മുക്കം: നെറ്റ് വർക്ക് ലഭ്യമല്ലാത്തതിനാൽ ടെറസിന് മുകളിൽ കയറി പഠിക്കുന്ന വിദ്യാർഥിനിയുടെ ദുരവസ്ഥ ഏറെ ചർച്ച ചെയ്ത കേരളത്തിൽ മലയാളിയുടെ കരളലിയിപ്പിക്കുന്ന മറ്റൊരു കാഴ്ച.
കോഴിക്കോട് ജില്ലയിലെ പന്നിക്കോട് ഗ്രാമത്തിലെ എടപ്പറ്റ ശ്രീകാന്തും കുടുംബവുമാണ് ദുരിതക്കടലിൽ അകപ്പെട്ടത്. ടാർപ്പായ കൊണ്ട് മറച്ച ഒറ്റമുറി കൂരയിലാണ് കുടുംബം താമസിക്കുന്നത്.
അടുക്കളയും കിടപ്പ് മുറിയും വേർതിരിച്ചറിയാൻ പറ്റാത്ത അവസ്ഥ. വൈദ്യുതി പോലുമില്ല . ടാർപ്പായയിലെ ചെറിയ ദ്വാരത്തിലൂടെ വീടിനകത്തെത്തുന്ന സൂര്യപ്രകാശമാണ് ഏക വെളിച്ചം.
പകൽ സമയത്ത് ഈ വെളിച്ചത്തിരുന്നും രാത്രിയിൽ മെഴുകു തിരിയുടെ വെട്ടത്തിരുന്നുമാണ് എട്ടാം ക്ലാസ് വിദ്യാർഥിനി സ്നിഗ്ദ്ധയും അനിയൻ ശ്രീരുദ്ധും പഠിച്ചിരുന്നത്.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ ഓൺലൈൻ പഠനരീതി ആവിഷ്കരിച്ചപ്പോൾ സ്നിഗ്ദ്ധയുടെയും ശ്രീരുദ്ധിന്റെയും മനസിലും ഇരുട്ട് പടരുകയായിരുന്നു.
കഴിഞ്ഞ പതിനാറ് വർഷമായി ശ്രീകാന്തും ഭാര്യ ഷബ്ന, രണ്ട് മക്കൾ, ശ്രീകാന്തിന്റെ അമ്മ എന്നിവരടങ്ങിയ കുടുംബവും ഈ ഒറ്റമുറി കൂരയിലാണ് കഴിയുന്നത്.
തലചായ്ക്കാൻ അടച്ചുറപ്പുള്ള ഒരു വീട് നിർമിക്കാൻ സഹായം തേടി ശ്രീകാന്ത് മുട്ടാത്ത വാതിലുകളില്ല. നിരവധി തവണ ഗ്രാമപഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും സ്വന്തമായി ഭൂമിയില്ലാത്തത് വിനയായി. ശ്രീകാന്തിന്റെ അമ്മയുടെ കൂട്ടു സ്വത്തായ സ്ഥലത്താണ് ഇപ്പോഴത്തെ കൂര സ്ഥിതി ചെയ്യുന്നത്.
ഈ കൂട്ടു സ്വത്ത് വീതം വയ്ക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായത്. ഇപ്പോൾ ശ്രീകാന്തിൻന്റെ അമ്മയുടെ കുടുംബത്തിലുള്ള അഞ്ചുപേർക്ക് അവകാശപ്പെട്ടതാണ് വീട് നിൽക്കുന്നതടക്കമുള്ള 39 സെന്റ് സ്ഥലം. എന്നാൽ ഈ ഭൂമി വീതം വയ്ക്കാൻ അമ്മയുടെ സഹോദരങ്ങൾ അനുവദിക്കാത്തതാണ് പ്രശ്നം രൂക്ഷമാക്കിയത്.