ബംഗളൂരു: 24 കോടി രൂപ വിലമതിക്കുന്ന 12 കിലോഗ്രാം എംഡിഎംഎ ക്രിസ്റ്റലുകളുമായി നൈജീരിയൻ വനിത ബംഗളൂരുവിൽ പിടിയിൽ. ടിസി പാളയയിൽ പലചരക്കുകട നടത്തിവരികയായിരുന്ന റോസ്ലിൻ (40) ആണ് അറസ്റ്റിലായത്. ഇവരിൽനിന്നു ലഹരിവസ്തുക്കൾക്കൊപ്പം 70 സിം കാർഡുകളും പോലീസ് പിടിച്ചെടുത്തു. കടയുടെ മറവിലായിരുന്നു കച്ചവടം. മുംബൈയിൽനിന്നു സോപ്പ് പായ്ക്കറ്റുകളിലും ഉണക്കമീൻ പെട്ടികളിലുമാണു ലഹരിമരുന്നു കൊണ്ടുവന്നിരുന്നത്.
മറ്റൊരു വിദേശവനിതയാണ് മുംബൈ വഴി ലഹരിപദാർഥങ്ങൾ ബംഗളൂരുവിലെത്തിച്ചതെന്നാണു സൂചന. ഇവരെ പിടികിട്ടിയില്ല. സംസ്ഥാനത്തെ ഏറ്റവുംവലിയ ലഹരിവേട്ടകളിലൊന്നാണിതെന്നു ബംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദ പറഞ്ഞു. ബംഗളൂരുവിലുള്ള വിദേശപൗരന്മാർക്കും കോളജ് വിദ്യാർഥികൾക്കും ഐടി ജീവനക്കാർക്കുമാണു ലഹരിമരുന്നു വിതരണംചെയ്തിരുന്നതെന്നു യുവതി പോലീസിന് മൊഴിനൽകി.