കൊച്ചി: സാവിത്രിയും ശോഭയും ഒരു സ്വപ്നയാത്രയിലാണ്. യാത്രയെന്നു പറഞ്ഞാൽ അങ്ങ് ഡൽഹി വരെ… എന്തിനാണെന്നു ചോദിച്ചപ്പോൾ ഇരുവരും ഒന്നു ചിരിച്ചു, മറുപടിയും ചിരിയോടു കൂടിത്തന്നെ യായിരുന്നു- പ്രധാനമന്ത്രിയെ കാണണം, ഒരുമിച്ചു ഭക്ഷണം കഴിക്കണം. 10, 11 തീയതികളിൽ ഡൽഹിയിൽ വച്ച് പ്രധാനമന്ത്രി പങ്കെടുക്കുന്ന നാഷണൽ ലെവൽ കണ്സൾട്ടേഷൻ ഓണ് -ലൈവ്ലിഹുഡ് ആൻഡ് ഡൈവേഴ്സിഫിക്കേഷൻ- എന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനാണ് ഇരുവർക്കും ക്ഷണം ലഭിച്ചത്.
കേന്ദ്രസർക്കാർ നടപ്പാക്കുന്ന വിവിധ ഗ്രാമവികസന പദ്ധതികളുടെ ഉപഭോക്താക്കളാണ് ഈ എക്സിബിഷനിൽ പങ്കെടുക്കുക. മഹാത്മാഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ പണിയെടുക്കുന്ന തൊഴിലാളികളെ പങ്കെടുപ്പിക്കണമെന്നു കേന്ദ്രസർക്കാരിന്റെ നിർദേശമുണ്ടായിരുന്നു. സംസ്ഥാനത്ത് നിന്നു തൊഴിലുറപ്പു പദ്ധതിയിൽ 100 ദിവസം പൂർത്തീകരിച്ച 27 പേരാണ് പങ്കെടുക്കുക. ജില്ലയിൽ നിന്നു ഞാറയ്ക്കൽ സ്വദേശി സാവിത്രി ശശിധരനും ചിറ്റേത്തുകര മാച്ചാന്തുരുത്ത് സ്വദേശി ശോഭ ജോർജിനുമാണ് ഈ ഭാഗ്യം ലഭിച്ചത്. പത്തിനു പ്രധാനമന്ത്രി നടത്തുന്ന വിരുന്നു സൽക്കാരത്തിൽ പ്രത്യേക അതിഥികളായാണ് ഇവർ പങ്കെടുക്കുക.
കഴിഞ്ഞ ഒൻപതു വർഷമായി സാവിത്രി തൊഴിലുറപ്പിനു പോകുന്നുണ്ട്. ഏഴു വർഷവും 100 പ്രവ്യത്തി ദിനവും പൂർത്തിയാക്കി. ഒരു വർഷം മാത്രം 98 ദിവസം പണിക്കു പോകാനേ കഴിഞ്ഞുള്ളു.
ഭർത്താവും അമ്മയും മകനും മകന്റെ ഭാര്യയും രണ്ടു പേരക്കുട്ടികളുമടങ്ങുന്ന ഈ കുടുംബത്തിന്റെ പ്രധാന വരുമാന മാർഗമാണ് തൊഴിലുറപ്പു പദ്ധതി. ആരോഗ്യസ്ഥിതി മോശമായതിനാൽ ഭർത്താവിനു ജോലിക്കു പോകാൻ കഴിയാത്ത അവസ്ഥയിലാണ്.
ഭർത്താവിന്റെ ചികിത്സക്കടക്കം തൊഴിലുറപ്പു പദ്ധതിയിൽ നിന്നു സാവിത്രിക്കു ലഭിക്കുന്ന വരുമാനം വലിയൊരാശ്വാസമാണ്. ആകെയുള്ള മൂന്നു സെന്റിലുള്ള വീട് പൂർത്തിയാക്കാനും പദ്ധതി സഹായകമായി എന്നു സാവിത്രി പറയുന്നു. തൊഴിലുറപ്പിനൊപ്പം മറ്റു വീടുകളിൽ വീട്ടുജോലിക്കും സാവിത്രി പോകുന്നുണ്ട്. രാവിലെ 4.30ന് ആരംഭിക്കുന്ന വീട്ടുജോലിയും കഴിഞ്ഞാണ് തൊഴിലുറപ്പിനെത്തുന്നത്.ആരോഗ്യമുള്ളിടത്തോളം കാലം തൊഴിലുറപ്പ് പണിക്ക് പോകുമെന്നാണ് സാവിത്രി പറയുന്നത്.
പദ്ധതി ആരംഭിച്ച വർഷം മുതൽ തൊഴിലുറപ്പ് ജോലിക്കു പോകുന്നയാളാണ് ശോഭ. ഇടയ്ക്കു ഒന്നു രണ്ടു വർഷം പോയില്ല. എങ്കിലും അഞ്ചു വർഷത്തോളമായി തൊഴിലുറപ്പു പദ്ധതി ശോഭയും ഭർത്താവ് ജോർജും അടങ്ങുന്ന ഈ ചെറിയ കുടുംബത്തിന്റെ പ്രധാന വരുമാനമാർഗമാണ്. ആകെയുള്ള മൂന്നു സെന്റിലെ വീട് ഇപ്പോൾ കാണുന്ന നിലയിലാക്കിയത് ഈ വരുമാന മാർഗം കൂടി ഉപയോഗിച്ചാണെന്നു ശോഭ പറയുന്നു. തൊഴിലുറപ്പു പദ്ധതിയിൽ കൂടെയുള്ള പത്തോളം പേരുമായി ചേർന്ന് തൊഴിലുറപ്പിലെ വരുമാനം ഉപയോഗിച്ച് പച്ചക്കറികൃഷിയും ശോഭ നടത്തുന്നുണ്ട്.
ഇരുവരും ഇന്നലെ രാത്രി ഏഴിന് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നു പുറപ്പെട്ടു. യാത്രാ ചെലവ് മുഴുവൻ സർക്കാരാണ് വഹിക്കുന്നത്. താമസ സൗകര്യവും സർക്കാർ നൽകും.
ട്രെയിൻ യാത്രയിൽ ഭക്ഷണത്തിനും മറ്റുമായി 1200 രൂപയും നൽകിയിട്ടുണ്ടെന്നു മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്റർ കെ.ജി. തിലകൻ പറഞ്ഞു.
ബിജോ ടോമി