കണ്ണൂർ: സോഷ്യൽ മീഡിയ വഴി മത സ്പർധ വളർത്തുന്ന രീതിയിലും കലാപത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള പോസ്റ്റുകൾക്കെതിരേ പോലീസിന്റെ പ്രത്യേക വിഭാഗം കേസെടുത്തു തുടങ്ങി.ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ നിരപധി പേർക്കെതിരെയാണു പോലീസ് കേസെടുത്തിരിക്കുന്നത്.
ഇവരുടെ കയ്യിൽ നിന്നും പോസ്റ്റ് ഇടാൻ ഉപയോഗിച്ച ലാപ്ടോപ്, കന്പ്യൂട്ടർ, മൊബൈൽ ഫോൺ എന്നിവയും പിടിച്ചെടുത്തു.കൂത്തുപറന്പ്, കതിരൂർ, തലശേരി എന്നിവിടങ്ങളിൽ നിരവധി പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ജില്ലയിൽ കൂടുതൽ പേർ നിരീക്ഷണത്തിലാണ്.
ഫേസ്ബുക്കിലെ മേൽവിലാസം നോക്കിയാണ് പോലീസ് കേസെടുക്കുന്നത്. മയ്യിൽ സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസമാണ് പ്രകോപനപരമായി പോസ്റ്റിട്ടതിന് ഒരാൾക്കെതിരെ പോലീസ് കേസെടുത്തത്. തലശേരിയിൽ പ്രകോപനപരമായ മുദ്രവാക്യം മുഴക്കിയതിന് ബിജെപി- ആർഎസ്എസ് പ്രവർത്തകർക്കെതിരെ 153 എ -പ്രകാരം കേസെടുത്തിരുന്നു.
ജില്ലയിൽ സോഷ്യൽ മീഡിയ വഴി കലാപാഹ്വനങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ ഇത്തരം കുറ്റകൃത്യങ്ങൾ തടയാനായി പോലീസ് പ്രേത്യക സെൽ രൂപീകരിച്ചിരുന്നു. ആലപ്പുഴയിൽ നടന്ന ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ഭീഷണി മുഴക്കിയുള്ള മുദ്രാവാക്യങ്ങളും മറ്റും സോഷ്യൽ മീഡിയ വഴി കൂടിയവന്നിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസ് പ്രത്യേക സെൽ രൂപീകരിച്ചത്.
സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി വി.കെ. വിശ്വംഭരൻ നോഡൽ ഓഫീസറായ സെല്ലിൽ സൈബർ പോലീസും വിവിധ സ്റ്റേഷനുകളിലേയും വിഭാഗങ്ങളിലേയും ഇൻസ്പെക്ടർമാരും സിവിൽ പോലീസ് ഓഫീസറുമടക്കം 40തോളം അംഗങ്ങളാണ് ഇതിലുള്ളത്.
ഇവർ നടത്തിയ സൈബർ പട്രോളിംഗിന്റെ ഭാഗമായാണ് ജില്ലയിൽ നിരവധി പേർക്കെതിരെ കേസെടുത്തത്. ജില്ലയിലെ പാർട്ടികളുടെയും സംഘടനകളുടെയും സൈബർ പോരാളികളും കർശന നിരീക്ഷണത്തിലാണ്.
മതസ്പർധ വളർത്തുന്നവർ മാത്രമല്ല, പോസ്റ്റ് ലൈക്ക് ചെയ്യുന്നവർക്കെതിരെയും കമന്റിടുന്നവർക്കെതിരെയും പോലീസ് കേസെടുക്കും. പോസ്റ്റ് ഡിലീറ്റ് ചെയ്താലും ഫോറൻസിക് പരിശോധനയ്ക്ക് കണ്ടെത്താനാകുമെന്നതിനാൽ കുറ്റകൃത്യത്തിന്റെ കാഠിന്യം കുറയില്ലെന്ന് പോലീസ് പറഞ്ഞു.
കാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറിക്കേതിരേ കേസ്
കൂത്തുപറമ്പ്: ഹിന്ദു ഐക്യവേദി നേതാവ് വത്സൻ തില്ലങ്കേരിയുടെ പ്രസംഗം സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത് പ്രകോപനവും കലാപവും ഉണ്ടാക്കാൻ ശ്രമിച്ചുവെന്ന കേസിൽ കാമ്പസ് ഫ്രണ്ട് സംസ്ഥാന നേതാവിനെതിരെ പോലീസ് കേസെടുത്തു.
കാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി.എം.മുഹമ്മദ് റിഫ എന്നയാൾക്കെതിരെയാണ് കൂത്തുപറമ്പ് പോലീസ് കേസെടുത്തത്.ഈയിടെ ആലപ്പുഴയിൽ വെച്ച് നടന്ന വത്സൻ തില്ലങ്കേരിയുടെ പ്രസംഗം ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത് സമൂഹത്തിൽ പ്രകോപനം ഉണ്ടാക്കിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പോലീസ് നടപടി.
മാലൂർ വെമ്പടി തട്ടിലാണ് ഇയാൾ താമസമെങ്കിലും നീർവേലിയിലെ തറവാട്ട് വീട്ടിന്റെ മേൽവിലാസത്തിലാണ് ഫേസ്ബുക്കിലെ മേൽവിലാസം എന്നതിനാലാണ് കൂത്തുപറമ്പ് പോലീസ് കേസെടുത്തത്.