കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ മാനേജരായിരുന്ന വിഷ്ണു സോമസുന്ദരം, ബാലഭാസ്കറിനെ ആക്രമിക്കുന്നതിനും മറ്റും ദൃക്സാക്ഷിയെന്ന് അവകാശപ്പെടുന്ന കലാഭവന്‍ സോബി എന്നിവരുടെ നുണപരിശോധന നടത്തി.
കൊച്ചിയിലെ സിബിഐ ഓഫീസില്‍വച്ചായിരുന്നു പരിശോധന. ബാലഭാസ്കറിന്റെ ഡ്രൈവറായിരുന്ന അര്ജുന്, മാനേജറും സുഹൃത്തുമായിരുന്ന പ്രകാശന് തമ്പി എന്നിവരുടെ നുണപരിശോധന വെള്ളിയാഴ്ച പൂര്‍ത്തിയായിരുന്നു.
ബാലഭാസ്കറിന്റെ മരണം ആസൂത്രിതമായ കൊലപാതകമെന്ന് കലാഭവന്‍ സോബി മാധ്യമങ്ങളോട് ആവര്‍ത്തിച്ചു. സ്വര്‍ണക്കടത്ത് സംഘമാണ് കൊലപാതകത്തിനു പിന്നില്‍.
സിബിഐ അന്വേഷണം ശരിയായ വഴിയിലാണ്. തന്റെ വാദങ്ങള്‍ അന്വേഷണ സംഘത്തെ ബോധിപ്പിക്കാന്‍ കഴിഞ്ഞെന്നും സോബി വ്യക്തമാക്കി.
ബാലഭാസ്കറിന്റെ മരണത്തിനു ശേഷം ഉന്നയിച്ച ആരോപണങ്ങളെ തുടര്‍ന്നാണ് സോബിയുടെ നുണ പരിശോധന നടത്താന്‍ സിബിഐ തീരുമാനിച്ചത്.
ബാലഭാസ്കറിന്റേത് അപകട മരണമല്ലെന്നും കൊലപാതകമാണെന്നുമുളള ബന്ധുക്കളുടെ പരാതിയില്‍ സിബിഐ നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് നുണപരിശോധന.
ചെന്നൈയിലെയും ദില്ലിയിലെയും ഫോറന്‍സിക് ലാബുകളില്‍ നിന്നെത്തിയ വിദഗ്ധരുടെ നേതൃത്വത്തിലാണ് നുണപരിശോധന.
നാലുപേരുടെയും മൊഴികളിലെ വൈരുധ്യമാണ് പ്രധാനമായും പരിശോധിക്കുന്നത്. അപകട സമയത്ത് വാഹമോടിച്ചത് സംബന്ധിച്ച അര്‍ജുന്റെ മൊഴിയുടെ സത്യാവസ്ഥയും നുണപരിശോധനയിലൂടെ തെളിയിക്കാമെന്ന ലക്ഷ്യവും സിബിഐയ്ക്കുണ്ട്.
വാഹമോടിച്ചത് ബാലഭാസ്കറാണെന്നാണ് ക്രൈം ബ്രാഞ്ചിനും സിബിഐക്കു മുമ്പിലും അര്ജുന് മൊഴി നല്‍കിയിരിക്കുന്നത്.