തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയെ വെല്ലുവിളിച്ച് ആറ്റിങ്ങൽ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രൻ. അയ്യന്റെ പേര് പറഞ്ഞാൽ നടപടി എടുക്കുമെങ്കിൽ തനിക്കെതിരെ നടപടി എടുക്കട്ടെ എന്ന് ശോഭാ സുരേന്ദ്രൻ വെല്ലുവിളിച്ചു.
ടിക്കാറാം മീണ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിന്റെയും എകെജി സെന്ററിന്േറയും ജോലിയാണ് എടുക്കുന്നത്. എൻഡിഎ അത് അനുവദിക്കില്ല. എല്ലാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലും അയ്യന്റെ പേര് പറയും. അയ്യന്റെ പേര് പറഞ്ഞാൽ നടപടി എടുക്കുമെങ്കിൽ തനിക്കെതിരെ നടപടി എടുക്കട്ടെ- ശോഭ സുരേന്ദ്രൻ വെല്ലുവിളിച്ചു.
ശബരിമല തെരഞ്ഞെടുപ്പ് പ്രചരണ വിഷയമാക്കരുതെന്ന് ആവർത്തിച്ച് ടിക്കാറാം മീണ രംഗത്തെത്തിയിരുന്നു. ദൈവത്തിന്റെ പേരു പറഞ്ഞു വോട്ടു പിടിക്കരുതെന്നാണു പെരുമാറ്റച്ചട്ടമെന്നും അക്കാര്യം വീണ്ടും ആവർത്തിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.