പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സീ ന്യൂസ്, ടൈംസ് നൗ ചാനലുകള്‍ നടത്തിയ അഭിമുഖത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തം. നടന്നത് അഭിമുഖമല്ലെന്നും മോദിയുടെ പ്രസംഗമാണെന്നുമാണ് ഉയരുന്ന പ്രധാന വിമര്‍ശം. മോദിയോട് ചോദ്യംചോദിക്കാന്‍ ധൈര്യമില്ലാത്ത മാധ്യമങ്ങള്‍ അദ്ദേഹത്തിനായി പിആര്‍ ഏറ്റെടുത്തിരിക്കുകയാണെന്നും പലരും വിമര്‍ശനമുയര്‍ത്തുന്നുണ്ട്.
സീ ന്യൂസിനായി സുധീര്‍ ചൗധരിയും ടൈംസ് നൗവിനായി രാഹുല്‍ ശിവശങ്കറും നവിക കുമാറുമാണ് മോദിയെ ഇന്റര്‍വ്യു ചെയ്തത്. ആത്മപ്രശംസയ്ക്ക് അവസരം നല്കുന്ന ചോദ്യങ്ങളാണ് മോദിയോട് അവതാരകര്‍ ചോദിച്ചതെന്നാണ് പ്രധാന പരാതി. ജിഡിപി എന്താണെന്ന് ജനങ്ങള്‍ അറിയുന്നതുതന്നെ മോദി പ്രധാനമന്ത്രിയായ ശേഷമല്ലേ, പിടിഎം ആണോ (പുടിന്ട്രംപ്മോദി) ഇപ്പോള്‍ ലോകക്രമം നിശ്ചയിക്കുന്നത്, എങ്ങനെയാണ് ഇങ്ങനെ ഉന്മേഷവാനായിരിക്കുന്നത്, വിദേശത്ത് പോകുമ്പോള്‍ ഇന്ത്യയുടെ വികസനത്തെ കുറിച്ച് എന്താണ് പറയാറുള്ളത്, ഭരണത്തില്‍ എന്തൊക്കെ നേടി, എന്തൊക്കെയാണ് ചെയ്യാന്‍ ബാക്കിയുള്ളത് തുടങ്ങിയ ചോദ്യങ്ങളാണ് സോഷ്യല്‍ മീഡിയയെ ചൊടിപ്പിച്ചത്.
പ്രധാനമന്ത്രിയോട് ഇന്ധന വില വര്‍ധനയെക്കുറിച്ച് ചോദിച്ചോ? തൊഴിലില്ലായ്മയെ കുറിച്ച് ചോദിച്ചോ? ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സ്ത്രീസുരക്ഷയെക്കുറിച്ച് ചോദിച്ചോ? നോട്ട് നിരോധ, ജിഎസ്ടി എന്നിവ ജനങ്ങളിലേല്പിച്ച ആഘാതത്തെ കുറിച്ച് ചോദിച്ചോ? സുപ്രിംകോടതിയിലെ പ്രതിസന്ധിയെ കുറിച്ച് ചോദിച്ചോ എന്നെല്ലാമുള്ള വിമര്‍ശമാണ് സോഷ്യല്‍ മീഡിയയില്‍ പ്രധാനമായും ഉയരുന്നത്.