കോട്ടയം: മാലിന്യം നിറഞ്ഞു ദുര്‍ഗന്ധംവമിച്ചു കാടുപിടിച്ചു കിടന്നിരുന്ന സിഎംഎസ് കോളജിനു സമീപമുളള സെമിത്തേരി റോഡ് ഇനി സ്നേഹാരാമം. കോളജിലെ എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് സെമിത്തേരി റോഡിനെ സുന്ദര വഴിയാക്കി മാറ്റിയത്. മാലിന്യവിമുക്ത കേരളം പദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷനുമായി സഹകരിച്ചായിരുന്നു പരിപാടി.
സെമിത്തേരി റോഡിലെ വലിയ കാടുകള്‍ വെട്ടിത്തെളിച്ച് മാലിന്യം നീക്കം ചെയ്ത കുട്ടികള്‍ റോഡിലെ വലിയ മതിലുകളില്‍ മാലിന്യവിമുക്ത കേരളത്തിന്റെ ഭാഗമായുള്ള ബോധവത്കരണ ചിത്രങ്ങളും വാക്യങ്ങളും എഴുതി ചേര്‍ത്തു. ഇപ്പോള്‍ ഈ മതില് മനോഹരമായ ചുവര്‍ച്ചിത്ര മതിലായി മാറിയിരിക്കുകയാണ്.
ഇനി ഇവിടെ ആരും മാലിന്യം നിക്ഷേപിക്കരുതെന്ന ലക്ഷ്യത്തോടെയാണു ബോധവത്കരണ ചിത്രങ്ങളും സന്ദേശങ്ങളും കുട്ടികള്‍ എഴുതി ചേര്‍ത്തിരിക്കുന്നത്. മതിലിനോടു ചേര്‍ന്നു വിവിധ തരത്തിലുള്ള ചെടികളും ഉപയോഗശൂന്യമായ കുപ്പികള്‍ ഉപയോഗിച്ച് ബോട്ടില്‍ ഗാര്‍ഡനും നിര്‍മിച്ചിട്ടുണ്ട്.
വര്‍ഷങ്ങളായി കോട്ടയം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന സ്ഥലമായിരുന്നു കോളജിനു സമീപമുള്ള സെമിത്തേരി റോഡ്. കുട്ടികള്‍ തീര്‍ത്ത സ്നേഹാരാമം പൊതുജനങ്ങള്‍ക്കായി കോളജ് പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് സി. ജോഷ്വാ സമര്‍പ്പിച്ചു. എന്‍എസ്എസ് കോ-ഓര്‍ഡിനേറ്റര്‍മാരായ സോണി ജോസഫ്, ഡോ. എ.കെ. അര്‍ച്ചന എന്നിവര്‍ പ്രവര്‍ത്തങ്ങള്‍ക്കു നേതൃത്വം നല്കി.