പയ്യന്നൂര്‍: പ്രളയ ദുരന്തത്തിന് ഒരു വര്‍ഷം തികയുമ്പോള്‍ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് രക്ഷകരായെത്തിയ മത്സ്യതൊഴിലാളികള്‍ക്ക് ആദരവുമായി പയ്യന്നൂര്‍ ബിഇഎംഎല്‍പി സ്കൂള്‍ വിദ്യാര്‍ഥികൾ. പ്രളയത്തില്‍ നിരവധി മനുഷ്യര്‍ക്ക് പുതു ജീവന് നല്കിയ കടലിന്റെ മക്കള്‍ക്ക് നന്ദിവാക്കുകള്‍ എഴുതിയ സ്നേഹത്തോണികള് നിര്‍മിച്ചുകൊണ്ടാണ് വിദ്യാര്‍ഥികള്‍ തങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നത്.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രാഫിയാണ് സ്നേഹത്തോണി നിര്‍മാണത്തിന് തുടക്കം കുറിച്ചത്.ഈ ആശയം സ്കൂള്‍ പ്രിന്‍സിപ്പൽ ജാക്വിലിന് ബിന്ന സ്റ്റാന്‍ലി പങ്കുവെച്ചപ്പോള്‍ സഹപ്രവര്‍ത്തകരും വിദ്യാര്‍ഥികളും അതേറ്റെടുക്കുകയായിരുന്നു. കടലാസുകളില്‍ തയാറാക്കുന്ന സ്നേഹത്തോണികളുടെ നിര്‍മാണം കഴിഞ്ഞ ദിവസം പയ്യന്നൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ പി.കെ. ധനഞ്ജയ ബാബുവാണ് ഉദ്ഘാടനം ചെയ്തത്.
പ്രളയ ദുരന്തത്തില്‍ കേരളത്തിന്റെ സൈന്യമായി മാറിയ കടലിന്റെ മക്കള്‍ക്ക് നന്ദി രേഖപ്പെടുത്താനുള്ള അവസരം സ്കൂളിന്റെ പ്രൊജക്ടായാണ് നടപ്പിലാക്കുന്നതെന്നും ഓരോ വിദ്യാര്‍ഥിക്കും എത്ര കടലാസ് തോണികള്‍ വേണമെങ്കിലും നിര്‍മ്മിക്കാമെന്ന പ്രിന്‍സിപ്പാളിന്റെ വാക്കുകള്‍ക്ക് മികച്ച പ്രതികരണമാണ് വിദ്യാര്ഥികളില്നിന്നുമുണ്ടായത്.ഇന്നലെ വൈകുന്നേരം വരെ അറുന്നൂറോളം കടലാസു തോണികളാണ് അധ്യാപകരുടെ സഹായത്തോടെ വിദ്യാര്‍ഥികള്‍ നിര്‍മ്മിച്ചത്.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയുടെ പ്രവര്‍ത്തകര്‍ സ്കൂളില്‍ നിന്നും കൊണ്ടുപോകുന്ന കടലാസുതോണികള്‍ ഓഗസ്റ്റ് 15ന് കൊച്ചിയില്‍ ഒരുക്കുന്ന സ്മാരകത്തില്‍ സ്ഥാപിക്കും. കൂടാതെ മത്സ്യ തൊഴിലാളികളും പൊതു സമൂഹവുമായുള്ള സൗഹൃദബന്ധം വളര്‍ത്താന്‍ രൂപീകരിച്ച ഇന്‍ഷുറന്‍സ് പദ്ധതിയായ ഫ്രണ്ട്ഷിപ്പിലും സ്കൂളിന്റെ സജീവ പങ്കാളിത്തമുണ്ട്. ഈ പദ്ധതിയിലേക്ക് നൂറിലേറെ വിദ്യാര്‍ഥികള്‍ ഇതിനകം പണമടച്ചു കഴിഞ്ഞതായും പ്രിന്‍സിപ്പൽ ജാക്വിലിന് ബിന്ന സ്റ്റാന്‍ലി പറഞ്ഞു.