സ്വന്തം ലേഖകന്‍
കോഴിക്കോട്: സ്വകാര്യ മാളില്‍ പരിപാടിക്കെത്തിയ യുവനടിമാര്ക്കെതിരേ ലൈംഗികാതിക്രമമുണ്ടായ സംഭവത്തില്‍ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു.
ഇന്നലെ രാവിലെ, സംഭവം നടന്ന ഹൈലൈറ്റ് മാളില്‍ എത്തിയാണു പോലീസ് ദൃശ്യങ്ങള്‍ ശേഖരിച്ചത്.
സംഭവത്തില്‍ നടിമാരുടെ മൊഴി എടുത്തശേഷം തുടര്‍നടപടികളിലേക്കു കടക്കും. അക്രമത്തിനിരയായ നടിയില്‍ ഒരാള്‍ എറണാകുളത്തും മറ്റൊരാള്‍ കണ്ണൂരിലുമാണ് ഉള്ളതെന്നും തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.
മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് എടുക്കുമെന്ന് കോഴിക്കോട് ഡിസിപി ഡോ. എ. ശ്രീനിവാസ് അറിയിച്ചു.
ഫറോക്ക് എസിപിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം തുടങ്ങിയെന്നും ഡിസിപി വ്യക്തമാക്കി. നിര്‍മാതാക്കളില്‍നിന്ന് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലാണു പോലീസ് നടപടി.
സിസി ടിവി ദൃശ്യങ്ങടങ്ങിയ ഹാർഡ് ഡിസ്കും ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കും.
റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ‘സാറ്റര്‍ഡേ നൈറ്റ്സ്’ എന്ന സിനിമയുടെ പ്രമോഷന് പരിപാടിക്കായി എത്തിയ യുവനടിമാരടങ്ങിയസംഘം ഹൈലൈറ്റ് മാളില്‍ നിന്നും പരിപാടി കഴിഞ്ഞ് ചൊവ്വാഴ്ച രാത്രി മടങ്ങാന്‍ ശ്രമിക്കവേ മാളിനുള്ളില്‍ വച്ചാണ് അതിക്രമം നടന്നത്.
ആള്‍ക്കൂട്ടത്തിനിടയിൽ വച്ച് നടിയെ അക്രമി കയറിപ്പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടർന്ന് നടി അക്രമിയുടെ ചെകിട്ടത്ത് അടിച്ചു.
കൂടുതല്‍ പേര് ലൈംഗികച്ചുവയോടെ നടിക്കെതിരേ എത്തിയതോടെ ഒപ്പമുണ്ടായിരുന്നുവര്‍ നടിയെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റി.
അതിക്രമത്തിന് ഇരയായ നടിമാരില്‍ മറ്റൊരു നടി സമൂഹമാധ്യമത്തില്‍ ദുരനുഭവം പങ്കുവച്ചതോടെയാണ് വിഷയം പുറത്തറിഞ്ഞത്.
സിറ്റിപോലീസ് കമ്മീഷണര്‍ക്കും പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിലും സിനിമയുടെ നിര്‍മാതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.
ഇടപെട്ട് വനിതാ കമ്മീഷന്
കോഴിക്കോട്: കോഴിക്കോട് ഹൈലൈറ്റ് മാളില്‍ സിനിമാ നടികളെ അക്രമിച്ച സംഭവത്തില്‍ പോലീസ് അടിയന്തരമായി ഇടപെടണമെന്ന് വനിതാകമ്മീഷന് അധ്യക്ഷ പി.സതീദേവി ആവശ്യപ്പെട്ടു .
ആള്‍ക്കൂട്ടത്തിനിടയില്‍ സ്ത്രീകളെ ആക്രമിക്കുന്ന സംഭവങ്ങള്‍ തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നതു കേരളീയസമൂഹം വളരെ കരുതലോടെ കാണേണ്ടതാണ്.
ഇത്തരം പരിപാടികളില്‍ പങ്കെടുക്കുന്ന ആളുകള്‍ക്കു സംരക്ഷണം കൊടുക്കുന്നതിന് ആവശ്യമായിട്ടുള്ള നടപടികള്‍ സംഘാടകരുടെ ഭാഗത്തുനിന്നുണ്ടാവേണ്ടതായിട്ടുണ്ട്.
സംഭവത്തില്‍ പോലീസ് അടിയന്തരമായി ഇടപെട്ട് കുറ്റവാളികള്‍ക്കെതിരേ കര്‍ശനവ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് നിയമനടപടികള്‍ സ്വീകരിക്കണമെന്നു കമ്മീഷന് ആവശ്യപ്പെട്ടു.