മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരപുത്രനും യുവനടനുമായ ദുൽഖർ സൽമാനാണ് നായകനായി കൂടെ അഭിനയിക്കുന്നതെന്ന് ആദ്യം അറിയില്ലായിരുന്നുവെന്ന് സോളോ നായിക നേഹ ശർമ്മ. ബിഹാർ സ്വദേശിനിയായ നേഹ മോഡലിംഗിലൂടെയാണ് സിനിമയിലേക്ക് കടന്നുവന്നത്. ബോളിവുഡിലും തെലുങ്ക് സിനിമയിലും അഭിനയിച്ചതിന് ശേഷമാണ് താരം മലയാളത്തിൽ തുടക്കം കുറിച്ചത്.
മലയാളത്തിലും തമിഴിലുമായി ഒരുക്കിയ സോളോയിൽ നായികയായെത്തി പ്രേക്ഷക മനം കവർന്നിരിക്കുകയാണ് ഈ അഭിനേത്രി. നായകനെക്കുറിച്ചുള്ള വിവരങ്ങൾ അറിയുന്നതിനായി വിക്കിപീഡിയയിൽ തിരഞ്ഞ അനുഭവങ്ങളെക്കുറിച്ച് പങ്കുവയ്ക്കുകയാണ് താരം. പ്രമുഖ ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങൾ വിശദമാക്കിയത്.
ബിജോയ് നന്പ്യാർ ചിത്രത്തിലെ നായികാവേഷത്തിനായി തയാറെടുക്കുന്പോഴും നായകനായി അഭിനയിക്കുന്നത് ആരാണെന്നറിയില്ലായിരുന്നു. വിക്കിപീഡിയയിലൂടെയാണ് ദുൽഖർ സൽമാനെക്കുറിച്ചുള്ള വിവരങ്ങൾ മനസിലാക്കിയത്. സിനിമയിലേക്കെത്തിയ ദുൽഖർ തുടക്കത്തിൽ സ്റ്റീരിയോടൈപ്പായിരുന്നുവെങ്കിലും പിന്നീട് വ്യത്യസ്തമായ കഥാപാത്രങ്ങളുമായി സ്വന്തമായ ഇടം നേടി മുന്നേറുകയാണ്. താരപുത്രൻ എന്നതിനും അപ്പുറത്ത് സ്വന്തമായ ഇടം കണ്ടെത്തിയാണ് ഈ താരം മുന്നേറുന്നത്. ദുൽഖർ ഇത്ര വലിയ താരമാണെന്നൊന്നും തനിക്കറിയില്ലായിരുന്നുവെന്നും താരം പറയുന്നു.
ചിത്രീകരണം ആരംഭിക്കുന്നതിനും രണ്ട് നാൾ മുൻപ് വരെ അദ്ദേഹത്തെക്കുറിച്ച് മനസിലാക്കുന്നതിനായി വിക്കിപീഡിയ പരിശോധിച്ചിരുന്നു. ചിത്രീകരണം ആരംഭിച്ചപ്പോഴാണ് തെന്നിന്ത്യയിലെ തന്നെ മികച്ച യുവതാരങ്ങളിലൊരാളാണ് ഡിക്യുവെന്നത് മനസിലായത്. ദുൽഖറിനോടൊപ്പം ജോലി ചെയ്യുവാൻ കഴിയുകയെന്നത് മികച്ചൊരു അനുഭവം തന്നെയാണ്. മറ്റുള്ളവർക്ക് മാതൃകയാക്കാൻ പറ്റിയ താരമാണ്.
തൊഴിലിനോട് അങ്ങേയറ്റത്തെ അഭിനിവേശമുള്ളയാളാണ് ദുൽഖറെന്നും താരം പറയുന്നു. മറ്റൊരു സിനിമയ്ക്ക് വേണ്ടയാണ് സംവിധായകൻ ആദ്യം സമീപിച്ചത്. എന്നാൽ എന്തുകൊണ്ടോ ആ ചിത്രം നടക്കാതെ പോവുകയും അടുത്ത സിനിമയെടുക്കുന്നതിനിടയിൽ അദ്ദേഹം തന്നെ വിളിക്കുകയുമാണ് ചെയ്തത്- നേഹ പറയുന്നു.