പാലക്കാട്: എന്നും ഇരുട്ടുമാത്രം ആവണമെന്നില്ല… സ്നേഹയുടെ കൊറോണക്കവിതയിൽ പ്രതീക്ഷ തെളിഞ്ഞിരുന്നു. സംസ്ഥാന ബജറ്റിന്റെ വിശകലനങ്ങൾ പുരോഗമിക്കുന്പോൾ മിന്നുംതാരമായതു പൊട്ടിപ്പൊളിഞ്ഞൊരു സ്കൂളിലെ ഈ എട്ടാംക്ലാസുകാരി.
കുഴൽമന്ദം കുളവൻമുക്ക് സ്കൂളിലെ വിദ്യാർഥിനി എന്നതിലപ്പുറം ഇന്നലെ മലയാളികൾ ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ തെരഞ്ഞതും ഈ കൊച്ചുമിടുക്കിയെയാണ്.
ഇന്നലത്തെ സുദിനം മറക്കാനാകില്ലെന്നു സ്നേഹ പറഞ്ഞു. ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ ബജറ്റ് അവതരണത്തിന്റെ തുടക്കം തന്റെ കവിതയോടെയായിരുന്നെന്നു പലരും വിളിച്ചുപറഞ്ഞു.
സ്കൂളിൽനിന്ന് ടീച്ചർമാരും എഇഒയും കൂട്ടുകാരുമെല്ലാം ഫോണിൽ വിളിച്ച് ആശംസകളും സന്തോഷവും അറിയിച്ചപ്പോഴാണ് വിശ്വസിച്ചത്. ഞെട്ടൽ മാറ്റിയതു മൊബൈൽ ഫോണിൽ പലവട്ടം വീഡിയോ കണ്ടിട്ടും.
സ്നേഹ എഴുതിയ “കൊറോണയെ തുരത്താം’ എന്ന തലക്കെട്ടിലുള്ള കവിതയിലെ വരികൾ ചൊല്ലിയാണ് മന്ത്രി തോമസ് ഐസക് ബജറ്റ് തുടങ്ങിയത്.
മന്ത്രിയുടെ സെക്രട്ടറി വിളിച്ച് ആശംസകളും അറിയിച്ചു. ഒരു ഫോട്ടോ അയച്ചു കൊടുക്കാനും ആവശ്യപ്പെട്ടു. മന്ത്രി വിളിക്കുമെന്നുകൂടി പറഞ്ഞതോടെ സ്നേഹയ്ക്കും കുടുംബത്തിനും ഇരട്ടി സന്തോഷം.
കൊറോണക്കാലത്ത് “അക്ഷര വർഷം’ പദ്ധതിയുടെ ഭാഗമായി ടീച്ചർമാരുടെ നിർദേശപ്രകാരം എഴുതിനല്കിയതാണ് സ്നേഹ ഈ കവിത.
ട്രാക്ടർ ഡ്രൈവറായ കണ്ണൻ – രമാദേവി ദന്പതികളുടെ രണ്ടു പെണ്മക്കളിൽ ഇളയവളാണ് സ്നേഹ.
ചെറുപ്പം മുതലേ കഥയും കവിതയും ഏറെ വായിക്കാറുണ്ടെങ്കിലും ഏഴാം ക്ലാസ് മുതലാണ് എഴുത്ത് ആരംഭിച്ചത്. ഇതിനോടകം 25 കഥകളും 15 കവിതകളും എഴുതിക്കഴിഞ്ഞു. പല എഴുത്തുമത്സരങ്ങളിലും പങ്കെടുത്തു നിരവധി സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്.
സ്കൂൾ ലൈബ്രറിയിലുള്ള പുസ്തകങ്ങളാണ് കൂടുതലായി സ്നേഹ വായിക്കാറുള്ളത്. മാധവിക്കുട്ടിയാണ് ഏറ്റവും ഇഷ്ടമുള്ള എഴുത്തുകാരി. മാധവിക്കുട്ടിയുടെ “നെയ്പായസം’ ആണ് അവസാനമായി വായിച്ച പുസ്തകമെന്നും തുടർന്നും നല്ല കവിതയും കഥയും എഴുതാൻ ശ്രമിക്കുമെന്നും സ്നേഹ പറഞ്ഞു.സഹോദരി രുദ്ര സ്നേഹയുടെ സ്കൂളിൽത്തന്നെ പത്താംക്ലാസ് വിദ്യാർത്ഥിനിയാണ്.
എന്റെ സ്കൂൾ ഒന്നു
നന്നാക്കിത്തര്വോ:
മന്ത്രിയോടു സ്നേഹ
ധനമന്ത്രിയോടു സ്നേഹയ്ക്ക് ഒരു അപേക്ഷയുണ്ട്. സ്കൂളിന്റെ സൗകര്യങ്ങൾ മെച്ചപ്പെടുത്താനും മന്ത്രി സഹായിക്കണം. തന്റെ സ്കൂൾ പുതുക്കിപ്പണിയണം.
പൊട്ടിപ്പൊളിഞ്ഞ് ഷീറ്റുകൾ വച്ചുകെട്ടി വളരെ മോശമായ അവസ്ഥയിലാണ് കുളവൻമുക്ക് ഗവണ്മെന്റ് ഹൈസ്കൂൾ പ്രവർത്തിക്കുന്നത്. മഴപെയ്താൽ ക്ലാസും കുട്ടികളും നനഞ്ഞുകുതിരും.
മുന്നൂറിലധികം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ഗ്രൗണ്ട് പോലുമില്ല. വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്കൂളിനു കെട്ടിടനിർമാണത്തിനായി പഞ്ചായത്ത് സ്ഥലം അനുവദിച്ചിട്ടുണ്ടെങ്കിലും നടപടികൾ പുരോഗമിക്കുന്നില്ല എന്ന പരാതിയാണ് സ്കൂൾ അധികൃതർക്കുള്ളത്.