മൂവാറ്റുപുഴ: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഭർത്താവും പിതാവും നഷ്ടപ്പെട്ട വീട്ടമ്മയ്ക്ക് ‘സ്നേഹവീട്’ ഒരുക്കി മൂവാറ്റുപുഴ ശ്രീമൂലം യൂണിയൻ ക്ലബ്. ആയവന പഞ്ചായത്ത് എട്ടാം വാർഡിലെ അനീഷ തങ്കച്ചനും കുഞ്ഞിനുമായാണ് 15 ലക്ഷം രൂപ ചെലവഴിച്ച് ശ്രീമൂലം ക്ലബ് വീട് നിർമിച്ചു നൽകിയത്. അനീഷ പൂർണ ഗർഭിണിയായിരിക്കേ ഒരു വർഷം മുന്പാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.
ഇവർ താമസിച്ചിരുന്ന കുടുംബ വീട്ടിൽ ഗ്യാസ് സിലിണ്ടറിനു തീപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന പിതാവും ഭർത്താവും ദുരന്തത്തിൽ മരിച്ചു. ഇതോടെ ഇവർ തീർത്തും നിസഹായയായി. ഈ കുടുംബത്തെ പുനരധിവസിപ്പിക്കാൻ ക്ലബ്ബംഗം കൂടിയായ കാക്കനാട്ട് ജിബി ജോസ് മുന്നോട്ടു വരികയായിരുന്നു. ജിബിയുടെ പേരിലുള്ള അഞ്ച് സെന്റ് സ്ഥലം ഈ കുടുംബത്തിനു നൽകാൻ തീരുമാനിച്ചു.
വീട് നിർമാണത്തെക്കുറിച്ചു നടന്ന കൂടിയാലോചനകളിൽ ശ്രീമൂലം യൂണിയൻ ക്ലബ് വീട് നിർമിച്ചു നൽകാൻ തീരുമാനിക്കുകയായിരുന്നു. സ്ഥലം അനീഷയുടെ പേരിൽ ആധാരം ചെയ്തതിനുശേഷം 2018 മാർച്ചിലാണ് വീടിന്റെ നിർമാണം തുടങ്ങിയത്. 900 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് ഇവർക്കായി നിർമിച്ചിരിക്കുന്നത്. പിന്നാലെ ക്ലബ് അംഗങ്ങൾ കുടുംബത്തിനാവശ്യമായ ഫർണീച്ചറുകൾ പാത്രങ്ങൾ, ഗ്രഹോപകരണങ്ങൾ, കട്ടിൽ, ബെഡ്, ഫാൻ തുടങ്ങിയവയും ലഭ്യമാക്കി.
സ്നേഹവീടിന്റെ താക്കോൽ കൈമാറ്റം ഇന്ന് വൈകുന്നേരം നാലിന് ആയവന സേക്രട്ട് ഹാർട്ട് പാരിഷ് ഹാളിൽ നടക്കുന്ന ചടങ്ങിൽ നിർവഹിക്കും. ഡീൻ കുര്യാക്കോസ് എംപി, എൽദോ ഏബ്രഹാം എംഎൽഎ, ജില്ലാ കളക്ടർ എസ്. സുഹാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്, മുൻ എംഎൽഎ ജോണി നെല്ലൂർ, ആയവന പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. അജീഷ്, ആർഡിഒ എം.ടി. അനിൽകുമാർ, ഡിവൈഎസ്പി കെ. അനിൽകുമാർ, ശ്രീമൂലം യൂണിയൻ ക്ലബ് പ്രസിഡന്റ് സജീവ് മാത്യു, വൈസ് പ്രസിഡന്റ് തോമസ് പാറയ്ക്കൽ, സെക്രട്ടറി എ. ജയറാം, ട്രഷറർ ജോസ് വർക്കി ജോയിന്റ് സെക്രട്ടറി മാത്യു പോൾ തുടങ്ങിയവർ പ്രസംഗിക്കും. ഒ.വി. അനീഷ്, ഒ.പി. ബേബി, ബിനു കെ. ചെറിയാൻ, ജോർജ് ജെ. തോട്ടം, എസ്. കൃഷ്ണമൂർത്തി, സ്മിത്ത് വർഗീസ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.