മലയാളികളുടെ പ്രിയപ്പെട്ട തെന്നിന്ത്യൻ താരമാണ് സ്നേഹ പ്രസന്ന. മലയാളത്തിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും നായികയാകാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട് സ്നേഹയ്ക്ക്.
മമ്മൂട്ടിയ്ക്കൊപ്പം തുറുപ്പുഗുലാൻ, രാജാധിരാജ, ഗ്രേറ്റ് ഫാദർ തുടങ്ങിയ ചിത്രങ്ങളിലും മോഹൻലാലിനൊപ്പം ശിക്കാറിലുമാണ് സ്നേഹ നായികയായി അഭിനയിച്ചത്.
നാലു വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും മലയാളത്തിലേക്ക് എത്തുകയാണ് സ്നേഹ. ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫർ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് സ്നേഹയുടെ മടങ്ങിവരവ്.
താൻ സിനിമകൾ ചെയ്യുന്നത് കുറയ്ക്കാനുണ്ടായ കാരണത്തെക്കുറിച്ചും മലയാളത്തിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ചും വിശദമാക്കിയിരിക്കുകയാണ് സ്നേഹ.
ഇപ്പോൾ സിനിമകൾ കുറയാൻ കാരണം താൻ കൂടുതൽ സെലക്ടീവ് ആയതുകൊണ്ടാണ്. ചെന്നൈയിലെ വീട്ടിൽ, മക്കളുടെ അടുത്തുനിന്ന് മാറി നിൽക്കാൻ ഇഷ്ടമില്ലാത്തതുകൊണ്ടാണ് അങ്ങനെ സെലക്ടീവ് ആയത്.
എന്നെ ശരിക്കും പ്രചോദിപ്പിക്കുന്ന പ്രോജക്റ്റുകൾ മാത്രമേ ചെയ്യാൻ താത്പര്യമുള്ളൂ. എപ്പോഴും രസകരമായ പ്രോജക്ടുകളുമായാണ് ഉണ്ണിയേട്ടൻ എന്നെ സമീപിച്ചിട്ടുള്ളത്.
ഈ കഥ കേട്ടപ്പോൾ എനിക്ക് തോന്നി, ഇങ്ങനെ ഒരു നല്ല സിനിമയിലൂടെ തിരിച്ചുവരണമെന്ന്. അങ്ങനെയാണ് ഞാൻ ഇത് ചെയ്തത്.
2006-ൽ തുറപ്പുഗുലാനിൽ അഭിനയിക്കുമ്പോൾ കണ്ട മമ്മൂക്കയെ തന്നെയാണ് ക്രിസ്റ്റഫർ സെറ്റിലും കണ്ടത്. മമ്മൂക്കയ്ക്കൊപ്പം ആദ്യമായി അഭിനയിക്കാൻ വന്നപ്പോൾ എനിക്ക് നല്ല പേടിയുണ്ടായിരുന്നു, പക്ഷേ അദ്ദേഹം എല്ലാവരോടും വളരെ എളിമയോടെയാണ് പെരുമാറിയിരുന്നത്.
മറ്റു താരങ്ങളുമായൊക്കെ സംസാരിക്കുമായിരുന്നു. അദ്ദേഹത്തെക്കുറിച്ച് എനിക്ക് ഇഷ്ടമുള്ള കാര്യവും അതു തന്നെയാണ്.
അദ്ദേഹത്തിൽ നിന്ന് സിനിമാ ഇൻഡസ്ട്രിയെക്കുറിച്ചും ലോകത്തെക്കുറിച്ചുമൊക്കെ വളരെയധികം കാര്യങ്ങൾ പഠിച്ചു. ആദ്യ ദിവസം മുതൽ അദ്ദേഹം എന്നെ വളരെ കംഫർട്ടബിൾ ആക്കിയിരുന്നു.
അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്നത് രസകരമാണ്. പുതിയ സിനിമയിൽ രണ്ടു കാലഘട്ടത്തിലുള്ള കഥാപാത്രമാണ് തന്റേത്. കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനാവില്ല-സ്നേഹ പറയുന്നു.
മോഹൻലാലിനെ നായകനാക്കി ആറാട്ട് ഒരുക്കിയ ശേഷം ബി .ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ക്രിസ്റ്റഫർ. സ്നേഹയ്ക്കു പുറമേ ഐശ്വര്യ ലക്ഷ്മി, അമല പോൾ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു ഏബ്രഹാം, തമിഴ് നടൻ വിനയ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.