കാസർഗോഡ്: ശോഭാ സുരേന്ദ്രനെതിരേ ബിജെപി സംസ്ഥാന നേതൃത്വം. ഇതുസംബന്ധിച്ചു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തെയും ആർഎസ്എസ് നേതൃത്വത്തെയും നിലപാടറിയിച്ചു.
പാർട്ടിയിൽനിന്നു ശോഭാ സുരേന്ദ്രൻ വിട്ടുനിൽക്കുന്നതു വ്യക്തമായ കാരണങ്ങളില്ലാതെയാണെന്നും തദ്ദേശ തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിക്കു വേണ്ടിപ്പോലും പ്രവർത്തിക്കാത്തതിനു ന്യായീകരണമില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
നിലവിൽ ബിജെപി വൈസ് പ്രസിഡന്റായ ശോഭാ സുരേന്ദ്രൻ പാർട്ടിയിൽനിന്നു വിട്ടുനിന്നു പ്രതിഷേധം ഉയർത്തുന്ന രീതി ശരിയല്ല.
പാർട്ടിയിൽ സഹകരിക്കാതെ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടാണു സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെയുള്ളവർ അറിയിച്ചിരിക്കുന്നതെന്നും സുരേന്ദ്രൻ അറിയിച്ചു.
ചുമതലയുള്ളവർ ആവശ്യപ്പെട്ടിട്ടും ശോഭ പാർട്ടി യോഗങ്ങളിൽ പങ്കെടുക്കുന്നില്ലെന്നും നിർണായകമായ തദ്ദേശ തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ പ്രവർത്തന രംഗത്തുണ്ടായിരുന്നില്ലെന്നും സംസ്ഥാന ഘടകം ചൂണ്ടിക്കാണിച്ചു.
തനിക്കെതിരെയെന്നു മാധ്യമങ്ങൾ പറയുന്ന എം.ടി. രമേശും പി.കെ. കൃഷ്ണദാസും അടക്കം തെരഞ്ഞെടുപ്പിൽ സജീവമായി രംഗത്തിറങ്ങയെന്നും സുരേന്ദ്രൻ നേതൃത്വത്തോടു വിശദീകരിച്ചു.
കഴിഞ്ഞ ദിവസങ്ങളിലെല്ലാം സംസ്ഥാന നേതൃത്വത്തിനെതിരേ ശോഭാ സുരേന്ദ്രൻ കലാപക്കൊടി ഉയർത്തിയിരുന്നു.
ഇതിനു പിന്നാലെയാണ്, തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്കു പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ സാധിക്കാത്തതിൽ ആർഎസ്എസ് നേതൃത്വം കഴിഞ്ഞ ദിവസം അതൃപ്തി അറിയിച്ചത്.