രാഷ്ട്രപതിയായ ശേഷം രാംനാഥ് കോവിന്ദ് ആദ്യമായി കേരളത്തിലെത്തിയത് വന്‍ വാര്‍ത്തയായിരുന്നു. രാംനാഥ് കോവിന്ദ് വിമാനത്തില്‍ നിന്നറങ്ങിയതും മഴയെത്തിയതും ഒന്നിച്ചായിരുന്നു. മഴയെ വകവയ്ക്കാതെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച് വ്യത്യസ്തനായ രാഷ്ട്രപതിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതോടൊപ്പം വിമാനത്താവളത്തിലെ മറ്റൊരു ചിത്രവും ശ്രദ്ധേയമാവുകയാണ്. വിമാനത്താവളത്തില്‍ പെയ്ത മഴയില്‍ ജില്ലാ കളക്ടറെ നനയിക്കാതിരിക്കാന്‍ ഉദ്യോഗസ്ഥന് കുടപിടിച്ചു കൊടുക്കുന്നതിന്റേയും ഒപ്പമുള്ള മേയര്‍ സ്വയം കുടപിടിച്ചു വരുന്നതിന്റേയുമാണ് ആ ചിത്രം. ഉദ്യോഗസ്ഥരുടെ അഹങ്കാരമായി ചിലര്‍ അതിനെ ചിത്രീകരിക്കുമ്പോള്‍ നമ്മുടെ സര്‍വ്വീസ് ചട്ടങ്ങള്‍ കാലോചിതമായി പരിഷ്ക്കരിക്കേണ്ടതിന്റെ ആവശ്യകതയാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രം ട്രോള്‍ ചെയ്യപ്പെടുന്നത് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടേയും കുടുംബത്തിന്റേയും ചിത്രവുമായി താരതമ്യം ചെയ്തുകൊണ്ടു കൂടിയാണെന്നതും ശ്രദ്ധേയമാണ്.
രാഷ്ട്രപതി തിരുവനന്തപുരത്ത് വിമാനമിറങ്ങിയപ്പോള്‍ ചെറുതായി മഴ പെയ്തു തുടങ്ങിയിരുന്നു. ഒപ്പമുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന് കുട ചൂടി. എയര്‍ഫോഴ്സ് ടെക്നിക്കല്‍ ഏരിയയില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കുമ്പോഴും മഴ തുടര്‍ന്നു. ഈ സമയം കുടചൂടിയ്ക്കാന് ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും രാഷ്ട്രപതി നിരുത്സാഹപ്പെടുത്തി തിരിച്ചയയ്ക്കുകയായിരുന്നു. മഴ വകവെയ്ക്കാതെയാണ് സൈന്യം നല്കിയ ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ച് അദ്ദേഹം അഭിവാദ്യം സ്വീകരിച്ചത്. മന്ത്രിമാരും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘത്തോടൊപ്പമായിരുന്നു കളക്ടര്‍ വാസുകിയും മേയര്‍ പ്രശാന്തുമൊക്കെ. വരവേല്‍പ്പു കഴിഞ്ഞ് രാഷ്ട്രപതി ഹെലികോപ്റററില്‍ കായംകുളത്തേയ്ക്ക് തിരിച്ചതിനു ശേഷം ഇവര്‍ തിരിച്ചു വരുമ്പോഴുള്ളതാണ് വിവാദമായ ചിത്രം.
ഇത്തരം ഉദ്യോഗസ്ഥമനോഭാവങ്ങള് മാറേണ്ടതാണെന്നും ലോകത്തിലെ തന്നെ ഏറ്റവും ശക്തനായ ഭരണാധികാരിയായ അമേരിക്കന്‍ പ്രസിഡന്റു പോലും സ്വയം കുടപിടിക്കാന്‍ മനസ്സു കാണിക്കുമ്പോള്‍ ഉന്നത പദവിയിലുള്ളവര്‍ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ഇത്തരം സ്വാര്‍ത്ഥതയ്ക്കും അല്‍പ്പത്തരത്തിനും ആരും മുതിരരുതെന്നുമാണ് ആളുകള്‍ പ്രതികരിക്കുന്നത്. ആ കുട വാങ്ങി സ്വയം പിടിക്കാനുള്ള ഉന്നതവും വിശാലവുമായ മനസ്സു കാണിച്ച് വളര്‍ന്നു വരുന്ന തലമുറയ്ക്കുകൂടി മാതൃകയാവുകയായിരുന്നു ഒരു സ്ത്രീ കൂടിയായ കളക്ടര്‍ ചെയ്യേണ്ടിയിരുന്നതെന്നാണ് സോഷ്യല്‍മീഡിയ അവകാശപ്പെടുന്നത്.