ആലപ്പുഴ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ സമുദായ സ്നേഹിയായ സ്ഥാനാർഥിക്ക് വോട്ട് ചെയ്യാൻ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആഹ്വാനം ചെയ്തു. ആലപ്പുഴയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് എസ്എൻഡിപിയുടെ നിലപാട് വെള്ളാപ്പള്ളി പ്രഖ്യാപിച്ചത്.
സമുദായ സ്നേഹികളായ സ്ഥാനാർഥികൾ ആരാണെന്ന് എസ്എൻഡിപി യോഗത്തിലുള്ളവർക്ക് നന്നായി അറിയാം. ഇതിനുള്ള വ്യക്തമായ നിർദ്ദേശം എസ്എൻഡിപി അംഗങ്ങൾക്ക് നൽകി കഴിഞ്ഞു. നാൽപ്പതിനായിരത്തിലേറെ വോട്ടുകളുള്ള പിന്നോക്ക വിഭാഗമാകും ചെങ്ങന്നൂരിൽ ആര് ജയിക്കണമെന്ന് തീരുമാനിക്കുക എന്നും വെള്ളാപ്പള്ളി അവകാശപ്പെട്ടു.
മനസാക്ഷി വോട്ടിനാണോ ആഹ്വാനം എന്ന് ആവർത്തിച്ചുള്ള ചോദ്യത്തിന്, സമുദായ സ്നേഹികൾക്കാണ് വോട്ടെന്ന മറുപടിയാണ് വെള്ളാപ്പള്ളി നൽകിയത്. ആരുടെയും പേരെടുത്ത് പിന്തുണ പ്രഖ്യാപിക്കാനും അദ്ദേഹം തയാറായില്ല.
ചെങ്ങന്നൂരിൽ സജി ചെറിയാന് മുൻതൂക്കമുണ്ടെന്ന മുൻ പ്രസ്താവനയും അദ്ദേഹം തള്ളി. ഇപ്പോൾ മൂന്ന് സ്ഥാനാർഥികളും ഒപ്പത്തിനൊപ്പമാണ് പ്രചാരണം നടത്തുന്നതെന്നും ജനം ആരെയാണ് വിജയിപ്പിക്കേണ്ടതെന്ന് തീരുമാനിച്ചു കഴിഞ്ഞുവെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
സജി ചെറിയാനാണ് മുൻതൂക്കമെന്ന് താൻ മുൻപ് പറഞ്ഞിട്ടില്ല. അത് മാധ്യമങ്ങളുടെ വ്യാഖ്യാനമായിരുന്നു. പ്രചരണത്തിൽ ഇടത് സ്ഥാനാർഥിക്ക് മുൻതൂക്കമെന്നാണ് താൻ ഉദ്ദേശിച്ചതെന്നും ഇപ്പോൾ മൂന്ന് മുന്നണികളും ശക്തമായ സാന്നിധ്യമായി ത്രികോണ മത്സരത്തിന് കളമൊരിങ്ങിയെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.