ചെറായി: ലോക്ക് ഡൗണിൽ ഞങ്ങൾ പലതും പഠിച്ചകൂട്ടത്തിൽ മുടിവെട്ടാനും പഠിച്ചു. ഇനി ഞങ്ങൾ അടുക്കളപ്പണിക്ക് മാത്രമെന്ന ചിന്ത ആരിലും അരുത്. സഹോദരന്റെ കുഞ്ഞിനെ മടിയിലിരുത്തി ട്രിംമ്മർ ഉപയോഗിച്ച് മുടിവെട്ടുന്ന കൈതാരം സ്വദേശിയായ ശോഭിതയുടെ കമന്റാണിത്.
ചെറായിലുള്ള സ്വന്തം വീട്ടിലെത്തിയപ്പോഴാണ് സഹോദരന്റെ കുഞ്ഞിന്റെ മുടി വെട്ടിക്കൊടുത്തത്. സഹോദരപുത്രന്റെ മുടി മാത്രമല്ല ഭർത്താവിന്റെ മുടിയും ശോഭിത തന്നെയാണ് വെട്ടിയത്. കൂടാതെ അയൽപക്കത്തെ കുഞ്ഞുങ്ങളെയും ശോഭിത പരിഗണിച്ചു.
ലോക്ക് ഡൗണ്‍ ആദ്യഘട്ടങ്ങളിൽ ബാർബർഷോപ്പ് തുറക്കാതിരുന്ന സമയത്ത് ഭർത്താവിനുവേണ്ടിയാണ് ശോഭിത ആദ്യം ട്രിമ്മർ കൈയിലെടുത്തത്. പിന്നീട് ബാർബർ ഷോപ്പുകൾ തുറന്നെങ്കിലും കുഞ്ഞുങ്ങളെയും കൊണ്ട് പുറത്തിറങ്ങരുതെന്ന കർശന നിർദ്ദേശം അവരുടെ മുടിമുറിക്കലിനു തടസമായി.
ഇതോടെ ശോഭിത ട്രിമ്മർ കൈയിലെടുക്കുകയായിരുന്നു. ശോഭിതയെപ്പോലെ പലവീടുകളിലും അമ്മമാർ കുഞ്ഞുങ്ങളുടെ ബാർബർമാർ കൂടിയായി മാറിയിരിക്കുകയാണ്.
ലോക്ക് ഡൗണ്‍ കാലം ഭീകരമെങ്കിലും പല മേഖലകളിലും ജനങ്ങൾക്ക് സ്വാശ്രയത്വം നേടാനുള്ള സാഹചര്യമൊരുക്കിയെന്നാണ് എൽഐസിയിൽ താൽകാലിക ജീവനക്കാരികൂടിയായ ശോഭിത അഭിപ്രായപ്പെടുന്നത്.