സ്വന്തം ലേഖകൻ
തിരുവനന്തപുരം: ബിജെപി സംസ്ഥാന, ദേശീയ പുനഃസംഘടനകളിലെ വെട്ടിനിരത്തലിനെ ചൊല്ലി പാർട്ടിക്കുള്ളിൽ പുകച്ചിൽ രൂക്ഷം.
സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഏകപക്ഷീയമായി തീരുമാനമെടുക്കുന്നെന്നും വെട്ടിനിരത്തൽ നടത്തുന്നെന്നുമാണ് നേതാക്കളുടെ ആക്ഷേപം.
ദേശീയ നിർവാഹക സമിതിയിൽ നിന്നു സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ശോഭ സുരേന്ദ്രനെ ഒഴിവാക്കിയതും പി.കെ. കൃഷ്ണദാസിനെ പ്രത്യേക ക്ഷണിതാവ് മാത്രമാക്കി ഒതുക്കിയതും സംസ്ഥാന നേതൃത്വം അറിഞ്ഞുള്ള വെട്ടിനിരത്തലാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്.
സംസ്ഥാന നേതൃത്വം തന്നെ അവഗണിക്കുന്നതിനെതിരേ ശോഭ സുരേന്ദ്രൻ നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരെ കണ്ട് പരാതി പറഞ്ഞിരുന്നു.
ഇതിനു പിന്നാലെയാണ് ദേശീയ നിർവാഹക സമിതിയിൽ നിന്ന് ശോഭ സുരേന്ദ്രനെ ഒഴിവാക്കിയത്.
ഇത് സംസ്ഥാന പ്രസിഡന്റിന്റെയും കേന്ദ്രമന്ത്രി വി. മുരളീധരന്റെയും നീക്കമാണെന്നാണ് ആരോപണം. സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയോടെ സംഘടന ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷാണ് വെട്ടിനിരത്തൽ നടത്തിയതെന്നും നേതാക്കൾ ആരോപിക്കുന്നു.
മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തെയും മുൻ എംഎൽഎ ഒ. രാജഗോപാലിനെയും ദേശീയ നിർവാഹക സമിതിയിൽ നിന്നു നീക്കിയതിനെതിരേയും ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.
ജില്ലാ പ്രസിഡന്റുമാരെ പുനഃസംഘടിപ്പിച്ചപ്പോൾ കൃഷ്ണദാസ് പക്ഷത്തിനു കനത്ത തിരിച്ചടി നേരിട്ടിരുന്നു.
വയനാട് ജില്ലാ പ്രസിഡന്റായിരുന്ന സജി ശങ്കറിനെ മാറ്റിയതിൽ പ്രതിഷേധിച്ച് ബത്തേരി നിയോജക മണ്ഡലം പ്രസിഡന്റായിരുന്ന കെ.ബി മദൻലാൽ സംസ്ഥാന നേതൃത്വത്തിനെതിരേ പരസ്യ വിമർശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.