തവളയെന്നു കരുതി പാന്പു വിഴുങ്ങിയത് ടെന്നീസ് ബോൾ! ഓസ്ട്രേലിയയിലെ ക്വീൻസ്ലൻഡിലാണ് സംഭവം. വയർ വീർത്ത് ഇഴയാനാവാത്ത സ്ഥിതിയിൽ വീടിനുള്ളിൽ കണ്ട പാന്പിനെ വീട്ടുടമയാണ് അടുത്തുള്ള നഴ്സിംഗ് ഹോമിൽ എത്തിച്ചത്.
കാർപറ്റ് സ്നേക്ക് ഇനത്തിൽപെട്ട പാന്പിനു വലിയ തവളയെ വിഴുങ്ങിയതിന്റെ അസ്വസ്ഥത എന്നാണ് ആദ്യം കരുതിയതെങ്കിലും എക്സ്റേ എടുത്തപ്പോഴാണ് ആശാൻ വിഴുങ്ങിയത് പന്താണെന്നു മനസിലായത്.
ശസ്ത്രക്രിയയിലൂടെ പന്ത് പുറത്തെടുക്കാമെന്നാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് ഉദരത്തിൽ സാവാധാനം അമർത്തി പുറത്തെടുക്കുകയായിരുന്നു. തന്റെ കുട്ടി കളിക്കാൻ ഉപയോഗിച്ചിരുന്ന ടെന്നീസ് ബോളാണ് പാന്പ് വിഴുങ്ങിയതെന്നു വീട്ടുടമ പറഞ്ഞു. വയറിനുള്ളിൽ നിന്നും ബോൾ പുറത്തെടുത്ത ശേഷം മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലെന്നു ഉറപ്പു വരുത്തിയ ശേഷമാണ് പാന്പിനെ വനത്തിൽ വിട്ടത്.