അഭിനയ മികവിന് നിരവധി അവാര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുള്ള നടിയാണ് പാര്‍വതി. അതുപോലെതന്നെ സ്വന്തം അഭിപ്രായങ്ങളും താത്പര്യങ്ങളും എവിടെയും തുറന്നു പറയാനും തനിക്ക് മടിയില്ലെന്ന് പാര്‍വതി പലപ്പോഴായി തെളിയിച്ചിട്ടുള്ളതുമാണ്. ഇങ്ങനെയൊക്കെയാണെങ്കിലും നിലവില്‍ പാര്‍വതിയ്ക്ക് ആരാധകരേക്കാള്‍ കൂടുതല്‍ വിമര്ശകരാണുള്ളത് എന്ന് പറയേണ്ടി വരും. പാര്‍വതിയുടെ ചില നിലപാടുകള്‍ തന്നെയാണ് അതിന് കാരണമാവുന്നതും. പാര്‍വതിയുടെ ഒട്ടുമിക്ക പ്രസ്താവനകളും വിവാദങ്ങളായി പരിണമിക്കുകയാണ് പതിവ്. തിരുവനന്തപുരത്ത് നടന്നുവരുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയോടനുബന്ധിച്ചുള്ള ഓപ്പണ്‍ ഫോറത്തില്‍ പാര്‍വതി നടത്തിയ ചില പ്രസ്താവനകളാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.
വളരെ അപ്രതീക്ഷിതമായി കസബ എന്ന സിനിമ തനിക്ക് കാണേണ്ടി വന്നെന്നും എന്നാല്‍ അതില്‍ ഒരു മഹാനടന് അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം സ്ത്രീകളെക്കുറിച്ച് വളരെ മോശമായി അതില്‍ സംസാരിക്കുന്നുണ്ടെന്നും അത് അത്യന്തം വേദനാജനകമാണെന്നുമാണ് പാര്‍വതി പറഞ്ഞത്. ഇദ്ദേഹത്തെപ്പോലൊരു മഹാനടന് പറയുമ്പോള്‍ ആളുകളുടെ മനസിലേയ്ക്ക് അത്തരം കാര്യങ്ങള്‍ പെട്ടെന്ന് പതിയുമെന്നും അത് വളരെ അപകടകരമാണെന്നും പാര്‍വതി കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. പാര്‍വതിയുടെ ആ വാക്കുകള്‍ പ്രമുഖ ഓണ്‍ലൈന്‍ സൈറ്റുകളടക്കമുള്ളവയില് വാര്‍ത്തയാവുകയും അവ പുറത്തുവന്നതോടെ സോഷ്യല്‍മീഡിയയില്‍ അവര്‍ക്കെതിരെ പ്രതിഷേധം ശക്തമാവുകയും ചെയ്തിരിക്കുകയാണ്.
പ്രതിഭ തെളിയിച്ചിട്ടുള്ള നടന്മാരെയും സംവിധായകരെയും വിമര്‍ശിക്കാന്‍ താങ്കള്‍ ആരാണെന്നും ഒന്നോ രണ്ടോ അവാര്‍ഡുകള്‍ കിട്ടിയതിന്റെ അഹങ്കാരമാണോ കാണിക്കുന്നതെന്നും ചോദിച്ചുകൊണ്ടാണ് പലരും രംഗത്തെത്തിയിരിക്കുന്നത്. ഐഎഫ്എഫ്കെയില് ദേശീയ അവാര്‍ഡ് ജേതാവായ നടി സുരഭി ലക്ഷ്മിയെ ക്ഷണിക്കാത്ത വിഷയത്തില്‍ യാതൊരു അഭിപ്രായപ്രകടനവും നടത്താത്തവര്് ഇത്തരം വിഷയങ്ങളില്‍ അഭിപ്രായം നടത്തുന്നത് വളരെ മോശമാണെന്നും ആളുകള്‍ അഭിപ്രായപ്പെടുന്നുണ്ട്. തന്റെ ജീവിതത്തില്‍ ഒരു വൃത്തികെട്ട പ്രണയബന്ധമുണ്ടായിരുന്നതിനെക്കുറിച്ചും അത് തുടരേണ്ടി വന്നതിന്റെ കാരണത്തെക്കുറിച്ചും പാര്‍വതി ഓപ്പണ്‍ ഫോറത്തിലൂടെ തന്നെ വെളിപ്പെടുത്തിയിരുന്നു. ആ വാര്‍ത്ത പുറത്തുവന്നപ്പോഴും പാര്‍വതിയെ വിമര്‍ശിച്ചുകൊണ്ടാണ് പ്രേക്ഷകര്‍ രംഗത്തെത്തിയത്. സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മ എന്ന രീതിയില്‍ വിമന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടന തുടങ്ങിയപ്പോഴും പാര്‍വതിയടക്കമുള്ള നിരവധി നടിമാര്‍ക്കെതിരെ സിനിമയ്ക്കകത്തും പുറത്തും നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഐഎഫ്എഫ്കെയിലെ വിവാദ പ്രസ്താവന കൂടിയായപ്പോള്‍ പൂര്‍ത്തിയായി എന്നുവേണം പറയാന്‍.