ചെങ്ങന്നൂർ: സാമൂഹ്യ മാധ്യമങ്ങളിൽ വ്യക്തിഹത്യ നടത്തി അപമാനിക്കുന്നതിനെതിരെ ചെങ്ങന്നൂരിലെ മുൻ എംഎൽഎ ശോഭന ജോർജ് നൽകിയ പരാതിയിൽ സൈബർ സെൽ അന്വേഷണം തുടങ്ങി.
എൽഡിഎഫ് സ്ഥാനാർഥിക്കുവേണ്ടി പ്രചാരണം നടത്താനും സിപിഐ എമ്മുമായി ചേർന്ന് പ്രവർത്തിക്കാനും തീരുമാനിച്ചതു മുതൽ നവമാധ്യമങ്ങളിലൂടെ രാഷ്ട്രീയ ശത്രുക്കൾ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ നടത്തി വരുന്ന പ്രചാരണങ്ങൾക്കെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് ശോഭനാ ജോർജ് കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു.
കോണ്ഗ്രസ് സൈബർ ടീം, ഐഎൻസി സൈബർ വിംഗ്, കുരുക്ഷേത്ര, കാവിപ്പട എന്നീ സംഘടനകളുടെയും വ്യക്തികളുടെയും ഫെയ്സ്ബുക്ക് ഐഡികളിൽനിന്ന് തുടർച്ചയായി മോശമായ പദപ്രയോഗങ്ങൾ തന്റെ ചിത്രങ്ങളും ചേർത്ത് പ്രചരിപ്പിക്കുകയാണെന്ന് ശോഭനാ ജോർജ് പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കി. ഫെയ്സ്ബുക്ക് പോസ്റ്റുകളുടെ പകർപ്പും ഹാജരാക്കി.