സ്വന്തം ലേഖകൻ
തൃശൂർ: ബിജെപിയിൽ കലാപക്കൊടി ഉയർത്തി സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചുകൊണ്ടിരിക്കുന്ന ശോഭ സുരേന്ദ്രൻ പാർട്ടി പ്രസിഡന്റ് കെ.സുരേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും പരസ്യമായി രംഗത്ത്.
തന്നെ പാർട്ടിയിൽനിന്നു പുറത്താക്കാൻ സുരേന്ദ്രൻ രാഷ്ട്രീയ ഗൂഢാലോചന നടത്തിയെന്നും വ്യക്തിപരമായി തന്നെ തേജോവധം ചെയ്യുകയാണെന്നും ശോഭ ആരോപിച്ചു.
സുരേന്ദ്രന്റെ നിലപാടുകളിൽ താനടക്കം പലരും അസംതൃപ്തരാണെന്നും ശോഭ പറയുന്നു. ഇവരെയെല്ലാം ഒന്നിച്ചു ചേർത്ത് സുരേന്ദ്രനെതിരെ നീക്കം നടത്തുന്നുണ്ടെങ്കിലും കേന്ദ്രനേതൃത്വം ഇതുവരെയും ശോഭയ്ക്കനുകൂലമായി ഒന്നും പ്രതികരിച്ചിട്ടില്ല.
അതിനിടെ സംസ്ഥാന ഘടകത്തിനകത്തെ സ്ഥിതിഗതികൾ വിശദീകരിച്ച് സുരേന്ദ്രൻ കഴിഞ്ഞ ദിവസം കേന്ദ്ര നേതൃത്വത്തിന് വിശദമായ കത്തു നൽകിയിട്ടുണ്ടെന്നറിയുന്നു.
വിശദീകരണമാണെങ്കിലും അതിൽ ശോഭയടക്കം പരസ്യപ്രതികരണം നടത്തിയ നേതാക്കൾക്കെതിരെയുള്ള പരാതിയുണ്ടെന്നും സൂചനയുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ സമയത്ത് പാർട്ടിയിൽ ചേരിതിരിവുണ്ടെന്ന് എതിർപാർട്ടിക്കാർക്ക് പറഞ്ഞുനടക്കാൻ അവസരമുണ്ടാക്കിയ ശോഭയ്ക്കും മറ്റുള്ളവർക്കുമെതിരെ അച്ചടക്കനടപടി വേണമെന്ന ആവശ്യം സുരേന്ദ്രൻ ഉന്നയിച്ചിട്ടുണ്ടെന്നാണ് സൂചന.
എന്നാൽ എല്ലാവരേയും ഒന്നിച്ചുകൊണ്ടുപോകാൻ സാധിക്കുമെന്നും വേറെ പ്രശ്നങ്ങളൊന്നുമില്ലെന്നുമാണ് പാർട്ടി പ്രസിഡന്റിന്റെ കത്തിന്റെ ഉള്ളടക്കമെന്നും പറയുന്നുണ്ട്.
തനിക്കെതിരെ രാഷ്ട്രീയമായും വ്യക്തിപരമായും ഗൂഢാലോചന നടത്തി തന്നെ പാർട്ടിയിൽ നിന്നും പുറത്താക്കാനാണ് സുരേന്ദ്രൻ ശ്രമിക്കുന്നതെന്ന് ശോഭ തുടർച്ചയായി ആരോപിക്കുന്നുണ്ട്.
തന്നെ എന്തു കാരണത്താലാണ് പാർട്ടിയുടെ പ്രമുഖ സ്ഥാനങ്ങളിലേക്ക് പരിഗണിക്കാതെ തഴയുന്നതെന്നാണ് ശോഭയുടെ പ്രധാന ചോദ്യം.
ലോക്സഭ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങലിൽ ബിജെപിയുടെ വോട്ട് ശതമാനം വർധിപ്പിച്ചതും പാർട്ടിക്കു വേണ്ടി ഇത്രകാലം ശക്തമായി പ്രവർത്തിച്ചതും എല്ലാം ചൂണ്ടിക്കാട്ടിയാണ് ശോഭയുടെ ചോദ്യമുന്നയിക്കുന്നത്.
തന്നെ സംസ്ഥാന കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്താതിരുന്നതാണ് ശോഭയെ ചൊടിച്ചിപ്പിച്ചത്.
രാഷ്ട്രീയ വനവാസത്തിലേക്ക് ശോഭ നീങ്ങിയതും അതേത്തുടർന്നാണ്. എന്നാൽ തെരഞ്ഞെടുപ്പ് അടുത്തതോടെ ശോഭ ശക്തമായ ആരോപണങ്ങളും പ്രതികരണങ്ങളുമായി രംഗത്തിറങ്ങുകയുമായിരുന്നു.
കേന്ദ്രനേതൃത്വം തനിക്ക് പ്രധാന ചുമതലകൾ നൽകുമെന്ന പ്രതീക്ഷകളുമായി മുന്നോട്ടുപോകുന്പോഴാണ് അപ്രതീക്ഷിതമായി ശോഭ ഒതുക്കപ്പെട്ടത്.
പാർട്ടി പ്രസിഡന്റിന് വേണ്ടപ്പെട്ടവരെ മാത്രം കോർ കമ്മിറ്റിയിലേക്കും മറ്റും നിശ്ചയിച്ചതിനെതിരെ ഒപ്പു ശേഖരണവും മറ്റും ശോഭ നടത്തുന്നുണ്ട്. തനിക്കൊപ്പമുള്ള ഇരുപതിലധികം പേർ കേന്ദ്രത്തിന് നിവേദനം നൽകുമെന്നും ശോഭ പറയുന്നുണ്ട്.
തന്റെ ഇമേജ് തകർക്കാൻ സുരേന്ദ്രൻ ശ്രമിക്കുന്നതായാണ് ശോഭയുടെ ആരോപണം. സോഷ്യൽമീഡിയ വഴി അപകീർത്തിപരമായ പരാമർശങ്ങൾ നടത്തുന്നതായും ശോഭ ആരോപിക്കുന്നു.
ബിജെപി കേന്ദ്ര നേതൃത്വം വിഷയത്തിൽ ഇടപെടണമെന്ന് ശോഭ ആവശ്യപ്പെടുന്നുണ്ടെങ്കിലും സംസ്ഥാന ഘടകം പ്രശ്നം പരിഹരിക്കട്ടെ എന്നാണ് കേന്ദ്ര നിലപാടെന്നറിയുന്നു.
ജില്ലാ തലങ്ങളിൽ യോഗം വിളിച്ചു ചേർക്കാനും ശോഭയുടെ നേതൃത്വത്തിലുള്ളവർ ആസൂത്രണം ചെയ്യുന്നുണ്ട്. തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രതീക്ഷകൾ അട്ടിമറിക്കാൻ ശോഭയുടെ നീക്കങ്ങൾ കൊണ്ട് കഴിയുമോ എന്ന് കേന്ദ്രനേതൃത്വം പരിശോധിക്കുന്നുണ്ട്.
ശോഭയെ പിണക്കുന്നത് തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടിയാകുമോ എന്ന് കേന്ദ്രം സംസ്ഥാന ഘടകത്തോട് ചോദിച്ചിട്ടുണ്ട്.
എന്നാൽ പാർട്ടിക്കുള്ളിൽ അസംതൃപ്തരില്ലെന്നും ഇപ്പോഴത്തെ ചെറിയ പ്രശ്നങ്ങൾ ഇവിടെ തന്നെ ചർച്ച ചെയ്ത് പരിഹരിക്കാമെന്നുമുള്ള നിലപാടാണ് കേരളത്തിന്റേത്. അതുകൊണ്ടു തന്നെ ശോഭ വിഷയത്തിൽ കേന്ദ്രകമ്മിറ്റി നേരിട്ടിടപെടില്ലെന്നാണ് ഇപ്പോഴത്തെ സൂചന.
ശോഭയടക്കമുള്ളവരെ ചർച്ചയ്ക്ക് ക്ഷണിച്ച് പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ കേന്ദ്രമന്ത്രി മുരളീധരനടക്കമുള്ളവർ വൈകാതെ മുൻകൈ എടുക്കുമെന്നും അറിയുന്നു.