സൂപ്പര്‍ഹിറ്റ് ചിത്രമായ രോമാഞ്ചത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയയായ നടിയാണ് സ്നേഹാ മാത്യു.
മോഡലിംഗ് രംഗത്ത് നിന്നുമാണ് സ്നേഹ മാത്യു സിനിമയില്‍ എത്തിയത്. അതേ സമയം നേരത്തെ ചില സിനിമകളില്‍ വളരെ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായി ശ്രദ്ധിയ്ക്കപ്പെടുന്ന ഒരു കഥാപാത്രം സ്നേഹയ്ക്ക് കിട്ടിയത് രോമാഞ്ചം എന്ന സിനിമയില്‍ ആയിരുന്നു.
രോമാഞ്ചം സിനിമയുടെ നിര്‍മ്മാതാവുമായുള്ള പരിചയം മൂലമാണ് സിനിമയില്‍ അവസരം ലഭിച്ചത്. രോമാഞ്ചത്തില്‍ പൂജ എന്ന കഥാപാത്രത്തെയാണ് സ്നേഹ അവതരിപ്പിച്ചത്.
ഇപ്പോഴിതാ സിനിമയില്‍ അവസരങ്ങള്‍ക്കായി ശ്രമിക്കുന്ന പെണ് കുട്ടികള്‍ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് സ്നേഹ മാത്യു.
സിനിമയില്‍ അഭിനയിക്കണം എങ്കില്‍ അഡ്ജസ്റ്റ് ചെയ്യണം. അങ്ങനെ ചെയ്യുന്നവര്‍ക്കേ നിലനില്‍പ്പുള്ളൂ എന്നാണ് സ്നേഹ പറയുന്നത്.
സ്നേഹയുടെ വാക്കുകള്‍ ഇങ്ങനെ…പ്ലസ് വണ്‍, പ്ലസ് ടു കാലഘട്ടം മുതല്‍ അഭിനയത്തിലേക്ക് വരാന്‍ ശ്രമിക്കുന്നുണ്ട്.
അന്ന് എനിക്ക് സിനിമ മേഖലയെ കുറിച്ച് ഒരു ധാരണയും ഉണ്ടായിരുന്നില്ല. മോശം അനുഭവങ്ങളെ പറ്റിയൊക്കെ കേട്ടിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ കോണ്ടാക്ടുകള് ഒക്കെ വന്ന് തുടങ്ങിയപ്പോഴാണ് അത് മനസിലായത്.
നോ പറഞ്ഞു നില്ക്കുന്നവര് സിനിമകള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടാണ് ഒരുപാട് കാലം കാത്തിരിക്കേണ്ടി വരും. കഴിവ് നോക്കി സിനിമയിലേക്ക് എടുക്കുന്നവര്‍ വളരെ കുറവാണ്.
ഒരു പത്ത് ശതമാനമേ ഉണ്ടാവുകയുള്ളു. എന്നെ പോലെയുള്ള പുതിയ ആളുകള്‍ എല്ലാം ഇത് നേരിടുന്നുണ്ട്. നേര്‍വഴിക്ക് പോകാന്‍ ആഗ്രഹിക്കുന്ന നമ്മളെയൊന്നും അവര്‍ക്ക് ആവശ്യമില്ല.
അവര്‍ക്ക് എന്തെങ്കിലും ഗുണമുണ്ടാകുമോ എന്ന് നോക്കിയാണ് കാസ്റ്റ് ചെയ്യുന്നത്. ഇങ്ങനെയാണെന്ന് അറിഞ്ഞപ്പോള്‍ ഒരുപാട് സങ്കടം തോന്നിയിരുന്നു.
നോ പറഞ്ഞത് കൊണ്ടാണ് ഇങ്ങനെ. അല്ലെങ്കില്‍ ഇപ്പോള്‍ എത്ര സിനിമകള്‍ ചെയ്യാമായിരുന്നു.
അഡ്ജസ്റ്റ് ചെയ്യണമെന്ന് തുടര്‍ച്ചയായി കേള്‍ക്കുമ്പോള്‍ നമ്മള് വെറുത്തു പോകും. നല്ല ആളുകളുണ്ട് പക്ഷേ വളരെ കുറവാണ്.
അതിലേക്ക് എത്തിപ്പെടാന്‍ ബുദ്ധിമുട്ടാണ്. അതുപോലെ ഒന്നോ രണ്ടോ സിനിമ ചെയ്തത് കൊണ്ടും ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയില്ല.
ആദ്യമൊരു അവസരം ലഭിച്ചാലും പിന്നീടും ഈ പ്രശ്നങ്ങള്‍ ഉണ്ടാകും. അഡ്ജസ്റ്റ് ചെയ്യുന്നവര്‍ക്കേ നിലനില്‍പ്പുള്ളു എന്ന സാഹചര്യമാണെന്നും സ്നേഹ പറയുന്നു.