എസ്.രാജേന്ദ്രകുമാർ
വിഴിഞ്ഞം: ആരോരുമില്ലാതെ ദുരിതത്തിലായ രമയ്ക്കും ഒരു സ്നേഹവീടൊരുക്കി ജനകീയമായി കോവളം ജനമൈത്രി പോലീസ്. ക്രമസമാധാന പരിപാലനത്തിനൊപ്പം, ജീവകാരുണ്യത്തിലും അശരണർക്ക് കൈത്താങ്ങായി മാറുകയാണ് ഇവിടത്തെ ഒരു കൂട്ടം നിയമപാലകർ.അർപ്പണബോധനവും സുമനസുകളുടെ സഹായവും ഒത്തുചേർന്നപ്പോൾ പാച്ചല്ലൂർ പാറവിള മദ്രസയ്ക്കു സമീപം രമാഭവനിൽ രമയ്ക്ക് വീശിയടിക്കുന്ന കാറ്റിനെയും മഴയെയും പേടിക്കാതെ അന്തിയുറങ്ങാനൊരിടമായി.
സഹജീവികളുടെ ജീവിത ദുരിതത്തിലും കൈത്താങ്ങായി മാറുകയെന്ന ദൗത്യം പൂർണമാക്കിയ ജനകീയ പോലീസിന്റെ മൂന്ന് മാസത്തിനുള്ളിലെ രണ്ടാമത്തെ സ്നേഹ ഭവന പദ്ധതിയാണിത്. അച്ഛൻ ദിവാകരനും അമ്മ കൗസല്യയും മരിക്കുകയും ഏക സഹോദരി വിവാഹത്തോടെ നെയ്യാറ്റിൻകരയിലേക്ക് താമസം മാറുകയും ചെയ്തതോടെ ജീവിതത്തിൽ രമ ഒറ്റപ്പെടുകയായിരുന്നു.
2010 ൽ നഗരസഭയിൽ നിന്നും രണ്ട് സെന്റ് വസ്തു സൗജന്യമായി ലഭിച്ചു. 2011ൽ വീട് വയ്ക്കുന്നതിന് കിട്ടിയ തുച്ഛമായ ധനസഹായം കൊണ്ട്കെട്ടിടം പണിയാരംഭിച്ചെങ്കിലും സാമ്പത്തിക പരാധീനത പൂർത്തീകരണത്തിന് തിരിച്ചടിയായി. ശക്തമായ മഴയിലും കാറ്റിലും വീട് ചോർന്നൊലിക്കുവാൻ തുടങ്ങി. ജനലുകളും വാതിലുകളും സുരക്ഷിതമില്ലാതെ തുറന്നു കിടന്നു. ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്ന വീട്ടിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യം സഹിക്കാതെ വന്നു. മറ്റ് വഴികളടഞ്ഞതോടെ സങ്കടം ബോധിപ്പിക്കാനായി രമ കോവളം സബ് ഇൻസ്പെക്ടറെ സമീപിച്ചു.
നിർധനയായ അഗതിയുടെ പരാതി അന്വേഷിക്കുന്നതിന് ജനമൈത്രി കോ-ഓർഡിനേറ്റർ ടി. ബിജുവിനെ ചുമതലപ്പെടുത്തി. അന്വേഷണത്തിൽ സ്ത്രീയുടെ സ്ഥിതി വളരെ ദയനീയമാണെന്നും കെട്ടിടം ശോചനീയമായ അവസ്ഥയിലാണെന്നും ഈ സ്ഥിതി തുടർന്നാൽ അപകടം തന്നെ സംഭവിക്കുമെന്നും അദ്ദേഹം എസ്ഐ അജിത് കുമാറിനെ ധരിപ്പിച്ചു. ഇതോടെ വീടും പരിസരവും എസ്ഐ സന്ദർശിച്ച് രമയെ സാന്ത്വനപ്പെടുത്തി.തുടർന്ന് ജനമൈത്രി സമിതിയുടെ മുമ്പാകെ എസ്ഐ കാര്യങ്ങൾ ധരിപ്പിക്കുകയും വീടിന്റെ പുനർ നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു.
രണ്ടര മാസം കൊണ്ട് മേൽക്കൂര പ്ളാസ്റ്ററിംഗ്, പൂശൽ, വയറിംഗ്, പ്ളംമ്പിംഗ്, ഫ്ളോറിംഗ്,വാതിൽ, ജനൽ, പെയിന്റിംഗ് മുതലായ എല്ലാപണികളും നാട്ടുകാരായ മനോജ്, റഹിം, രതീഷ്, ദേവപാലൻ, സുരേഷ്, പ്രേമൻ, നൂഹുകണ്ണ്, ഹുസൈൻ, സന്തോഷ്, അജിത്, ഷൈജു, സുകുമാരൻ, അൽസാജ്, ധർമൻ, ഷാജഹാൻ എന്നീ സുമനസുകളുടെ സഹായത്തോടെ മൂന്നര ലക്ഷം രൂപ ചെലവിട്ട് പൂർത്തികരിച്ചു. രമയുടെ സ്വപ്ന വീടിന്റെ താക്കോൽ ദാനം ഇന്നലെ രാവിലെ 10ന് കോവളം പോലീസ് സബ് ഇൻസ്പെക്ടർ പി.അജിത്ത് കുമാർ നിർവഹിച്ചു.
നാലു മാസങ്ങൾക്ക് മുമ്പ് ദുരിതക്കയത്തിൽ മുങ്ങിയ ആഴാകുളം നിവാസിയായ ലീലാമ്മയ്ക്കും മകൾ ബിന്ദുവിനും കോവളം ജനമൈത്രി പോലീസും ക്രൈസ്റ്റ് കോളജും കോൺട്രാക്ടർ വിൻസെന്റും ചേർന്ന് വീടൊരുക്കി മാതൃകയായിരുന്നു. വീട് നിർമിച്ച് നൽകുവാൻ സഹായിച്ച എല്ലാ നല്ലവരായ നാട്ടുകാർക്കും പോലീസ് സേനാംഗങ്ങൾക്കും രമ നന്ദി പറഞ്ഞു.