കൊച്ചി: ശബരിമല വിഷയത്തിൽ പോലീസ് ഇടപെടലിനെ ചോദ്യം ചെയ്തു ഹൈക്കോടതിയെ സമീപിച്ച ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രനു കോടതിയുടെ രൂക്ഷവിമർശനം. അനാവശ്യ ഹർജി നൽകിയതിനു കോടതിച്ചെലവായി 25,000 രൂപ കെട്ടിവയ്ക്കാനും നിർദേശിച്ചു. ശബരിമല വിഷയത്തിൽ ഭക്തരെ പോലീസ് നിയമവിരുദ്ധമായി അറസ്റ്റ് ചെയ്യുന്നെന്നാരോപിച്ച് ശോഭാ സുരേന്ദ്രൻ നൽകിയ ഹർജി ദുരുദ്ദേശ്യപരവും പബ്ലിസിറ്റിക്കു വേണ്ടിയുള്ളതുമാണെന്നും വ്യക്തമാക്കി ചീഫ് ജസ്റ്റീസ് ഋഷികേശ് റോയി ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി തള്ളുകയായിരുന്നു.
നിലവിലെ സാഹചര്യത്തിൽ വാദങ്ങളിൽ ജാഗ്രത പാലിക്കണം. ദുരുദ്ദേശ്യപരമായ വ്യവഹാരമാണിത്. ഹർജിക്കാരിയുടെ ഉദ്ദേശ്യം വാദങ്ങളിൽനിന്നു വ്യക്തം. വിലകുറഞ്ഞ പ്രശസ്തിക്കുവേണ്ടി കോടതിയെ ദുരുപയോഗിക്കരുതെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഈ ഘട്ടത്തിൽ ഹർജി പിൻവലിക്കാൻ തയാറായ അഭിഭാഷകൻ നിരുപാധികം മാപ്പു പറയാനും തയാറായി.
എന്നാൽ, അനാവശ്യ വ്യവഹാരങ്ങൾക്കുള്ള സന്ദേശംകൂടിയാണിതെന്നു വ്യക്തമാക്കിയാണ് കോടതിച്ചെലവ് കെട്ടിവയ്ക്കാൻ നിർദേശിച്ചത്. ഈ തുക ഹർജിക്കാരി കേരള ലീഗൽ സർവീസ് അഥോറിറ്റിക്കാണ് നൽകേണ്ടത്. രണ്ടാഴ്ചയ്ക്കുള്ളിൽ പണം അടയ്ക്കണം. അല്ലാത്തപക്ഷം റവന്യു റിക്കവറി നടപടികൾ സ്വീകരിക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികളെ വെറുതേവിട്ട കേസുകളിൽ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കിയില്ലെന്നും പോലീസ് അതിക്രമം കേരളത്തിൽ വർധിച്ചുവരികയാണെന്നും ആരോപിച്ചാണ് ശോഭാ സുരേന്ദ്രൻ പൊതുതാത്പര്യഹർജി നൽകിയിരുന്നത്.
2014ലെ കിഷൻഭായി കേസിലെ സുപ്രീംകോടതി വിധി കേരളത്തിൽ നടപ്പാക്കിയില്ലെന്നും ശബരിമലയിൽ കേന്ദ്രമന്ത്രിയെയും ഹൈക്കോടതി ജഡ്ജിയെയും പോലീസ് അപമാനിക്കുന്ന സ്ഥിതി ഉണ്ടായെന്നും ഹർജിക്കാരി ചൂണ്ടിക്കാട്ടി. പ്രതികളെ വെറുതേവിട്ട കേസുകളുടെ വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം ലഭിച്ചില്ലെന്നും ഹർജിയിൽ പറയുന്നു. ഇതോടൊപ്പമാണ് ശബരിമല വിഷയത്തിൽ 5000 ത്തോളം പേരെ കള്ളക്കേസിൽ അറസ്റ്റ് ചെയ്തെന്നും ഈ കേസിലെ വിവരങ്ങൾ ഹാജരാക്കാൻ നിർദേശിക്കണമെന്നും ആവശ്യപ്പെട്ടിരുന്നത്.