തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രനെതിരായ പൂതന പരാമർശത്തിൽ ഉറച്ചുനിൽക്കുന്നതായി കഴക്കൂട്ടം മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രൻ.
താൻ പറഞ്ഞതിന്റെ അർത്ഥം മനസിലാക്കാൻ പോലും കടകംപളളിക്ക് കഴിഞ്ഞിട്ടില്ല. കോടതിയും കേസും തനിക്ക് പുത്തരിയല്ല,
ഇത് ആള് വേറെയാണ്. ജനങ്ങൾ തനിക്കൊപ്പമാണെന്നും ശോഭ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
ശോഭ സുരേന്ദ്രന്റെ പൂതന പരാമർശത്തില്‍ ഡിവൈഎഫ്ഐ നേതാവ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നല്‍കിയിരുന്നു.
കരിക്കകം സ്വദേശിയായ ഡിവൈഎഫ്ഐ നേതാവ് ബി.എസ്. സജിയാണ് തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയത്.
കടകംപള്ളി അയ്യപ്പവിശ്വാസികളെ ദ്രോഹിക്കാൻ വന്ന പൂതനയാണെന്നാണ് ശോഭ ശനിയാഴ്ച പറഞ്ഞത്.
ശബരിമല വിഷയത്തിൽ കടകംപള്ളിയുടെ ഖേദപ്രകടനം വീണിടത്തു കിടന്ന് ഉരുളൽ ആണെന്നും ശോഭ പറഞ്ഞിരുന്നു.
പൂതന പരാമർശത്തെക്കുറിച്ച് ജനം വിലയിരുത്തൽ നടത്തട്ടെയെന്നായിരുന്നു കടകംപള്ളിയുടെ മറുപടി. താൻ തൊഴിലാളി വർഗ സംസ്കാരത്തിൽ വളർന്നു വന്നതാണ്.
സ്ത്രീകളെയും പ്രതിയോഗികളെയും ബഹുമാനിക്കാനാണു പഠിച്ചിട്ടുള്ളതെന്നും മന്ത്രി പ്രതികരിച്ചു.