സ്വന്തം മക്കളുടെ കാര്യത്തിൽ കരുതൽ കാട്ടാത്ത മാതാപിതാക്കൾ കുറവാണ്. കൈക്കുഞ്ഞുങ്ങളുടെ കാര്യത്തിലാണെങ്കിൽ പ്രത്യേകിച്ചും. എന്നാൽ അമേരിക്കയിലെ ടെക്സസില് ഒരു യുവാവ് മൂന്നു മാസം മാത്രം പ്രായമായ തന്റെ കുഞ്ഞിനെ കൈകാര്യം ചെയ്യുന്ന വീഡിയോ കണ്ടാൽ ഇവനൊരു അച്ഛനാണോയെന്ന് ആരും ചോദിച്ചുപോകും.
ഒരു യുവാവ് കാറിനു മുകളില് അടിഞ്ഞുകിടക്കുന്ന മഞ്ഞ് നീക്കുന്നതാണു വീഡിയോ. മഞ്ഞ് നീക്കാൻ ഉപയോഗിക്കുന്ന സാധനം എന്താണെന്ന് അറിയുന്പോഴാണ് അന്പരന്നു പോകുന്നത്. ഒരു കുഞ്ഞിനെ കാറിനു മുകളിൽ കിടത്തി വൈപ്പർപോലെ ഇരുവശത്തേക്കും ചലിപ്പിച്ചാണ് ഇയാൾ മഞ്ഞ് നീക്കിയത്. കാറിന്റെ മുന്വശത്തെ ഗ്ലാസിലെ മഞ്ഞ് മുഴുവനും ഇത്തരത്തില് കുഞ്ഞിനെ ഉപയോഗിച്ച് ഇയാള് നീക്കുന്നതും ഒടുവില് ചിരിച്ചുകൊണ്ട് കുഞ്ഞിനെ ഉയര്ത്തിപ്പിടിക്കുന്നതും വീഡിയോയില് കാണാം.
ഹെവന് ഈസ് സൈക്കോ എന്ന ടിക്ക് ടോക്ക് അക്കൗണ്ടില്നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. യുവാവിന്റെ കൈയിലുള്ളത് പാവയാണെന്നാണു പലരും കരുതിയത്. വീഡിയോ വൈറലായതോടെ പ്രാദേശിക പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയപ്പോഴാണ് 27കാരനായ ഒരു യുവാവ് മൂന്നു മാസം പ്രായമായ തന്റെ കുഞ്ഞിനെ ഉപയോഗിച്ചാണു കാറിനു മുകളിലെ മഞ്ഞ് നീക്കിയതെന്നു വ്യക്തമായത്.
അസ്വസ്ഥത ജനിപ്പിക്കുന്ന വീഡിയോ കണ്ടവർ യുവാവിനു കനത്തശിക്ഷ നല്കണമെന്ന് ആവശ്യപ്പെട്ടു. സംഭവത്തിൽ കേസെടുത്ത പോർട്ട് ആർതർ പോലീസ് യുവാവിന്റെ അപ്പാര്ട്ട്മെന്റ് പരിശോധിച്ചെന്നും കുട്ടിയെ അപായപ്പെടുത്തുന്ന രീതിയിൽ പ്രവർത്തിച്ചതിനു നടപടി സ്വീകരിക്കാൻ ചൈൽഡ് പ്രൊട്ടക്റ്റീവ് സർവീസസിലേക്ക് റഫർ ചെയ്തെന്നും റിപ്പോര്ട്ടുകളിൽ പറയുന്നു.