കാഞ്ഞിരപ്പള്ളി നഗരത്തിൽ ഇനി ആരും വിശന്നിരിക്കേണ്ട. പണമില്ലാത്തതിന്റെ പേരിൽ പട്ടിണി ഇരിക്കുന്നവർക്ക് ഇനി മുതൽ നഗരത്തിലെ ഇരുപത്തെട്ട് ഹോട്ടലുകൾ സ്നേഹസദ്യ വിളന്പും.
കാഞ്ഞിരപ്പള്ളിയിലെ നവ മാധ്യമ-സന്നദ്ധ കൂട്ടായ്മയായി രൂപം കൊണ്ട സോഷ്യൽ ആക്ടീവ് ഫ്രണ്ട്സ് (സാഫ്), കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ കാഞ്ഞിരപ്പള്ളി യൂണിറ്റ് എന്നിവരുടെ സംയുക്ത നേതൃത്വത്തിലുള്ള വിശപ്പ് രഹിത കാഞ്ഞിരപ്പള്ളി പദ്ധതിക്ക് കേരള പിറവി ദിനമായ നവംബർ ഒന്നിന് തുടക്കമാവും.
ഭക്ഷണം കഴിക്കാതെ ഇരിക്കുന്ന അർഹരായ ആർക്കും പട്ടണത്തിന്റെ നാല് ഭാഗങ്ങളിലുള്ള കൗണ്ടറുകളിലെത്തി കൂപ്പണ്‍ കൈപ്പറ്റി നിർദിഷ്ട ഹോട്ടലുകളിൽനിന്ന് ഭക്ഷണം കഴിക്കാവുന്നതാണ്. ഇതു കൂടാതെ സാഫ് വോളണ്ടിയർമാർ കണ്ടെത്തുന്ന അർഹരായവർക്കും ഭക്ഷണം നൽകും.
കാഞ്ഞിരപ്പള്ളി ടൗണ്‍ ഉൾപ്പെടുന്ന എട്ടാം വാർഡിനെ പ്രതിനിധീകരിക്കുന്ന ഗ്രാമപഞ്ചായത്തംഗം എം.എ. റിബിൻ ഷാ മുന്നോട്ടുവച്ച ആശയത്തെ പിന്തുണച്ച് സാഫ് വോളണ്ടിയർമാരായ ഷാജി വലിയകുന്നത്ത്, റിയാസ് കാൾടെക്സ്, ബാബു പൂതക്കുഴി, അൻഷാദ് ഇസ്മായിൽ, വിപിൻ രാജു എന്നിവർ രംഗത്തെത്തിയതോടെയാണ് പദ്ധതി യാഥാർഥ്യമായത്.
കേരളാ ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷന്റെ സഹായം തേടി ഭാരവാഹികളായ ഷെരീഫ് തൗഫീഖ്, അയൂബ് ഓൾ ഇൻ വണ്‍, ഷാഹുൽ ഹമീദ് ആപ്പിൾ ബീ, സുനിൽ സീബ്ലു എന്നിവരെ സമീപിച്ച സാഫ് വോളണ്ടിയർമാർക്ക് പ്രതീക്ഷയിൽ കവിഞ്ഞ പിന്തുണയാണ് ലഭിച്ചത്.
നഗരത്തിലെ ഇരുപത്തിരണ്ടു ഹോട്ടലുകളും പദ്ധതിക്ക് പിന്തുണയുമായി രംഗത്തെത്തിയതോടെ വിശപ്പ് രഹിത കാഞ്ഞിരപ്പള്ളി എന്ന ഒരു കൂട്ടം മനുഷ്യ സ്നേഹികളുടെ സ്വപ്നം സഫലമാവുകയാണ്.