പാലക്കാട്: വാളയാറിൽ വ്യാജമദ്യം കഴിച്ച് മൂന്നു മരണം. വാളയാർ പയറ്റുകാട് കോളനിയിലെ രാമൻ (65), അയ്യപ്പൻ (63), ശിവൻ (45) എന്നിവരാണ് മരിച്ചത്.
ഇതിൽ രാമൻ ഇന്നലെ ഉച്ചയ്ക്കും അയ്യപ്പൻ വൈകുന്നേരവും ശിവൻ ഇന്നു രാവിലെയുമാണ് മരിച്ചത്. മൂന്നുപേരും മരണമടഞ്ഞതിനെ തുടർന്നാണ് വ്യാജമദ്യമാണോ എന്ന് നാട്ടുകാർക്ക് സംശയമുണ്ടായത്.
ഇവർ ഇന്നലെ സംഘം ചേർന്ന് മദ്യപിച്ചിരുന്നു. വീര്യം കൂട്ടാനായി ഏതെങ്കിലും രീതിയിലുള്ള വ്യാജ വസ്തുക്കൾ ഉപയോഗിച്ചിരുന്നോ എന്ന് പരിശോധിച്ചുവരുന്നു.
സാനിറ്റൈസറിന്റെ ഗന്ധം പരിസരത്ത് ഉണ്ടായിരുന്നതായി നാട്ടുകാർ പോലീസിനോട് പറഞ്ഞിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിക്കൂ.
കൂടുതൽ പേർ സംഘത്തിലുണ്ടായിരുന്നതായും സംശയമുണ്ട്. മൂന്നു പേർകൂടി പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുണ്ട്. ഇതിൽ സ്ത്രീകളും ഉൾപ്പെടുന്നതായാണ് വിവരം. ഇവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്.
പുതുശേരി പഞ്ചായത്തിലെ അഞ്ചാം വാർഡ് ചെല്ലങ്കാവ് കോളനിയിൽ താമസിക്കുന്നവരാണ് മരണപ്പെട്ടവർ. നാൽപ്പതിലധികം കുടുംബങ്ങളാണ് ഈ കോളനിയിൽ താമസിക്കുന്നത്. തമിഴ്നാടിനോടു ചേർന്നു കിടക്കുന്ന പ്രദേശമാണ് ഇത്.
അതിർത്തി കടന്ന് സ്പിരിറ്റ് കടത്തി ഇവിടെ സൂക്ഷിച്ച് വിവിധ പ്രദേശങ്ങളിലേക്ക് കടത്തിക്കൊണ്ടുപോകുന്നതായി നേരത്തെ പരാതികളുണ്ടായിരുന്നു. ഈ രീതിയിലും അന്വേഷണം നടക്കുന്നതായി എക്സൈസ്, പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.