കേരളത്തില്‍ നടിമാര്‍ ഉള്‍പ്പെടെയുള്ള സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ നാള്‍ക്കു നാള് വര്‍ധിക്കുകയാണ്.
നിര്‍മാതാവും നടനുമായ വിജയ് ബാബുവിനെതിരേയുള്ള ലൈംഗികാരോപണം ഇക്കൂട്ടത്തില്‍ ഏറ്റവും പുതിയതാണ്.
സിനിമാവ്യവസായത്തിന്റെ മറവില്‍ സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്ന പതിവ് ഇന്നും ഇന്നലെയും തുടങ്ങിയതല്ലെങ്കിലും കൗമാരക്കാരായ കുട്ടികള്‍ വരെ ചൂഷണം ചെയ്യപ്പെടുന്നുവെന്നതാണ് യാഥാര്‍ഥ്യം.
ആണ്‍കുട്ടികള്‍ക്കും യുവാക്കള്‍ക്കും പോലും രക്ഷയില്ലെന്ന് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ തുറന്നു പറയുകയാണ് സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ്. ദിപിന് ജയദീപ്.
ബാലതാരമാകാന്‍ വേണ്ടി പോയ തന്നെ ചില കാപാലികര്‍ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയ അനുഭവമാണ് ദിപിന് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.
കുട്ടിയായ തനിക്ക് അത് ആരോടും അന്ന് പറയാന്‍ കഴിഞ്ഞില്ലെന്നും, ‘റേപ്പ് ചെയ്യപ്പെട്ടാല്‍ എന്തുകൊണ്ട് അപ്പോള്‍ പരാതി പറഞ്ഞില്ല’ എന്ന ചോദ്യം അസ്ഥാനത്താണെന്നും ദിപിന് എഴുതുന്നു.
ദിപിന് ജയദീപിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം…
”സിനിമ ലോകത്തെ മീ ടൂ വിവാദങ്ങള്‍ ഓരോന്നും പുറത്തു വരുമ്പോഴും ഞാന്‍ ഓര്‍ക്കുന്ന എന്റെ ഉള്ളില്‍ ഉണങ്ങാതെ കിടക്കുന്ന ചില മുറിവുകള്‍ ഉണ്ട്.
സ്ക്കൂളില്‍ നാലാം തരത്തില്‍ പഠിക്കുമ്പോള്‍ മോണോആക്ട്ന് ജില്ലാ ബാലകലോത്സവത്തില്‍ മൂന്നാം സ്ഥാനവും എ ഗ്രേഡും കിട്ടിയപ്പോള്‍ മുതല്‍ എനിക്ക് തന്നെ എന്റെ ഉള്ളില്‍ ഒരു അഭിനയ സാധ്യത ഉണ്ടെന്ന് ഒക്കെ തോന്നിയിരുന്ന കാലം.
അതുവരെ എന്റെ മത്സരം കാണാന്‍ പോലും വീട്ടില്‍ നിന്ന് ആരും വരാറില്ലായിരുന്നു. എന്റെ മലയാളം മാഷും അദ്ദേഹത്തിന്റെ ഭാര്യയും ആയിരുന്നു എനിക്ക് ഒപ്പം പാരന്റ്സ് ആയി കൂടെ വരാറുള്ളത്.
സമ്മാനം ഒക്കെ കിട്ടിയപ്പോള്‍ മാഷ് അമ്മമ്മയോട് എന്നെ അഭിനയം ഒക്കെ പഠിപ്പിക്കണം എന്നൊക്കെ പറഞ്ഞു. അങ്ങനെ പുള്ളിക്കാരി ഒരു മാഷിനെ ഏര്‍പ്പാട് ആക്കി.നാട്ടിലെ ഒരു നാടക നടന്.
ഫുള്‍ ടൈം കള്ളും സിഗരറ്റും മണക്കുന്ന അയാളെ ഒരാഴ്ച കൊണ്ട് എനിക്ക് മടുത്തു. ഇനി വീട്ടില്‍ വരേണ്ട എന്ന് ഞാന്‍ അയാളോട് പറഞ്ഞു.
ആ സംഭവം ഒക്കെ കഴിഞ്ഞിട്ടും അഭിനയ മോഹം എന്റെ ഉള്ളില്‍ തെളിഞ്ഞു കിടന്നു. രണ്ടു കൊല്ലം കഴിഞ്ഞപ്പോള്‍ മാതൃഭൂമി ക്ലാസിഫൈഡ് പേജില്‍ ‘ബാല താരങ്ങളെ ആവശ്യമുണ്ട്’ എന്ന ഒരു പരസ്യം കണ്ടു. അതില്‍ ഒരു ഫോണ്‍ നമ്പറും ഉണ്ടായിരുന്നു.
ഞാന്‍ അതില്‍ വിളിച്ചു നോക്കി, അവര്‍ക്ക് വീട്ടിലെ മുതിര്‍ന്നവരോട് സംസാരിക്കണം എന്ന് പറഞ്ഞു. ഞാന്‍ അമ്മമ്മയേ കൊണ്ട് വീണ്ടും വിളിപ്പിച്ചു.
അവരുടെ പുതിയ സിനിമയില്‍ അഭിനയിക്കാന്‍ പുതുമുഖ ബാല താരങ്ങള്‍ വേണം എന്നും അടുത്ത ആഴ്ച തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോവില്‍ വച്ച് കൂടിക്കാഴ്ച്ച ഉണ്ടാവും എന്നും പറഞ്ഞു. വീട്ടിലെ ഫോണ്‍ നമ്പറും അവര്‍ വാങ്ങി എന്തെങ്കിലും ഉണ്ടെങ്കില്‍ തിരികെ വിളിക്കാം എന്നും പറഞ്ഞു.
തിരുവനന്തപുരം പോകാന്‍ വേണ്ടി ഞാന്‍ വാശി പിടിച്ചപ്പോള്‍ വീട്ടില്‍ സമ്മതിച്ചു. ഇടയ്ക്ക് അവരുടെ വിളി വന്നു, സെലക്ഷന് കഴിഞ്ഞാല്‍ കുറച്ചു പൈസ ചെലവ് ഉണ്ടാകും എന്നും പതിനായിരം രൂപ കയ്യില്‍ കരുതണം എന്നും പറഞ്ഞു.
ഞാന്‍ ആകെ ത്രില്‍ അടിച്ച മൂഡില്‍ ആയിരുന്നു. അയല്പക്കത്ത് ഒക്കെ എല്ലാവരോടും കാര്യം പറഞ്ഞു. അവരുടെ അസൂയ കലര്‍ന്ന നോട്ടം കണ്ടപ്പോള്‍ എനിക്ക് സന്തോഷം തോന്നി. ഞാന്‍ ഒരു നടന് ആകാന്‍ പോകുന്നു!
അങ്ങനെ ഞാനും അമ്മമ്മയും അച്ഛാച്ചനും കൂടി പരശുറാം എക്സ്പ്രസ്സില്‍ തിരുവനന്തപുരത്തേക്ക് തിരിച്ചു. തീരെ പരിചയം ഇല്ലാത്ത സ്ഥലം ആണ്.
അവിടെ അമ്മമ്മയുടെ സുഹൃത്ത് ഒരു ഡോക്ടര്‍ ഉണ്ടായിരുന്നു. അവരുടെ ഭര്‍ത്താവ് ശിവ സേന പാര്‍ട്ടിയുടെ എന്തോ ചുമതല ഒക്കെ ഉള്ള ആള് ആയിരുന്നു.
ഞങ്ങള്‍ ആദ്യമേ അദ്ദേഹത്തോട് കാര്യം ഒന്നും പറഞ്ഞിരുന്നില്ല. നേരെ ചിത്രാഞ്ജലി സ്റ്റുഡിയോവില്‍ പോയി.
അവിടെ തിരക്കിയപ്പോള്‍ സെക്യൂരിറ്റി ചേട്ടന് പറഞ്ഞു നിങ്ങളെ ഏതോ ഫ്രോഡ് ടീം പറ്റിച്ചതാണ് എന്ന്. അവിടെ അങ്ങനെ ഒരു ഇന്റര്‍വ്യൂ ഒന്നും നടക്കുന്നില്ലത്രേ.
ആകെ തകര്‍ന്നു പോയി അപ്പോള്‍. ആകെ ചതി പറ്റി തിരികെ നാട്ടില്‍ ചെല്ലുന്ന കാര്യം ഓര്‍ത്തപ്പോള്‍ ഭൂമി പിളര്‍ന്നു അങ്ങ് വീണാല്‍ മതി എന്ന് തോന്നി.
ഏതായാലും ഞങ്ങള്‍ അമ്മമ്മയുടെ സുഹൃത്തിനൊപ്പം ശിവസേനയുടെ ഓഫിസില്‍ പോയി അവിടെ നിന്നും അദ്ദേഹം പരസ്യത്തില്‍ കണ്ട നമ്പറില്‍ ഫോണ്‍ ചെയ്തു.
അവരോട് പാര്ട്ടിക്കാര് ആണെന്ന് പറഞ്ഞ ഉടന്‍ ഫോണ്‍ കട്ട് ചെയ്തു. പിന്നെ വിളിച്ചപ്പോള്‍ ഫോണ്‍ ഡിസ്കണക്ട് ആയിരുന്നു.
പതിനൊന്നാം വയസ്സില്‍ സിനിമ മോഹിച്ചു പോയ എനിക്ക് കിട്ടിയ വന്‍ ചതി!
നാട്ടില്‍ വന്നപ്പോള്‍ നാട്ടുകാരുടെ പരിഹാസവും കൂട്ടുകാരുടെ കൂവലും കൊണ്ട് ആകെ മടുത്തപ്പോള്‍ വീണ്ടും പത്രത്തില്‍ കാണുന്ന സകല പരസ്യത്തിലും വീട്ടില്‍ അറിയാതെ ഞാന്‍ എഴുത്ത് അയക്കാന്‍ തുടങ്ങി.
ഒടുവില്‍ എറണാകുളത്ത് നിന്ന് ഒരാള്‍ തിരികെ എഴുതി. ചെറിയ ബജറ്റ് സിനിമ ആണ്, താല്പര്യം ഉണ്ടെങ്കില്‍ ചെല്ലാന്‍ പറഞ്ഞു.
വീണ്ടും ഞാന്‍ ഒറ്റക്കാലില്‍ നില്‍പ്പായി കൊച്ചിയില്‍ പോകാന്‍ വേണ്ടി. ഒടുവില്‍ അതും വീട്ടുകാര്‍ സമ്മതിച്ചു. അങ്ങനെ ചേരാനെല്ലൂര്‍ ഉള്ള സനല്‍ എന്ന് പേരുള്ള ഒരാളുടെ വീട്ടില്‍ പോയി.
അയാള്‍ ആയിരുന്നു പ്രൊഡ്യുസര്‍. മനുരാജ് എന്ന സിനിമ നടനും ജൂനിയര്‍ ആര്ടിസ്റ് ആയി ഒരുപാട് സിനിമകളില്‍ ഒക്കെ കാണുന്ന ദേവി എന്ന നടിയും ആയിരുന്നു നായകനും നായികയും. മനു രാജിന്റെ കുട്ടിക്കാലം ആയിരുന്നു എന്റെ വേഷം.
എളമക്കര ഉള്ള സൈന്‍വേള്‍ഡ് എന്ന സ്റ്റുഡിയോ നടത്തുന്ന ഗോപിനാഥ് എന്ന ആള് ആയിരുന്നു സംവിധാനം. ഇതൊക്കെ ശരിക്കുള്ള പേരൊക്കെ ആണൊ എന്ന് ആര്‍ക്കറിയാം?
എന്തൊക്കെയോ കുറെ സീനുകള്‍ ഷൂട്ട് ചെയ്തു. നായികയല്ലാതെ ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു അവളുടെ കുളി സീന്‍ ആയിരുന്നു അതില്‍ ഹൈ ലൈറ്റ്.
രണ്ടു ദിവസം ഭക്ഷണം ഒക്കെ അവരുടെ വക ആയിരുന്നു. പക്ഷെ ചെലവ് എന്നും പറഞ്ഞു അഭിനയിക്കാന്‍ വന്ന എല്ലാവരോടും അയ്യായിരം രൂപ വച്ചു വാങ്ങി.
ഒടുവില്‍ ആ സിനിമ ഇറങ്ങുന്നത് എന്നാണ് എന്നറിയാന്‍ കാത്തിരിപ്പായി. ബന്ധുക്കള്‍ ഒക്കെ ചോദിക്കാന്‍ തുടങ്ങി. ഇപ്പോള്‍ വെറും പതിനെട്ട് കൊല്ലം ആയിട്ടേ ഉള്ളൂ, ചിലപ്പോ ഇരുപതുകൊല്ലം തികയാന്‍ അവര്‍ കാത്തിരിക്കുന്നത് ആവും.
രണ്ടു കൊല്ലത്തിന് ശേഷം എട്ടാം ക്ലാസില്‍ ഉള്ളപ്പൊ മൂന്നാമതും ഞാന്‍ അഭിനയിക്കാന്‍ പോയി. ഇക്കുറി നാട്ടില്‍ തന്നെ, കണ്ണൂര്‍ കക്കാട് യത്തീം ഖാനയുടെ സമീപം ഉള്ള ‘മുഹമ്മദ് കക്കാട് ‘ എന്നയാള്‍ ആയിരുന്നു അടുത്ത ഫ്രോഡ്.
അയാള്‍ അന്തരിച്ച പ്രശസ്ത ഗായകന് എരഞ്ഞോളി മൂസയും ആയി ചേര്‍ന്ന് മുസ്ലിം ഡിവോഷണള്‍ ആല്‍ബം ഒക്കെ ഇറക്കിയിരുന്നു.
അയാളുടെ മൂന്നാമത്തേ ആല്‍ബം ആയിരുന്നു ഞാന്‍ അഭിനയിക്കാന്‍ പോയത്. പുലര്‍ച്ചെ കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡിലും പയ്യാമ്പലം ബീച്ചിലും ഷൂട്ടിങ് ഉണ്ടെന്ന് പറഞ്ഞു.
കണ്ണൂര്‍ ഉള്ള ഏതോ ഒരു ഹോട്ടലില്‍ മുറി എടുത്തു. എന്നെ പോലെ മാര്‍ഷല്‍ എന്നൊരു പയ്യനും വന്നിട്ടുണ്ടായിരുന്നു. അവന്റെ പപ്പയും അവനും അതേ ഹോട്ടലില്‍ ഞാന്‍ താമസിച്ച മുറിയുടെ തൊട്ട് അടുത്ത മുറിയില്‍ ആണ് താമസിച്ചത്.
എന്റെ മുറിയില്‍ മുഹമ്മദും ഉണ്ടായിരുന്നു. ഞാന്‍ ഉറക്കം വന്നപ്പോള്‍ കിടന്നു. അയാള്‍ ആരെയൊക്കെയോ ഫോണില്‍ വിളിച്ചു കൊണ്ട് ഇരിപ്പായിരുന്നു.
ഇടയ്ക്ക് ഉറക്കം ഞെട്ടിയപ്പോള്‍ അയാള്‍ എന്നെ ഉമ്മ വെയ്ക്കുകയാണ്. അയാളുടെ കാലുകള്‍ എന്റെ മേല്‍ വരിഞ്ഞു കിടക്കുന്നു.
ഞാന്‍ ചാടി എണീറ്റപ്പോള്‍ അയാള്‍ എന്നെ ബലമായി പിടിച്ചു ബെഡില്‍ കിടത്തി. ഞാന്‍ എഴുന്നേറ്റ് അടുത്ത മുറിയില്‍ അവരുടെ ഒപ്പം കിടന്നോളാം എന്നും പറഞ്ഞു കരഞ്ഞു.
ഞാന്‍ കുതറി മാറുന്നത് അയാള്‍ക്ക് കൂടുതല്‍ ഹരം ആയി. സിഗരറ്റ് മണക്കുന്ന അയാളുടെ വൃത്തികെട്ട ചുണ്ട് കൊണ്ട് എന്നെ ചുംബിച്ചു.
ഞാന്‍ അയാളെ മാന്തുകയും കടിക്കുകയും ഒക്കെ ചെയ്തിട്ടും കാര്യം ഉണ്ടായില്ല. അയാളുടെ ലിംഗം തളരുവോളം എന്നെ ഉപയോഗിച്ചു.
എന്നോട് തന്നെ വെറുപ്പ് തോന്നിയ ദിവസം ആയിരുന്നു. ആരോടും പറയാന്‍ ധൈര്യം ഇല്ലാതേ സ്വയം ഉള്ളില്‍ ഒതുക്കി നിന്ന രഹസ്യം.
അയാള്‍ എനിക്ക് ഒരു വലിയ മാറ്റം ഉണ്ടാക്കി, ക്യാമറക്ക് മുന്നില്‍ വരാന്‍ ഉള്ള എന്റെ മോഹം അതോടെ എട്ടായി മടക്കി പെട്ടിയില്‍ വച്ചു പൂട്ടി.
സിനിമ മേഖല ഇങ്ങനെ ഒക്കെയാണ്, ചൂഷണവും ചതിയും വഞ്ചനയും കൊണ്ട് പണിതുയര്‍ത്തിയ ചീട്ടു കൊട്ടാരങ്ങളാണ് പല പ്രമുഖരുടെയും സാമ്രാജ്യം. ആദ്യം പണി കിട്ടിയിട്ടും ഞാന്‍ നിര്‍ത്തിയില്ല, അടുത്ത തവണ എങ്കിലും എന്റെ സിനിമ മോഹം പൂവണിയും എന്ന് ആഗ്രഹിച്ചു. അതാണ് പലര്‍ക്കും പറ്റുന്നത്.
‘റേപ്പ് ചെയ്യപ്പെട്ടാല്‍ എന്തുകൊണ്ട് അപ്പോള്‍ പരാതി പറഞ്ഞില്ല?’എന്ന ഊള ചോദ്യം തെറ്റാണ്. സാഹചര്യം, മാനസിക അവസ്ഥ ഒക്കെ പ്രധാനമാണ്. എപ്പോള്‍ പറയുന്നു എന്നതിനേക്കള്‍ പറയുന്നതില്‍ വാസ്തവം ഉണ്ടോ എന്നതിന് ആണ് പ്രാധാന്യം.
അതിനെ പറ്റി അല്ലേ ചര്‍ച്ച ചെയ്യേണ്ടത്. നിലവിലെ സാങ്കേതിക വിദ്യ ഒക്കെ വച്ചു കൊണ്ട് ഏതൊരു മീറ്റൂ ആരോപണവും സത്യമോ അല്ലയോ എന്നത് 24 മണിക്കൂര്‍ കൊണ്ട് കണ്ടെത്താന്‍ പൊലീസിന് സാധിക്കില്ലേ? എന്നിട്ടും പലതും നീര്‍ക്കുമിള പോലെ വീര്‍ത്തു പൊട്ടി ഒന്നും ആകാതെ കിടക്കുന്നത് പ്രതികള്‍ക്ക് സ്വാധീനം ഉള്ളതുകൊണ്ട് ആണ്.
ഓരോ തവണയും മീറ്റൂ കഥകള്‍ വരുമ്പോഴും ഞാന്‍ ആലോചിച്ചത് ഇത്തരം മുഹമ്മദും സനലും ഒക്കെ തന്നെ ആണ് ഇപ്പോഴും പല പേരില്‍ നിറഞ്ഞു നില്‍ക്കുന്നത്.
ഇവന്മാരുടെ ഒക്കെ മുമ്പില്‍ അഭിനയിക്കാനുള്ള കൊതി കൊണ്ടും പുറത്ത് പറയാന്‍ ഉള്ള പേടി കൊണ്ടും തുണി അഴിക്കേണ്ടി വരുന്നവര്‍ ഒരുപാട് ഉണ്ടാകും.
അതില്‍ സഹികെട്ടവരും ഏറ്റവും ധൈര്യം ഉള്ളവരും മാത്രം ആയിരിക്കും പുറത്ത് പറയുന്നത്. അപ്പോഴും ഇരയ്ക്ക് നേരെ കുരയ്ക്കുന്ന രാഹുല്‍ ഈശ്വരനെ പോലുള്ള ചിലയിനം ജന്തുക്കള്‍ ഉണ്ടാകും ഇവിടെ. പുരുഷന് എല്ലായിടത്തും വേട്ടക്കാരനും സ്ത്രീ ഇരയും ആണെന്ന അഭിപ്രായം ഒന്നും ഇല്ലെങ്കിലും പുരുഷന് ആധിപത്യം കൂടുതല്‍ ഉള്ളതും പെണ്ണ് എന്ന് കേട്ടാല്‍ ലിംഗം ഉദ്ധരിച്ചു വരുന്ന ഊളകള്‍ ഭൂരിപക്ഷം ഉള്ളതും ആയ നമ്മുടെ നാട്ടില്‍ കൂടുതല്‍ സഹിക്കേണ്ടി വരുന്നത് എപ്പോഴും പെണ്ണിന് തന്നെ ആണെന്നതില്‍ തര്‍ക്കം ഇല്ല.
ഗുജറാത്തില്‍ നിന്നുള്ള മോഡല്‍ ആയ യുവാവ് മുംബൈയില്‍ ക്രൂരമായി കൂട്ട ബലാല്‍സംഗത്തിന് ഇരയായ വാര്‍ത്ത വായിച്ചത് ഓര്‍ക്കുന്നു.
നമ്മുടെ നാട്ടില്‍ തന്നെ ഒരു യുവ നടനെ നിര്‍മ്മാതാവ് ലൈംഗിക ചൂഷണം ചെയ്തതും ഈയിടെ കേട്ടിരിക്കുന്നു.
കയ്യൂക്കും പ്രിവിലേജും ഉള്ളവര്‍ എപ്പോഴും വേട്ടക്കാര്‍ ആയിരിക്കും. അല്ലാത്തവര്‍ ഇരയും. ഇരു ഭാഗത്തും ജന്‍ഡര്‍ നോക്കി സാമാന്യ വല്ക്കരിക്കേണ്ട കാര്യവും ഇല്ല.
ഒരു വിഷയം മറനീക്കി പുറത്തു വരും വരെ ഞാന്‍ അഭിപ്രായം പറയുന്നത് ശരിയല്ല. എന്നാലും പറഞ്ഞിടത്തോളം അറിഞ്ഞിടത്തോളം ആ പെണ്ണിന്റെ ഒപ്പം നില്ക്കാന് ആണ് എനിക്ക് തോന്നുന്നത്.”
ഇങ്ങനെയാണ് ജയദീപ് തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്. ഈ പോസ്റ്റ് പുറത്തുവന്നതിനെത്തുടര്‍ന്ന് വലിയ പ്രതികരണങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്.
https://www.facebook.com/photo/?fbid=790627241902817&set=a.103235173975364