ഇലന്തൂർ: നവമാധ്യമങ്ങളാകും വരും കാലങ്ങളിൽ ഏറ്റവും കൂടുതൽ കുറ്റവാളികളെ സൃഷ്ടിക്കുകയെന്ന് മുൻ ജില്ലാ പോലീസ് മേധാവി ജേക്കബ് ജോബ്. ഇലന്തൂർ നാട്ടൊരുമ സംഘടിപ്പിച്ച അവധിക്കാല പഠന കളരി ഉദ്ഘാടനം ചെയ്ത് സൈബർ ലോകത്തെ ചതിക്കുഴികൾ എന്ന വിഷയത്തിൽ കുട്ടികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. നവമാധ്യമങ്ങൾ ബോംബാണ്.
അതിൽ നന്മയും തിന്മയുമുണ്ട്. തിന്മയുടെ വശമാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ അത് അപകടകരമാണ്. നിഷ്കളങ്കരായ കുഞ്ഞുങ്ങൾ ഈ ചതിക്കുഴികളിൽ വീഴാം. കേരളത്തിൽ ആത്മഹത്യ വർധിക്കാനുള്ള ഒരു പ്രധാന കാരണം ഇത്തരം മാധ്യമങ്ങളാണ്. പരസ്പരം പരിചയമില്ലാത്തവർ തമ്മിലുള്ള ചാറ്റിംഗിലൂടെ പരിചയപ്പെട്ട് പ്രണയ ബന്ധരാകുകയും പിന്നീട് തിരിച്ചറിയുകയും ചതിക്കുഴിയിൽപെടുകയും ചെയ്യുമ്പോൾ ആത്മഹത്യയുടെ വഴിതേടുന്നവർ ഏറെയുണ്ട്.
കരുതലോടെ ഇലക്ട്രോണിക് മാധ്യമങ്ങൾ കൈകാര്യം ചെയ്യണമെന്നും അദ്ദേഹം കുട്ടികളെ ഉപദേശിച്ചു. നാട്ടൊരുമ പ്രസിഡന്റ് സാം ചെമ്പകത്തിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.എസ്. സുനിൽ കുമാർ, ട്രഷറർ സജി വർഗീസ്, രക്ഷാധികാരികളായ കെ. അശോക് കുമാർ, ഡോ. വി.ആർ. വിജയകൃഷ്ണൻ, ഗ്രാമപഞ്ചായത്തംഗം കെ. പി. മുകുന്ദൻ, മനോജ് ഇ. തോമസ്, ക്യാമ്പ് ഡയറക്ടർമാരായ സിബി ഇലന്തൂർ, ശ്രീരാജ് ചന്ദനപ്പള്ളിൽ, അനീഷ് പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു.
ഗോപിനാഥ് മറുകര, പി.കെ. സുശീൽ കുമാർ എന്നിവരുടെ ക്ളാസും മനോജ് സുനിയുടെ തീയറ്റർ ഷോയും കെ. അശോക് കുമാർ, ദിലീപ് കുമാർ എന്നിവരുടെ നാടൻപാട്ടും പഠന കളരിയെ ഏറെ ഹൃദ്യമാക്കി.