കൽപ്പറ്റ: വനത്തിൽ വച്ച് പാന്പുകടിയേറ്റ ആദിവാസി ബാലൻ ഡോക്ടർമാരുടെ സമയോചിത ഇടപെടൽ മൂലം തിരികെ ജീവിതത്തിലേക്ക്. പുൽപ്പള്ളി മരക്കടവ് കോളനിയിലെ 13 കാരനാണ് മേപ്പാടി ഡിഎം വിംസ് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നത്.
ബുധനാഴ്ച ഉച്ചയോടെ വനത്തിൽ വച്ച് പാന്പുകടിയേറ്റ കുട്ടി ഏകദേശം നാൽപത്തിയഞ്ച് മിനിറ്റിനുള്ളിൽ വീട്ടിൽ തിരിച്ചെത്തിയ ശേഷം കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻതന്നെ സമീപവാസികൾ പത്ത് കിലോമീറ്റർ അകലെയുള്ള പുൽപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു.
1.15 ഓടെ ആശുപത്രിയിലെത്തിച്ച കുട്ടിയുടെ ആരോഗ്യനില വഷളാണെന്നു തിരിച്ചറിഞ്ഞ അനസ്തെറ്റിസ്റ്റ് ഡോ. ഫാത്തിമ തസ്നീം ഇൻട്യുബേഷൻ (വായിലൂടെ ട്യൂബിട്ട് ഓക്സിജൻ നൽകൽ) ആരംഭിച്ചു.
അസിസ്റ്റന്റ് സർജൻ ഡോ. അതുൽ, ഡോ. ലിജി വർഗീസ് എന്നിവരും ആരോഗ്യനില വിശകലനം ചെയ്ത് കൂടെയുണ്ടായിരുന്നു. ഈ സമയം രക്തത്തിലെ ഓക്സിജന്റെ അളവ് 76 ആയി കുറഞ്ഞിരുന്നു.
1.30 ഓടെ ഇൻട്യുബേഷൻ തുടർന്നുകൊണ്ടുതന്നെ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വഴിമധ്യേ കുട്ടിയുടെ രക്തസമ്മർദ്ദം കുറഞ്ഞുവരുന്നതു ശ്രദ്ധയിൽപ്പെട്ട ഡോക്ടർമാർ അവസരോചിതമായി ഇടപെട്ട് സാധാരണ നിലയിലെത്തിച്ചു.
ഈ സമയങ്ങളിലൊക്കെ കളക്ടറേറ്റിലെ ഡിപിഎംഎസ്എസ്യു കണ്ട്രോൾ സെല്ലിൽ നിന്ന് ഡോ. നിത വിജയൻ ആവശ്യമായ നിർദേശങ്ങൾ നൽകിക്കൊണ്ടിരുന്നു.
ബത്തേരി ടിഡിഒ സി. ഇസ്മായിലും സജീവമായി ഇടപെട്ടു. നേരത്തേ അറിയിച്ചതു പ്രകാരം ബത്തേരി താലൂക്ക് ആശുപത്രിയിൽ ഡോ. കർണൻ, ഡോ. സുരാജ്, ഡോ. ജസീർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ആവശ്യമായ സജീകരണങ്ങളൊരുക്കി കാത്തിരുന്നു.
അത്യാഹിത വിഭാഗത്തിലെത്തിച്ച കുട്ടിയെ ഉടൻതന്നെ ഐസിയു വെന്റിലേറ്ററിലേക്ക് മാറ്റി. ആന്റിവെനം നൽകി ആറ് മണിക്കൂർ നിരീക്ഷണത്തിലാക്കി.
ആരോഗ്യനിലയിൽ നേരിയ പുരോഗതി കണ്ടതിനെ തുടർന്ന് ഐസിയു ആംബുലൻസിൽ വെന്റിലേറ്റർ സഹായത്തോടുകൂടി മേപ്പാടി വിംസ് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
ഇവിടെ ഡോ. ദാമോദരൻ, ഡോ. അന്ന, ഡോ. വാസിഫ്, ഡോ. ആഷിഖ് എന്നിവരുടെ നേതൃത്വത്തിലാണ് ചികിത്സ.
അപകടനില തരണം ചെയ്തിട്ടില്ലെങ്കിലും ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നു ഡോക്ടർമാർ അറിയിച്ചു.
ഡിഎംഒ ഡോ.ആർ. രേണുക, ഡിപിഎം ഡോ.ബി. അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ആവശ്യമായ നിർദ്ദേശങ്ങൾ നൽകി കുട്ടിയുടെ ആരോഗ്യാവസ്ഥ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്.
നാഡീവ്യൂഹത്തെ ബാധിച്ചതിനാൽ മൂർഖൻ പാന്പാണ് കുട്ടിയെ കടിച്ചതെന്നാണ് നിഗമനം.