ഹെൽസിങ്കി: ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാകാൻ ഫിന്നിഷ് മന്ത്രി സാന്ന മാറിൻ. ഫിൻലാൻഡിലെ വനിതാ നേതൃത്വത്തിലുള്ള സഖ്യസർക്കാരിന്റെ നേതൃത്വം ഏറ്റെടുത്ത് 34ാം വയസിൽ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു ഈയാഴ്ച അധികാരമേൽക്കും.
ഫിന്നിഷ് ഗതാഗത മന്ത്രിയായ സാന്ന മാറിൻ നിലവിൽ പ്രധാനമന്ത്രി ആന്റി റിന്നെ രാജിവച്ച ഒഴിവിലാണ് സഖ്യകക്ഷികൾ സന്നായുടെ പേര് നിർദ്ദേശിച്ചത്. അഞ്ച് പാർട്ടികളുടെ കേന്ദ്ര ഇടതുപക്ഷ സഖ്യത്തിന്റെ പിന്തുണയാണ് സാന്നയ്ക്ക് ലഭിയ്ക്കുന്നത്. തപാൽ പണിമുടക്ക് കൈകാര്യം ചെയ്തതിൽ ഉണ്ടായ പിഴവ് റിന്നയ്ക്ക് സഖ്യകക്ഷിളുടെ വിശ്വാസം നഷ്ടപ്പെട്ടിരുന്നു. നൂറുകണക്കിന് തപാൽ തൊഴിലാളികളുടെ വേതനം വെട്ടിക്കുറയ്ക്കാനുള്ള പദ്ധതി വ്യാപകമായ പണിമുടക്കിന് കാരണമായതിനെ തുടർന്നാണ് റിന്നായുടെ രാജി.
യൂണിവേഴ്സിറ്റി പഠനത്തിനു ശേഷം രാഷ്ട്രീയത്തിലിറങ്ങിയ സാന്ന സോഷ്യൽ ഡെമോക്രാറ്റുകളുടെയിടയിൽ ഉന്നത സ്ഥാനത്ത് എത്തിയത് അതിവേഗമാണ്. 27 ാം വയസിൽ ടാംപെറിലെ സിറ്റി അഡ്മിനിസ്ട്രേഷന്റെ തലവനായി. 2015 ൽ എംപിയുമായി.
നോർഡിക് രാജ്യത്തെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാകുകയാണ് സാന്ന. ഏപ്രിലിൽ നടന്ന തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ പാർട്ടിയായി സോഷ്യൽ ഡെമോക്രാറ്റുകൾ ഉയർന്നു, അതിനാൽ സഖ്യസർക്കാരിൽ പ്രധാനമന്ത്രി പദം ഇവർക്കാണ്. സഖ്യസർക്കാരിലെ അഞ്ച് വനിതാ പാർട്ടി നേതാക്കളിൽ നാലുപേർ 35 വയസിന് താഴെയുള്ളവരാണ്.
ഫിൻലാൻഡ് നിലവിൽ യൂറോപ്യൻ യൂണിയന്റെ പ്രസിഡന്റ് സ്ഥാനത്താണ്. ഡിസംബർ 12 ന് ബ്രസൽസിൽ നടക്കുന്ന പുതിയ യൂറോപ്യൻ യൂണിയൻ ഉച്ചകോടിക്ക് എംപിമാർ അംഗീകാരം നൽകും.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ