ചാർലി ചാപ്ലിൻ ദി ഗോൾഡ് റഷ് എന്ന സിനിമയിൽ ഷൂസ് തിന്നുന്ന സീൻ ഉണ്ട്. ഷൂസ് വേവിച്ച് മറ്റൊരാളോടൊപ്പം പങ്കിട്ടു കഴിക്കുന്ന സീൻ കണ്ട് ലോകം മുഴുവൻ പൊട്ടിച്ചിരിച്ചു. ആ രംഗത്തിനു പിന്നിൽ അക്കാലത്തെ സാമൂഹിക-രാഷ്ട്രീയവിഷയങ്ങൾ ഉണ്ടായിരുന്നു.
ഇന്നിപ്പോൾ സമൂഹമാധ്യമങ്ങളിൽ സോപ്പ് തിന്നുന്ന സുന്ദരിയായ യുവതിയുടെ വീഡിയോ തരംഗമായിരിക്കുന്നു. “എനിക്ക് സോപ്പ് കഴിക്കാൻ ഇഷ്ടമാണ്” എന്ന അടിക്കുറിപ്പോടെയാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ചത്. യുവതി ബാത്ത് സോപ്പ് എടുക്കുന്നതും മണക്കുന്നതും തിന്നുന്നതും വീഡിയോയിൽ കാണാം.
എളുപ്പത്തിൽ കഴിക്കാനായി സോപ്പ് മുറിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ, ഇൻസ്റ്റഗ്രാം റീലിൽ യുവതി കഴിച്ച സോപ്പ് യഥാർഥത്തിൽ സോപ്പ് അല്ലെന്നും വളരെ രുചികരമായ കേക്ക് ആണെന്നും പിന്നീട് വെളിപ്പെടുന്നു.
ഭക്ഷണപ്രിയരെ രസിപ്പിക്കാൻ റിയലിസ്റ്റിക് കേക്കുകൾ തയാറാക്കുന്ന കോൽക്കത്തയിൽനിന്നുള്ള ബേക്കറായ സുചി ദത്തയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ബാത്ത് സോപ്പ് പോലെയുള്ള കേക്ക് അവതരിപ്പിക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ ഏകദേശം മൂന്ന് ദശലക്ഷം പേരാണ് കണ്ടത്. കൗതുകരമായ വീഡിയോയിലൂടെ കാഴ്ചക്കാരെ വിസ്മയിക്കുന്ന കേക്ക് മേക്കർ കൂടിയാണ് സുചി ദത്ത.