പ്രത്യേക ലേഖകന്‍
കോഴിക്കോട്: സംസ്ഥാനത്ത് തീവ്രവാദ സ്ലീപ്പര്സെല്ലുകളുടെ സാന്നിധ്യമുണ്ടെന്ന മുന്‍ ഡിജിപിയുടെ വെളിപ്പെടുത്തലുകള്‍ വിവാദമായി നിലനില്‍ക്കെ താലിബാന് അനുകൂലികളെ കണ്ടെത്താന്‍ നിരീക്ഷണം ശക്തമാക്കി കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍.
സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന അഫ്ഗാനിസ്ഥാന്,താലിബാന് പോസ്റ്റുകളില്‍ പരാമര്‍ശിക്കുന്ന കമന്റുകളും മറ്റും വിശദമായി പരിശോധിക്കണമെന്ന് കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്.
ഇപ്രകാരം ഏതെങ്കിലും വ്യക്തികള്‍ താലിബാനെ പിന്തുണച്ച് സമൂഹമാധ്യമങ്ങളിലോ മറ്റു പൊതുവേദികളിലോ പരാമര്‍ശം നടത്തിയാല്‍ അക്കാര്യം വിശദമായി റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം എംഎല്‍എയ്ക്ക് താലിബാന് അനുകൂലികളുടെ പേരില്‍ വന്ന ഭീഷണിക്കത്തുമായി ബന്ധപ്പെട്ടും താലിബാന് അനുകൂലികളാണോയെന്ന് അന്വേഷിച്ചുവരികയാണ്.
സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകള്സംബന്ധിച്ച് സൈബര്‍ ഡോമും സൈബര്‍ സെല്ലും വിശദമായി പരിശോധിക്കുന്നുണ്ട്.
താലിബാനെ പിന്തുണച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടതിന് മറ്റു സംസ്ഥാനങ്ങളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഗുവാഹത്തിയില്‍ മാത്രം 20 ഓളം പേര്‍ക്കെതിരേ നടപടി സ്വീകരിച്ചിരുന്നു. ഐഎസ് അനുകൂലികള്‍ ഉള്‍പ്പെടെ തീവ്രവാദ ആശയങ്ങളുള്ള നിരവധി പേര് സംസ്ഥാനത്ത് സജീവമായുണ്ടെന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നത്.
ഇവര്‍ക്ക് രഹസ്യപിന്തുണയും വിവിധ മേഖലകളില്‍ നിന്ന് ലഭിക്കുന്നുണ്ട്.
എംഎല്‍എയ്ക്ക് നേരെയുള്ള ഭീഷണി
താലിബാന് വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ എം.കെ. മുനീര്‍ എംഎല്‍എയ്ക്ക് ഭീഷണിക്കത്ത് കഴിഞ്ഞ ദിവസമാണ് ലഭിച്ചത്.
കത്തില്‍ പരാമര്‍ശിക്കുന്ന കാര്യങ്ങള്‍ ഗൗരവമുള്ളതാണെന്നതിന്റെ അടിസ്ഥാനത്തില്‍ കോടതി അനുമതിയോടെ ഇന്നലെ നടക്കാവ് പോലീസ് കേസെടുത്തിട്ടുണ്ട്.
എസ്ഐ കൈലാസ് നാഥിനാണ് അന്വേഷണ ചുമതല. സംഭവത്തെ കുറിച്ച് രഹസ്യാന്വേഷണ വിഭാഗം നേരത്തെ തന്നെ അന്വേഷണം ആരംഭിച്ചിരുന്നു.
കത്തിന് പിന്നില്‍ അഭ്യസ്തവിദ്യര്‍
എം.കെ.മുനീര്‍ എംഎല്‍എയ്ക്ക് അയച്ച ഭീഷണിക്കത്തിന് പിന്നില്‍ അഭ്യസ്തവിദ്യരാവാമെന്നാണ് പോലീസ് സംശയിക്കുന്നത്. കത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വരികളും മറ്റും ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
താലിബാനെതിരായ ഫേസ്ബുക്ക് പോസ്റ്റ് എത്രയും വേഗം പിന്‍വലിക്കണമെന്നും ജോസഫ് മാഷാവാന്‍ ശ്രമിക്കരുതെന്നും അയാളുടെ അവസ്ഥ ഉണ്ടാക്കരുതെന്നുമാണ് കത്തിലുണ്ടായിരുന്നത്. താലിബാന് ഒരു വിസ്മയം എന്ന പേരിലാണ് കത്തയച്ചത്.
2010 ലാണ് മതനിന്ദ ആരോപിച്ച് തീവ്രനിലപാടുള്ളവര്‍ തൊടുപുഴ ന്യൂമാന്‍ കോളജിലെ പ്രൊഫ.ടി.ജെ.ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയത്.
ഇതേകുറിച്ച് വ്യക്തമായി അറിഞ്ഞയാളാണ് കത്തയച്ചത്. കൂടാതെ സമൂഹമാധ്യമം പതിവായി ഉപയോഗിച്ചുവരുന്നതുമായ ആളാണ് കത്തിന് പിന്നിലുള്ളത്.
കൈയക്ഷരത്തിലൂടെ പിടികൂടാനുള്ള സാധ്യത കണക്കിലെടുത്താണ് കത്ത് ടൈപ്പ് ചെയ്ത് അയച്ചതെന്നും ഇക്കാര്യങ്ങളിലെല്ലാം വ്യക്തമായ ആസൂത്രണം നടന്നതായുമാണ് പോലീസ് സംശയിക്കുന്നത്.
സംശയമുനയിലേക്ക് …
തീവ്രവ്രനിലപാടുകള് സ്വീകരിക്കുന്ന സംഘടനകളുടേയും പ്രവര്‍ത്തകരുടേയും പങ്കിനെ കുറിച്ചാണ് ആദ്യഘട്ടത്തില്‍ അന്വേഷിക്കുന്നത്.
മുസ്ലീം വിരുദ്ധതയുടെ പേരിലാണ് എംഎല്‍എയ്ക്കുള്ള ഭീഷണിക്കത്ത് വന്നത്. അതിനാല്‍ ഈ വിഭാഗത്തിലെ തീവ്രനിലപാട് സ്വീകരിക്കുന്നവരാവാനുള്ള സാധ്യതയുണ്ട്.
എന്നാല്‍ ഇത്തരത്തില്‍ ഒരു വിഭാഗത്തെ മാത്രം സംശയമുനയില്‍ നിര്‍ത്തണമെന്ന ലക്ഷ്യമുള്ള മറ്റ് വിഭാഗക്കാര്‍ ഇത്തരത്തില്‍ കത്തെഴുതാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.
അതിനാല്‍ പിന്നിലുള്ളവരുടെ പശ്ചാത്തലം ഏതെന്ന് ഉറപ്പിക്കാനാവില്ല.
കൂടാതെ മുസ്ലീം ലീഗിനുള്ളില്‍ ഹരിത വിവാദം നിലനില്‍ക്കെ വിഷയത്തില്‍ നിന്ന് ശ്രദ്ധമാറ്റാനായി ഭീഷണിക്കത്ത് അയച്ചതാണോയെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.