ഐഎസ് പോലുള്ള ഭീകര സംഘടനകള്‍ ആളുകളെ റിക്രൂട്ട് ചെയ്യാന്‍ പോലും നവമാധ്യമങ്ങളെയാണ് ഉപയോഗിക്കുന്നത്. ഫണ്ട് പിരിവും തകൃതിയായി നടക്കുന്നു. ജിഹാദിന് വേണ്ടിയുള്ള ആഹ്വാനങ്ങള്‍ ഇന്ത്യാ വിരുദ്ധവുമാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യാവിരുദ്ധ പ്രചാരണത്തിനു സമൂഹ മാധ്യമങ്ങളെ ദുരുപയോഗപ്പെടുത്തുന്നുണ്ടോ എന്നു നിരീക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംവിധാനമേര്‍പ്പെടുത്തുന്നു. സുരക്ഷാ ഏജന്‍സികളുടെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും യോഗം ഡല്‍ഹിയില്‍ ചേര്‍ന്ന് ഇതിന്റെ വിവിധ വശങ്ങള് ചര്‍ച്ചചെയ്തു. നിലവില്‍ സമൂഹ മാധ്യമങ്ങള്‍ക്കു കാര്യമായ നിയന്ത്രണങ്ങളില്ല. ഇവയ്ക്കു വ്യക്തമായ മാര്‍ഗ നിര്‍ദേശങ്ങള്‍ രൂപപ്പെടുത്തുകയാണു ലക്ഷ്യം. രാജ്യതാത്പര്യത്തിനെതിരായി സാമൂഹ മാദ്ധ്യങ്ങളെ ഉപയോഗപ്പെടുത്താന്‍ ചില ഭീകര സംഘടനകള്‍ നീക്കം നടത്തുന്നത് കേന്ദ്ര ഏജന്‍സികള്‍ തെളിവ് സഹിതം കണ്ടെത്തിയിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലും മറ്റും ഇത്തരം നിരീക്ഷണം ശക്തമാണ്.
അതിന് സമാന രീതിയിലെ ഇടപെടലാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റമാണിതെന്ന് ചിലര്‍ ആരോപിക്കുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് കരുതലോടെ തീരുമാനം നടപ്പാക്കാനുള്ള നീക്കം. ഇന്ത്യക്കെതിരെയുള്ള ഗൂഢാലോചനകളും ദേശവിരുദ്ധ പ്രചാരണങ്ങളും തടയുന്നതിന് സോഷ്യല്‍ മീഡിയയെ നിരീക്ഷിക്കുന്നതിനായി പുതിയ സോഷ്യല്‍ മീഡിയ നയം രൂപീകരിക്കുക. നിലവില്‍ സോഷ്യല്‍ മീഡിയയില്‍ എന്തെല്ലാമാകാമെന്നും പാടില്ലെന്നുമുള്ള വളരെ പരിമിതമായ നിര്‍ദ്ദേശങ്ങള്‍ വിപുലീകരിച്ച് സമ്പൂര്‍ണ്ണമായ മാര്‍ഗ്ഗരേഖ ഉണ്ടാക്കാനാണ് മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇന്ത്യക്കെതിരെ പ്രചാരണ പരിപാടികള്‍ നടത്തുന്നതിനും രാജ്യത്ത് ആക്രമണങ്ങള്‍ അഴിച്ചുവിടുന്നതിനുമുള്ള ഗൂഢാലോചന നടത്തുവാനും തീവ്രവാദികള്‍ സോഷ്യല്‍ മീഡിയയെ ഉപയോഗിക്കുന്നതായി നിരവധി തവണ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് പുതിയ നീക്കത്തിന് സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നത്. അയുക്തികവും മൂല്യരഹിതവുമായ വിധത്തില്‍ വിവര സങ്കേതികവിദ്യ വിനിയോഗിക്കപ്പെടുന്നതിന്റെ ഫലമായി ഇന്ന് ഉരുത്തിരിഞ്ഞു വന്നിരിക്കുന്നത് വളരെ അപകടകരമായ സാഹചര്യങ്ങളാണ്.
സാമൂഹികബോധവും പ്രതിപക്ഷ ബഹുമാനവും പാരസ്പര്യ ചിന്തയും കൈമോശം വന്നു. വ്യക്തികളുടെ മാത്രമല്ല സമൂഹത്തെ ഒന്നിപ്പിച്ചു നിര്‍ത്തുന്ന ഘടകങ്ങളെ പോലും സ്വാധീനിക്കുന്നു. ഈ സാഹചര്യത്തിലാണ് നയം കൊണ്ടു വന്ന് എല്ലാം നിയന്ത്രണത്തിലാക്കാനുള്ള മോദിയുടെ സര്‍ക്കാരിന്റെ നീക്കം. സംഭവങ്ങളും വ്യക്തികളും ക്രൂരമായ വിധത്തില്‍ സോഷ്യല്‍ മീഡിയകളില്‍ വേട്ടയാടപ്പെടുന്നു. ഇതിനും അവസാനമുണ്ടാക്കും. ഇന്ത്യയെ സോഷ്യല്‍ മീഡിയയില്‍ അപമാനിച്ചാല്‍ കടുത്ത ശിക്ഷയും നല്‍കും. അപകടകാരികളുടെ കളിപ്പാട്ടമായി മാറുന്നിടത്താണ് സോഷ്യല്‍ മീഡിയ അതിന്റെ ആന്റി സോഷ്യല്‍ സ്വഭാവം പുറത്തെടുക്കുന്നത്. സമകാലിക സമൂഹത്തില്‍ ഈ ആന്റി സോഷ്യല്‍ വിനിമയത്തിന്റെ പ്രശ്നഫലങ്ങള്‍ വര്‍ധിച്ചുവരികയാണ്. മൊബൈല്‍ ഫോണിന്റെ സാങ്കേതിക സംവിധാനങ്ങള്‍ വഴിയാണ് ഇതെല്ലാം നടക്കുന്നത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന കിംവദന്തികള്‍ ആക്രമണങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും വഴിയൊരുക്കിയിട്ടുണ്ട്. ഇന്ത്യക്ക് പുറത്തു നിന്നും സന്ദേശങ്ങള്‍ പ്രവഹിക്കാറുണ്ട്.
അഫ്ഗാനില്‍ കഴിയുന്ന മലയാളികളായ ഐഎസ് തീവ്രവാദികള്‍ വീട്ടുകാരോട് പോലും ജിഹാദിനെ കുറിച്ച് അതിരൂക്ഷമായി സംസാരിക്കുന്നു. വിവിധ ഗ്രൂപ്പുകളെ ലക്ഷ്യം വച്ചുള്ള അതിരൂക്ഷമായ അഭിപ്രായങ്ങളുള്ള ഓഡിയോ പോലും പ്രചരിക്കുന്നു. ഇതിനെല്ലാം അന്ത്യം വരുത്താനാണ് ശ്രമം. ഇതിനാണ് പുതിയ നയം. സോഷ്യല്‍ മീഡിയയുടെ ദുരുപയോഗം ജമ്മുകാശ്മീര്‍ അടക്കമുള്ള പ്രദേശങ്ങളെ ബാധിച്ചിരിക്കുന്നത് രാജ്യം നേരിടുന്ന ഒരു വലിയ വെല്ലുവിളിയായി സര്‍ക്കാര്‍ കണക്കാക്കുന്നു. ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കും സുരക്ഷാ ഏജന്‍സികള്‍ക്കും സഹായപ്രദമാകുന്ന വിധത്തിലാണ് പുതിയ സോഷ്യല്‍ മീഡിയ നയത്തിന് സര്‍ക്കാര്‍ രൂപം നല്‍കുന്നത്. സോഷ്യല്‍ മീഡിയയെ കാര്യക്ഷമമായി നിരീക്ഷിക്കുന്നതിനാവശ്യമായ സാങ്കേതികവും മാനവശേഷിയും അടക്കമുള്ളവയും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. ഇതുകൂടാതെ പ്രകൃതിക്ഷോഭങ്ങളും കെടുതികളും ദുരന്തങ്ങളെയും സംബന്ധിക്കുന്ന വിവരങ്ങളും പൊതുസേവനങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിന് സോഷ്യല്‍ മീഡിയയെ ഉപയോഗപ്പെടുത്തുവാനും സര്‍ക്കാരിന്റെ പരിഗണനയിലുള്ളതായി അധികൃതര്‍ അറിയിച്ചു.