ഇരിട്ടി: നാടോടി യുവതിയെ കൊലപ്പെടുത്തിയ പ്രതി യുവതിയുടെ ഭര്‍ത്താവിനെയും മക്കളെയുംകൊലപ്പെടുത്തിയതായി സൂചന. ഇരിട്ടി പഴയ പാലം റോഡില്‍ കര്‍ണാടക മാണ്ഡ്യ സ്വദേശിനിയായ നാടോടി യുവതി ശോഭയെ (25) കഴുത്തുഞെരിച്ച് ബോധം കെടുത്തിയശേഷം പൊട്ടക്കിണറ്റിലിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതിയും കൊല്ലപ്പെട്ട ശോഭയുടെ മാതൃസഹോദരീഭര്‍ത്താവുമായ തുംകൂര്‍ സ്വദേശി മഞ്ജുനാഥു (45) മായി പോലീസ് നടത്തിയ തെളിവെടുപ്പിലാണ് കൊലപാതക സംശയം ബലപ്പെടുന്നത്.
റിമാന്‍ഡിലായിരുന്ന പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കേസന്വേഷിക്കുന്ന പേരാവൂര്‍ സിഐ സുനില്‍കുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബംഗളൂരുവില്‍ തെളിവെടുപ്പ് നടത്തുകയാണ്. ഇവിടെനിന്നും കത്തി ക്കരിഞ്ഞ നിലയില്‍ അസ്ഥികള്‍ പോലീസിനു ലഭിച്ചു. ഇത് ശോഭയുടെ ആദ്യഭര്‍ത്താവ് രാജുവിന്‍റേതാണോ അതോ കുട്ടികളുടേതാണോയെന്നാണ് പോലീസ് ശാസ്ത്രീയ അന്വേഷണത്തിലൂടെ പരിശോധിക്കുന്നത്.
ശോഭയുടെ കൊലപാതകം നടന്ന ജനുവരി 15ന് രാവിലെ പ്രതി മഞ്ജുനാഥ് ശോഭയുടെ ആറ് വയസുള്ള മകന്‍ ആര്യനെയും നാലുവയസുള്ള മകള്‍ അമൃതയെയും കൂട്ടി ഇരിട്ടി ബസ് സ്റ്റാന്‍ഡിലേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. എന്നാല്‍ ഈ കുട്ടികളെ താന്‍ കര്‍ണാടകയിലേക്ക് ട്രെയിന്‍ കയറ്റിവിട്ടെന്നാണ് പ്രതി പോലീസിനോടു പറഞ്ഞതെങ്കിലും പോലീസിതു വിശ്വസിച്ചിട്ടില്ല. ശോഭയുടെ മക്കളെയും ഇയാള്‍ കൊലപ്പെടുത്തിയോ അതോ നാട്ടിലെത്തിച്ചോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കാനാണ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്. ശോഭയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ മകന്‍ ആര്യന്‍ ഉണര്‍ന്നിരുന്നു. ഈ വിരോധത്തെ തുടര്‍ന്ന് മക്കളെ ഇയാള്‍ കൊലപെടുത്തിയിരിക്കാമെന്ന സംശയവും പോലീസ് തള്ളിക്കളയുന്നില്ല. ആര്യന്‍ ശബ്ദം കേട്ട് ഉണര്‍ന്നതായി മഞ്ജുനാഥ് തന്നെയാണ് ചോദ്യംചെയ്യലില്‍ സമ്മതിച്ചത്. ഈ കുട്ടിയെ കണ്ടുകിട്ടിയാല്‍ കേസിലെ സാക്ഷിയാക്കാനും കേസ് കോടതിയില്‍ തെളിയിക്കാനും അന്വേഷണ സംഘത്തിന് കഴിയും.
കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയുടെ മൊഴിയിലെ വൈരുധ്യമാണ് ബംഗളൂരുവിലേക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍ പോലീസിനെ പ്രേരിപ്പിച്ചത്. ശോഭയുടെ ഭര്‍ത്താവിനെ കാണാതായപ്പോള്‍ അന്വേഷിക്കാനായി താന്‍ ഇവിടെ വരികയും എന്നാല്‍, തിരികെ തുംകൂറിലേക്ക് പോകേണ്ടെന്ന് ശോഭ നിര്‍ബന്ധിച്ചപ്പോള്‍ ആ വിരോധത്തില്‍ ശോഭയെ കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് പ്രതി ആദ്യം പോലീസിനോട് പറഞ്ഞത്. എന്നാല്‍ ആദ്യഭര്‍ത്താവിനെ കൊലപ്പെടുത്തി ശോഭയോടൊപ്പം ഇരിട്ടിയില്‍ കഴിഞ്ഞുവരികയായിരുന്ന മഞ്ജുനാഥ് ഒടുവില്‍ ശോഭയെയും കൊലപ്പെടുത്തി സ്ഥലംവിടുകയുമായിരുന്നുവെന്നാണ് സൂചന. ആറു മാസം മുന്പാണ് ശോഭയുടെ ആദ്യ ഭര്‍ത്താവ് രാജുവിനെ കാണാതാകുന്നത്. കര്‍ണാടകയില്‍ ഭാര്യയും മക്കളുമുള്ളയാളാണ് മഞ്ജുനാഥ്. ശോഭയുടെ ആദ്യഭര്‍ത്താവിനെ കൊലപ്പെടുത്തി അഗ്‌നിക്കിരയാക്കിയതാണെന്നാണ് പോലീസ് കരുതുന്നത്.