പാലക്കാട്: സമൂഹ മാധ്യമങ്ങളിലൂടെ ഹർത്താൽ ആഹ്വാനം ചെയ്ത സംഭവത്തിൽ പ്രതിക്ക് കോടതി പിഴശിക്ഷ വിധിച്ചു. മണ്ണാർക്കാട് സ്വദേശി നൗഫലിനെയാണ് മജിസ്ട്രേറ്റ് 20,200 രൂപ പിഴ ശിക്ഷയ്ക്കു ശിക്ഷിച്ചത്.
ഹർത്താലിന് സോഷ്യൽ മീഡിയ വഴി ആഹ്വാനം നൽകിയ സംഭവത്തിൽ സംസ്ഥാനത്ത് ഒരു പ്രതിക്കെതിരെ കോടതി ശിക്ഷ വിധിക്കുന്നത് ഇതാദ്യമാണ്. കാഷ്മീർ കത്വ സ്വദേശിയായ ബാലികയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സമൂഹമാധ്യമങ്ങളുടെ കൂട്ടായ്മയിൽ കഴിഞ്ഞ ഏപ്രിൽ പതിനാറിനാണ് സംസ്ഥാനത്ത് അപ്രതീക്ഷിത ഹർത്താൽ നടന്നത്. സംഭവത്തിൽ മണ്ണാർക്കാട് 47 പേർക്കെതിരെയാണ് കേസെടുത്തത്.
നിയമവിരുദ്ധമായ സംഘം ചേരൽ ഉൾപ്പെടെ 143, 147, 283, 149 എന്നീ വകുപ്പുകളാണ് പ്രതികൾക്കുമേൽ ചുമത്തിയിട്ടുള്ളത്. കുറ്റം സമ്മതിച്ചതോടെയാണ് നൗഫലിനെതിരേ വിധി വന്നത്. 46 പേർക്കെതിരേ വിചാരണ തുടരും.