അന്പലപ്പുഴ: ശാഖാ സെക്രട്ടറി തൂങ്ങി മരിച്ച സംഭവത്തിൽ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ പലരും കുടുങ്ങും. എസ്എൻഡിപി യോഗം പുറക്കാട് 796-ാം നന്പർ ശാഖാ സെക്രട്ടറി പുറക്കാട് കൊച്ചീ പറന്പിൽ സി. രാജുവാണ് ബുധനാഴ്ച രാത്രി 11ന് ശാഖാ ഹാളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
മരിച്ച രാജുവിന്റെ സഹോദരൻ രാജീവൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്പലപ്പുഴ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.ശാഖയിലെ വിമത വിഭാഗവും കമ്മിറ്റി അംഗങ്ങളിൽ ചിലരും രാജുവിനെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായി പരാതിയിൽ പറയുന്നു.
ഇതാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് രാജീവൻ നൽകിയ പരാതിയിൽ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്. രാജുവിന്റെ മൃതദേഹത്തിനരികിൽ നിന്നും കിട്ടിയ മൂന്നു പേജുള്ള ആത്മഹത്യാക്കുറിപ്പിലെ ഒരു പേജിലെ കൈയ്യക്ഷരം രാജുവിന്റേതല്ലെന്ന് സംശയിക്കുന്നതായും പരാതിയിൽ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ള പലരെയും പോലീസ് ചോദ്യം ചെയ്യും. കഴിഞ്ഞ മാസം നടന്ന പൊതുയോഗത്തിൽ രാജുവിനെതിരേ ചില വിമത അംഗങ്ങൾ സാന്പത്തിക ആരോപണങ്ങൾ ഉന്നയിച്ച് ബഹളം വെച്ചിരുന്നു.
തുടർന്ന് സമൂഹമാധ്യമങ്ങളിലൂടെ പേരു വെളിപ്പെടുത്താതെ അധിക്ഷേപിച്ചുള്ള കുറിപ്പുകളും നോട്ടീസുകളും വിതരണം ചെയ്തിരുന്നു. ഇതെല്ലാം അടുത്തിടയിൽ രാജുവിനെ മാനസികമായി തളർത്തിയിരുന്നു.
സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച കുറിപ്പുകളുടെ ഉറവിടം പോലീസ് അന്വക്ഷിക്കും. സംഭവം രൂക്ഷമായതോടെ വിമതരിൽ പലരും കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ്.
വ്യാപാരികൾ അനുശോചിച്ചു
വ്യാപാരി വ്യവസായി ഏകോപന സമിതി പുറക്കാട് യൂണിറ്റ് ട്രഷറർ കൂടിയായ എസ്എൻഡിപി ശാഖാ സെക്രട്ടറി രാജുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടു വരണമെന്ന് യൂണിറ്റ് യോഗം ആവശ്യപ്പെട്ടു. ഇദ്ദേഹത്തിന്റെ മരണത്തിൽ യോഗം അനുശോചിച്ചു.