മട്ടന്നൂർ: അവശനിലയിൽ കടവരാന്തയിൽ കിടക്കുകയായിരുന്ന വയോധികനെ സന്നദ്ധ പ്രവർത്തകർ ചേർന്നു സ്നേഹഭവനിലേക്ക് മാറ്റി. മട്ടന്നൂർ വായാന്തോട് കടവരാന്തയിൽ കിടക്കുകയായിരുന്ന തലശേരി സ്വദേശിയായ 80കാരനായ അബൂബക്കറിനെയാണ് തളിപ്പറമ്പ് പെരുവണ്ണ അൽമക്കർ സ്നേഹഭവനിലേക്ക് മാറ്റിയത്. രണ്ടു വർഷത്തോളമായി വായാന്തോട് പ്രദേശത്ത് കഴിഞ്ഞു വന്നിരുന്ന അബൂബക്കർ കടവരാന്തകളിലായിരുന്നു ഉറങ്ങിയിരുന്നത്.
വായാന്തോട് മുസ്ലിം പള്ളി ജോ. സെക്രട്ടറി പി.പി.ഹമീദിന്റെയും കെ.പി.ഷാനിദിന്റെയും നേതൃത്വത്തിലാണ് വയോധികനാവശ്യമായ ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യം ചെയ്തു വന്നിരുന്നത്. താമസ സൗകര്യമില്ലാത്തതിനാൽ കടവരാന്തയിൽ കിടക്കുന്ന വയോജനെക്കുറിച്ച് അറിഞ്ഞ തളിപ്പറമ്പ് പെരുവണ്ണ അൽമക്കർ സ്നേഹഭവനിലെ വോളണ്ടിയർ അഫ്സൽ അമാനി പഴശി അബൂബക്കറിനെ സന്ദർശിക്കുകയും സ്നേഹഭവനിലേക്ക് മാറ്റാൻ തീരുമാനിക്കുകയുമായിരുന്നു.
മട്ടന്നൂർ മിനി ക്ലബിന്റെ കീഴിലുള്ള അമ്മ പാലിയേറ്റീവ് പ്രവർത്തകരുടെ സഹായത്തോടെ അബൂബക്കറിനെ കടവരാന്തയിൽ നിന്ന് മാറ്റി മുടിയും താടിയും വൃത്തിയാക്കി കുളിപ്പിച്ച് പുതുവസ്ത്രവും ധരിപ്പിച്ചാണ് സ്നേഹഭവനിലേക്ക് മാറ്റിയത്. ചികിത്സ ഉൾപ്പെടെയുള്ള സൗകര്യം ഒരുക്കുമെന്ന് അഫ്സൽ അമാനി പറഞ്ഞു. അമ്മ പാലിയേറ്റീവ് പ്രവർത്തകരായ എ.പ്രകാശൻ, കെ.പ്രജിത്ത്, മുഹമ്മദ്, എസ് വൈ എഫ് പാലോട്ടുപള്ളി സെക്രട്ടറി ഷാഫി, കെ. ജലീൽ എന്നിവരുടെ നേതൃത്വത്തിലാണ് വയോധികനെ സ്നേഹഭവനിലേക്ക് മാറ്റിയത്.