കായംകുളം കരിയിലക്കുളങ്ങര സ്വദേശി സ്നേഹ(24)യെ ആശുപത്രിയില് കൊല്ലാന്ശ്രമിച്ച സംഭവത്തില് മരുമകന് അരുണിനെ സംശയമില്ലെന്ന പ്രതികരണവുമായി സ്നേഹയുടെ അച്ഛന്.
ആശുപത്രിയില് പ്രസവിച്ച് കിടക്കുകയായിരുന്ന സ്നേഹയെ കായംകുളം പുല്ലുകുളങ്ങര കണ്ടല്ലൂര് സ്വദേശി അനുഷ(30)യാണ് നഴ്സിന്റെ വേഷത്തിലെത്തി കൊല്ലാന് ശ്രമിച്ചത്.
‘മരുമകനെ സംശയമില്ല. അവന് അങ്ങനെയൊരുരീതിയിലേക്ക് പോകുമെന്ന് 95 ശതമാനവും ഞാന് വിശ്വസിക്കുന്നില്ല. അവനെ എനിക്ക് വിശ്വാസമാണ്. ബാക്കി അഞ്ചുശതമാനം പറയാന് പറ്റില്ല. മനുഷ്യന്റെ കാര്യമല്ലേ’, സ്നേഹയുടെ അച്ഛന് മാധ്യമങ്ങളോട് പറഞ്ഞു.
ഭാര്യ വേസ്റ്റ് ഇടാന് പോയപ്പോളാണ് അവര് അകത്തുകയറിയത്. ആദ്യം ഒന്ന് കുത്തി, രണ്ടുകുത്തി. മൂന്നാമതും കുത്താന്ശ്രമിച്ചപ്പോളാണ് മകള്ക്ക് സംശയം തോന്നി ചോദിച്ചത്. താന് രണ്ടുദിവസം ലീവായിരുന്നുവെന്നും ലീവ് കഴിഞ്ഞ് ഇന്നാണ് വന്നതെന്നുമായിരുന്നു അവരുടെ മറുപടി.
ഇത് എന്തിനുള്ള കുത്തിവെയ്പ്പാണെന്ന് ചോദിച്ചപ്പോള് പ്രസവം കഴിഞ്ഞവര്ക്ക് സാധാരണ എടുക്കുന്നതാണെന്നും പറഞ്ഞു.
ഇതോടെ മകള് അമ്മയെ വിളിച്ച് അവര് എങ്ങോട്ടാണ് പോകുന്നതെന്ന് നോക്കണമെന്നും സംശയമുണ്ടെന്നും പറഞ്ഞു. നോക്കിയപ്പോള് യുവതി ലിഫ്റ്റിലേക്ക് പോകുന്നത് കണ്ടു. ഉടന് നഴ്സിംഗ് റൂമില് പറഞ്ഞു. അവരാണ് പിടികൂടിയത്.
എനിക്ക് പരിചയമില്ല. മരുമകന്റെ സുഹൃത്തിന്റെ അനുജത്തിയാണ് പെണ്കുട്ടി. സ്നേഹയെ വന്ന് കാണട്ടെയെന്ന് അവള് മരുമകനെ വിളിച്ച് ചോദിച്ചെന്നും വന്നുകാണാന് പറഞ്ഞെന്നുമാണ് മരുമകന് പറഞ്ഞത്.
സ്നേഹയും അനുഷയും പരിചയമില്ല. രണ്ടാംവിവാഹത്തിന് മരുമകന് പറഞ്ഞതനുസരിച്ച് സ്നേഹയും സഹോദരനും പോയിരുന്നു. അവര്ക്ക് സമ്മാനവും നല്കി.
മരുമകനെ സംശയമില്ല. അവന് അങ്ങനെയൊരുരീതിയിലേക്ക് പോകുമെന്ന് 95 ശതമാനവും ഞാന് വിശ്വസിക്കുന്നില്ല. അവനെ എനിക്ക് വിശ്വാസമാണ്.
ബാക്കി അഞ്ചുശതമാനം പറയാന് പറ്റില്ല. മനുഷ്യന്റെ കാര്യമല്ലേ. സംഭവത്തിന് ശേഷം മരുമകന് എന്റെ കൂടെത്തന്നെയുണ്ടായിരുന്നു.
എനിക്ക് ഒന്നും തോന്നിയിട്ടില്ല. ഒരുസ്ത്രീ ഒറ്റയ്ക്ക് ഇത് ചെയ്യില്ല. പ്രതിക്ക് പിന്നില് പ്രവര്ത്തിച്ച ആരേലും കാണും. അവരെ നിയമത്തിന് മുന്നില്കൊണ്ടുവരണം’, സ്നേഹയുടെ അച്ഛന് പറഞ്ഞു.
മകളുടെ ആരോഗ്യസ്ഥിതി കുഴപ്പമില്ലെന്നും ഇന്നുതന്നെ മുറിയിലേക്ക് മാറ്റാമെന്നാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഇഞ്ചക്ഷന് എടുത്തശേഷം കൈവീര്ത്തു. അപ്പോള്ത്തന്നെ ചികിത്സ നല്കാനായി. ഒട്ടുംതാമസിക്കാതെ ആശുപത്രിക്കാര് ചികിത്സ നല്കി. എല്ലാകാര്യങ്ങളും അവര് ചെയ്തു’സ്നേഹയുടെ അച്ഛന് പറഞ്ഞു.
അതേസമയം, അറസ്റ്റിലായ അനുഷയുടെ വാട്സാപ്പ് ചാറ്റുകള് പരിശോധിക്കുകയാണെന്നും കേസില് അന്വേഷണം നടക്കുകയാണെന്നും തിരുവല്ല ഡിവൈ.എസ്.പി. അര്ഷാദ് മാധ്യമങ്ങളോട് പറഞ്ഞു.
പ്രതി ഫാര്മസി കോഴ്സ് പഠിക്കുന്ന സ്ത്രീയാണ്. മെഡിക്കല്രംഗത്തെ അറിവുള്ളയാളാണ്. അതുമായി ബന്ധപ്പെട്ട അറിവായിരിക്കും ഇത്തരമൊരു ഉദ്യമത്തിലേക്ക് എത്തിച്ചത്.
പ്രതിക്കെതിരേ കൃത്യമായ തെളിവുകളുണ്ട്. അനുഷയുടെയും അരുണിന്റെയും വാട്സാപ്പ് ചാറ്റുകള് പരിശോധിക്കുന്നു. നിലവില് ഒരുപ്രതി മാത്രമാണുള്ളത്.
കേസില് മറ്റുദുരൂഹതകളൊന്നും ഇല്ല. കായംകുളത്ത് കടയില്നിന്നാണ് പ്രതി കോട്ട് വാങ്ങിയത്. സിറിഞ്ചും വാങ്ങി.
എങ്ങനെ ആശുപത്രിമുറിയില് കൃത്യമായി എത്തിയെന്ന് അന്വേഷിക്കുകയാണ്. അക്കാര്യത്തില് അന്വേഷിച്ച് വ്യക്തതവരുത്താം.
ആശുപത്രിയില്വരുന്നതിന് മുന്പ് അരുണിനെ വിളിച്ചോ എന്നതൊന്നും അറിയില്ല. പ്രതിയുടെ കോള് ഡീറ്റെയില്സ് എടുക്കുകയാണെന്നും ഡിവൈ.എസ്.പി. പറഞ്ഞു.
സിറിഞ്ചില് വായുനിറച്ച് കുത്തിവെച്ച് കൊല്ലാനായിരുന്നു അനുഷയുടെ ശ്രമം. മൂന്നുതവണ കുത്തിവെയ്ക്കാന് ശ്രമിച്ചതോടെ സ്നേഹയ്ക്കും അമ്മയ്ക്കും സംശയംതോന്നുകയും ഇവര് ആശുപത്രിയിലെ മറ്റുനഴ്സുമാരെ വിവരമറിയിക്കുകയുമായിരുന്നു. തുടര്ന്ന് ആശുപത്രി ജീവനക്കാര് അനുഷയെ പിടികൂടുകയായിരുന്നു.