ന്യൂഡൽഹി: കർഷകസമരത്തിന്റെ ആഗോള പിന്തുണയു ടെയും റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ നടന്ന ആക്രമണങ്ങളുടെയും പശ്ചാത്തലത്തിൽ ട്വിറ്ററുമായുള്ള വാക്കു തർക്കത്തിനിടെ സാമൂഹിക മാധ്യമങ്ങൾക്ക് കർശന മുന്നറിയിപ്പു നൽകി കേന്ദ്ര സർക്കാർ.
ഇന്ത്യയിലെ നിയമങ്ങൾ സാമൂഹിക മാധ്യമങ്ങൾ എല്ലാം തന്നെ കർശനമായി പാലിക്കണമെന്നാണ് കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ് ഇന്നലെ രാജ്യസഭയിൽ പറഞ്ഞത്.
വ്യാജവാർത്തകൾ പ്രചരിപ്പിക്കാനും അക്രമങ്ങൾ പ്രോത്സാഹിപ്പിക്കാനും സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പു മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. അഭിപ്രായസ്വാതന്ത്ര്യം പരമമല്ലെന്നും മന്ത്രി രാജ്യസഭയിൽ പറഞ്ഞു.
ട്വിറ്റർ, ഫെയ്സ്ബുക്ക്, യു ട്യൂബ്, ലിങ്ക്ഡ്ഇൻ എന്നിവയെ പേരെടുത്തു പറഞ്ഞായിരുന്നു രാജ്യസഭയിൽ കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
യുഎസ് ക്യാപിറ്റോൾ അക്രമം നടന്നപ്പോൾ സാമൂഹിക മാധ്യമങ്ങൾ പോലീസുമായി സഹകരിച്ചു. പക്ഷേ ചെങ്കോട്ടയിൽ അക്രമം നടന്നപ്പോൾ ഇന്ത്യൻ സർക്കാരിനെതിരായ നിലപാടാണ് സ്വീകരിക്കുന്നത്.
സാമൂഹിക മാധ്യമങ്ങളെ ഒരുപാട് ബഹുമാനിക്കുന്നു. സാധാരണക്കാരെ അവ ശാക്തീകരിച്ചു. ഡിജിറ്റൽ ഇന്ത്യ പദ്ധതിയിൽ സാമൂഹിക മാധ്യമങ്ങൾക്ക് വലിയ പങ്കുണ്ട്.
എങ്കിലും വ്യാജവാർത്തകളും അക്രമവും പരത്താനും സാമൂഹിക മാധ്യമങ്ങൾ ഉപയോഗിച്ചാൽ നടപടി സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി മുന്നറിയിപ്പു നല്കി.
കേന്ദ്രസർക്കാറും ട്വിറ്ററുമായുള്ള പ്രശ്നം രൂക്ഷമാകുന്നതിനിടെയാണ് രവിശങ്കർ പ്രസാദിന്റെ പ്രസ്താവന. ഖാലിസ്ഥാൻ വാദത്തെ പിന്തുണയ്ക്കുന്നതും പാക്കിസ്ഥാന്റെ പ്രേരണയിൽ പ്രവർത്തിക്കുന്നതുമായ 1178 അക്കൗണ്ടുകൾ മരവിപ്പിക്കണമെന്ന് കേന്ദ്രസർക്കാർ ട്വിറ്ററിനോട് നിർദേശിച്ചിരുന്നു.
എന്നാൽ, ചില അക്കൗണ്ടുകൾ മാത്രം മരവിപ്പിച്ച് ട്വിറ്റർ ഇന്ത്യക്ക് പുറത്ത് അവ സജീവമായി തന്നെ നിലനിർത്തുകയും ചെയ്തു.