പയ്യന്നൂര്‍: കണ്ടങ്കാളിയിലെ കുഞ്ഞി കൈപ്രത്ത് വീട്ടില്‍ വിമലയ്ക്കും ലീലയ്ക്കും സ്നേഹവീടൊരുങ്ങി.കണ്ടന്‍കാളി ഷേണായ് സ്മാരക ഗവ. ഹയര്‍സെക്കൻഡറി സ്കൂള്‍ എന്‍എസ്എസ് യൂണിറ്റാണ് സ്നേഹവീടിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്.ശാരീരിക മാനസിക പ്രശ്നങ്ങളാല്‍ ദുരിത ജീവിതം നയിച്ചിരുന്ന വിമല, ലീല സഹോദരിമാരുടെ പാര്‍പ്പിട പ്രശ്നം പരിഹരിക്കാനുള്ള ദൗത്യമാണ് എന്‍എസ്എസ് യൂണിറ്റ് എറ്റെടുത്തത്.
പയ്യന്നൂര്‍ നഗരസഭ ചെയര്മാന് ശശിവട്ടക്കൊവ്വലിന്റെ നേതൃത്വത്തില്‍ എം.ആനന്ദന് ചെയര്‍മാനും എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ വി.വി.ബിജു കണ്‍വീനറുമായ കമ്മിറ്റിയാണ് സ്നേഹവീടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.പയ്യന്നൂര്‍ നഗരസഭ വീട് നിര്‍മാണത്തിനായി നീക്കിവെച്ച ഫണ്ടും വിവിധ മേഖലയിലെ തൊഴിലാളി സംഘടനകളുടേയും എന്‍എസ്എസ് വോളണ്ടിയർമാരുടെയും സേവനവുമാണ് സ്നേഹവീടിന്റെ പൂര്‍ത്തീകരണത്തിന് വഴിവെച്ചത്.
160 ദിവസം കൊണ്ടാണ് സ്നേഹവീടിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. വിമലയുടേയും ലീലയുടേയും ജീവിതത്തിന് തണലായി മാറുന്ന സ്നേഹവീടിന്റെ താക്കോല്‍ദാനം 22ന് ഉച്ചക്ക് 12ന് കണ്ണൂര്‍ ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദലി നിര്‍വഹിക്കും.