കണ്ണൂർ: സോഷ്യൽ മീഡിയയിൽ കെണിയൊരുക്കി യുവാക്കളെ ബന്ദിയാക്കി തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മുഖ്യസൂത്രധാരനെ തേടി പോലീസ്. സംഭവത്തിൽ നാലുപേരാണ് അറസ്റ്റിലായത്. ഇന്നലെ അറസ്റ്റിലായ അലവിൽ സുന്ദരാലയത്തിൽ ജിതിൻ (31), ചാലാട് സ്മിത ക്വാർട്ടേഴ്സിൽ പി. അരുൺ (27) എന്നിവരെ ഇന്നു കോടതിയിൽ ഹാജരാക്കും. കണ്ണൂർ ടൗൺ എസ്ഐ എൻ. പ്രജീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച പുലർച്ചെയാണ് യുവാക്കളെ ബന്ദിയാക്കിയ അഞ്ചംഗസംഘത്തിലെ രണ്ടുപേരെ പോലീസ് സാഹസികമായി പിന്തുടർന്നു പിടികൂടിയത്.കണ്ണൂർ സിറ്റിയിലെ ജിതിൻ (27), ചാലാട് സ്വദേശി സാഡ് (24) എന്നിവരെയാണ് പോലീസ് പിടികൂടിയത്. കയ്യൂർ ഉദയഗിരി സ്വദേശികളും സുഹൃത്തുക്കളുമായ പ്രണവ് രാധാകൃഷ്ണൻ (22), അമർനാഥ് (24) എന്നിവരെയാണ് ബന്ദിയാക്കിയത്.
സുഹൃത്തിനെ കാണാൻ കാറിലെത്തിയ യുവാക്കൾ കണ്ണൂർ കവിത തിയേറ്ററിനുമുന്നിൽ കാർ നിർത്തി കാത്തുനിൽക്കുന്നതിനിടെ ഇവരെ ചോദ്യംചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. നിങ്ങൾ സ്ത്രീകളെ കാണാൻ ഇവിടെ എത്തിയതാണെന്നും അല്ലാതെ കയ്യൂരിൽനിന്ന് ഇവിടെ വരേണ്ട ആവശ്യമില്ലെന്നും നാലംഗം സംഘം പറഞ്ഞു.
തുടർന്ന് ഇരുവരെയും ബലമായി പിടിച്ച് കാറിനകത്തു കയറ്റുകയും കാർ പയ്യാന്പലം ഭാഗത്തേക്ക് ഓടിച്ചുപോകുകയും ചെയ്തു. തുടർന്ന് ഇവരുടെ മൊബൈൽഫോണുകളും പണവും ബലമായി പിടിച്ചുവാങ്ങി. പിന്നീട് ബന്ധുക്കളെ വിളിച്ച് രണ്ടുലക്ഷം വേണമെന്ന് ആവശ്യപ്പെട്ടു.
കാർ പുതിയതെരു ഭാഗത്തേക്ക് അതിവേഗതയിൽ ഓടിച്ചുപോകുകയും ചെയ്തു. ഇതിനിടെ അമർനാഥ് തന്റെ കൈയിലുണ്ടായിരുന്ന മറ്റൊരു ഫോൺ ഉപയോഗിച്ച് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ടൗൺ എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ പിന്തുടർന്നു പിടികൂടുകയായിരുന്നു.
ഫെയ്സ്ബുക്കിലും മറ്റു സാമൂഹിക മാധ്യമങ്ങളിലും വ്യാജ പ്രൊഫൈലുണ്ടാക്കി ആളുകളെ കെണിയിൽ വീഴ്ത്തുന്ന സംഘത്തിൽപെട്ടവരാണ് പിടിയിലായത്. കണ്ണൂർ നഗരത്തിലുള്ള യുവാവാണ് മുഖ്യ സൂത്രധാരൻ. ആളുകളെ കെണിയിൽ വീഴ്ത്തിയ ശേഷം ആക്രമിച്ച് ഭീഷണിപ്പെടുത്തിയും പണം പിണുങ്ങുകയുമാണ് ഇവരുടെ രീതി.