സ്വന്തംലേഖകന്‍
കോഴിക്കോട്: സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന അപകീര്‍ത്തിപരമായ പരാമര്‍ശങ്ങളില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ഡിജിപിയുടെ നിര്‍ദേശം. ക്രിമിനല്‍ നടപടികൾ പോലീസിന് സ്വമേധയാ സ്വീകരിക്കാമെന്നും കോടതിയുടെ അനുമതി ഇക്കാര്യത്തിലുണ്ടെന്നും ഡിജിപി ലോക്നാഥ് ബെഹ്റ എല്ലാ സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ക്കും അയച്ച സര്‍ക്കുലറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പരാതി ലഭിച്ചിട്ടും അന്വേഷിക്കാത്ത പോലീസുദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും ഉത്തരവിലുണ്ട്.
മതവിദ്വേഷം, വ്യക്തിഹത്യ, ഭീഷണിപ്പെടുത്തല്‍, അക്രമത്തിന് ആഹ്വാനം, രാജ്യദ്രോഹം, അപകീര്‍ത്തി തുടങ്ങിയ പരാമര്‍ശങ്ങൾക്കും മതത്തിന്റെയും ജാതിയുടേയും ദേശത്തിന്റെയും ഭാഷയുടേയും ലിംഗഭേദത്തിന്റെയും അടിസ്ഥാനത്തില്‍ വ്യക്തികള്‍ക്കെതിരേയുള്ള പരാമര്ശങ്ങൾക്കുമെതിരേ കോടതിയുടെ മുന്‍കൂട്ടിയുള്ള അനുമതി വാങ്ങാതെ കേസെടുക്കാമെന്നാണ് സര്‍ക്കുലറിലുള്ളത്. ഏതെങ്കിലും രീതിയില്‍ സമൂഹമാധ്യമം വഴിയുള്ള പരാതികള്‍ പോലീസിന് ലഭിച്ചാല്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് കോടതി നിര്‍ദേശമുണ്ട്.
പ്രതിയെ കണ്ടെത്തിയാൽ നിയമപരമായി നേരിടേണ്ടിവരുന്ന നടപടികളെ കുറിച്ച് പോലീസ് ബോധവത്കരിക്കണം. ക്രിമിനല്‍ കേസാണ് രജിസ്റ്റര്‍ ചെയ്യുന്നതെങ്കിൽ തുടര്‍ന്നുള്ള നടപടികൾ കാലതാമസമില്ലാതെ സ്വീകരിക്കണം. അല്ലാത്തപക്ഷം പ്രശ്നങ്ങള്‍ തടയുന്നതിനുള്ള ഉചിതമായ നടപടി പോലീസ് സ്വീകരിക്കണമെന്നും ഡിജിപിയുടെ ഉത്തരവിലുണ്ട്.