കൽപ്പറ്റ: ജാനുവും സുരേന്ദ്രനുമായി ബന്ധപ്പെട്ട കോഴക്കേസ് കെട്ടുകഥമാത്രമാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം ശോഭാ സുരേന്ദ്രൻ.
യാതൊരുവിധ രേഖകളും ഇതുവരെയും ലഭിച്ചിട്ടില്ല. വലിയ പുകമറ സൃഷ്ടിക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം. ചോദ്യം ചെയ്യലുകൾ പ്രഹസനമായി മാറി.
ആഭ്യന്തരവകുപ്പിന് ബിജെപിയെ പ്രതിരോധത്തിലാക്കുക എന്ന ഗൂഢലക്ഷ്യമാണുള്ളത്. വയനാട് പ്രസ് ക്ലബിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.
കേരളത്തിൽ നടക്കുന്നത് പാർട്ടി സെൽ ഭരണമാണ്. കോടിക്കണക്കിന് രൂപയുടെ മരം മുറിച്ചു കടത്തി അഴിമതി നടത്തിയിട്ടും സർക്കാർ ഇടപെടാത്തത് പാർട്ടി സെൽ ഭരണമാണ് നടക്കുന്നത് എന്നതിന് തെളിവാണ്.
മന്ത്രിമാരുടെ മുകളിൽ അദൃശ്യ ശക്തിയായി പാർട്ടി സെൽ പ്രവർത്തിക്കുന്നു. പാർട്ടി നേതാക്കളെ മന്ത്രിമാരുടെ ഓഫീസുകളിൽ കുത്തിനിറച്ചിരിക്കുകയാണ്. ഈ അഴിമതികളെല്ലാം നടത്തുന്നത് സിപിഐയും സിപിഎമ്മും ഒത്തുചേർന്നാണ്.
എല്ലാ വിഷയങ്ങളിലും അഭിപ്രായം പറയുന്ന കാനം രാജേന്ദ്രൻ മരംമുറി വിഷയത്തിൽ മാത്രം മൗനം പാലിക്കുകയാണ്. മരംമുറി ഗൂഢാലോചനയ്ക്ക് നേതൃത്വം നൽകിയതുകൊണ്ടാണ് കാനത്തിന് മൗനം പാലിക്കേണ്ടി വരുന്നത്.
കള്ളൻമാർക്ക് കുട പിടിച്ചില്ലെങ്കിൽ കാണിച്ചു തരാം എന്നാണ് പിണറായിയുടെ ഭാഷ്യം. സത്യസന്ധരായ ഉദ്യോഗസ്ഥരെ ബലിയാടാക്കി സർക്കാരിനെയും പാർട്ടിയേയും വന്പൻ സ്രാവുകളെയും രക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.
ഭരണപക്ഷത്തിന് കുട പിടിച്ചു കൊടുക്കുന്ന ചുമതലയാണ് പ്രതിപക്ഷത്തിനുള്ളത്. കേസുകളിൽ ഒത്തുതീർപ്പാക്കി പരസ്പരം സഹായിക്കുകയാണ് ഇരുകൂട്ടരും. പെട്രോൾ വിലയുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകൾ ആണ് ബിജെപിക്കെതിരേ ഉയരുന്നത്.
എന്നാൽ യഥാർത്ഥത്തിൽ കൊള്ള നടത്തുന്നത് കേരള സർക്കാരാണ്. പെട്രോൾ ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ കേന്ദ്രം തയ്യാറാണ്. എന്നാൽ കേരള സർക്കാർ അതിനു വിമുഖത കാട്ടുകയാണെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കർ, ബിജെപി കൽപ്പറ്റ മണ്ഡലം പ്രസിഡന്റ് ടി.എം. സുബീഷ് എന്നിവർ പങ്കെടുത്തു. ശോഭ സുരേന്ദ്രൻ പറഞ്ഞു.