിന്റെ വീട്ടിലും സംഭവസ്ഥലത്തും ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയില്ലെന്ന് നാട്ടുകാരുടെ പരാതിയുണ്ടായതിനെത്തുടർന്നാണ് ഇന്നലെ വൈകുന്നേരം ക്രൈംബ്രാഞ്ച് സംഘമെത്തിയത്.
ഡിവൈഎസ്പിയുടെ നെയ്യാറ്റിൻകരയിലെ വാടകവീടുകളിലും കല്ലറയിലെ കുടുംബവീട്ടിലും സഹോദരന്റെ വീട്ടിലും ക്രൈംബ്രാഞ്ച് ഇന്നലെ പരിശോധന നടത്തി. കൊടങ്ങാവിളയിലെ സുഹൃത്ത് ബിനുവിന്റെ വീട്ടിൽനിന്ന് ഇറങ്ങിവന്നപ്പോഴാണ് ഡിവൈഎസ്പി കാർപാർക്കിംഗിനെച്ചൊല്ലി സനലുമായി ഇടഞ്ഞത്. ബിനുവിന്റെ ഭാര്യയും മക്കളും ഡിവൈഎസ്പിയുടെ ഭാര്യക്കൊപ്പം തറവാട്ടു വീട്ടിലുണ്ടെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു. സഹോദരന്റെ വീട്ടിലും ക്രൈംബ്രാഞ്ച് പരിശോധന നടത്തി. ഡിവൈഎസ്പി ഫോണിൽ വിളിച്ചിരുന്നോ പണം ആവശ്യപ്പെട്ടോ തുടങ്ങിയ വിവരങ്ങൾ ആരാഞ്ഞു. ബിനുവിന്റെ വീട്ടിലും ക്രൈംബ്രാഞ്ച് പരിശോധന നടത്തി. ഇയാളുടെ വീടിനു മുന്നിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു.
അതിനിടെ, ഡിവൈഎസ്പിയുടെ സർവീസ് റിവോൾവർ ഇന്നലെ ഓഫീസിൽനിന്നു പിടിച്ചെടുത്തെന്ന പോലീസ് വാദം സംശയത്തിനിടയാക്കിയിട്ടുണ്ട്. സർവീസ് റിവോൾവറുമായി അധികാരപരിധിക്കപ്പുറം പോകാൻ പാടില്ലെന്നാണു ചട്ടം. ഇതു ലംഘിക്കപ്പെട്ടാൽ വകുപ്പുതല അന്വേഷണത്തിനും ക്രിമിനൽ കേസിനും സാധ്യതയുള്ളതിനാൽ ഒളിവിലുള്ള ഡിവൈഎസ്പി ദൂതൻമാർ മുഖേനെ സർവീസ് റിവോൾവർ ഓഫീസിൽ എത്തിച്ചതായാണു സ്പെഷൽബ്രാഞ്ച് സംശയിക്കുന്നത്.
നെയ്യാറ്റിൻകര എസ്ഐ തന്നെ കള്ളക്കേസിൽ കുടുക്കിയതാണെന്നു കാണിച്ചു ഡിവൈഎസ്പി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി 14നാണ് പരിഗണിക്കുന്നത്. ക്രിമിനൽ കേസിലെ പ്രതിയായ ഡിവൈഎസ്പിയുടെ ജാമ്യാപേക്ഷയെ എതിർത്ത് റിപ്പോർട്ട് നൽകുന്നതു ക്രൈംബ്രാഞ്ച് വൈകിപ്പിച്ചു. കേസ് ഡയറിയും ഇതുവരെയുള്ള അന്വേഷണത്തിന്റെ വിവരങ്ങളും സഹിതമാണ് ഡിവൈഎസ്പിയുടെ ജാമ്യഹർജിയെ എതിർത്ത് റിപ്പോർട്ട് നൽകേണ്ടത്.
സൈബർസെല്ലിന്റെ പരിശോധനയിലും ഡിവൈഎസ്പിയുടെ ഫോണുകളുടെ ലൊക്കേഷൻ കണ്ടെത്താനായിട്ടില്ല. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുഗതൻ, സിഐ എ.എ. ജയമോഹൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.